പൊതുപ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയാണ് ഫാമിലെ വളര്‍ത്തുമൃഗങ്ങളോടും കെ.ടി.ബിനുവെന്ന രാഷ്ട്രീയക്കാരന്‍ പുലര്‍ത്തുന്നത്. പെരുവന്താനം പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോള്‍ ഇടുക്കി ജില്ലാ പഞ്ചായത്തംഗവുമായ മുണ്ടക്കയം 35-ാം മൈല്‍ കട്ടത്തറയില്‍ കെ.ടി.ബിനുവാണ് വളര്‍ത്തുമൃഗങ്ങളെ അരുമയായി പരിപാലിക്കുന്നത്. ഫാമിലെ പശു, കരിങ്കോഴി, മീനുകള്‍ എന്നിവയെയാണ് ശാസ്ത്രീയമായി പരിപാലിക്കുന്നത്.

റബ്ബര്‍ത്തോട്ടത്തിലെ വരുമാനം നഷ്ടമായതോടെയാണ് ഫാമെന്ന ആശയം വരുന്നത്. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച പശുഫാമിനോടുചേര്‍ന്ന് കൂട് നിര്‍മിച്ച് പതിനഞ്ച് കരിങ്കോഴികളെ വളര്‍ത്താന്‍ തുടങ്ങി. കൂടുകളുടെ എണ്ണം നാലായി ഉയര്‍ത്തിയതോടെ കരിങ്കോഴികളുടെ എണ്ണം 250-ലെത്തി. കൃഷിയില്‍നിന്നുള്ള വരുമാനത്തേക്കാള്‍ കോഴിവളര്‍ത്തലാണ് ലാഭകരമെന്ന് ബിനു ഉറപ്പിക്കുന്നു. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും വീട്ടില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള പൂവഞ്ചിയിലെ ഫാമില്‍ ദിവസവുമെത്തി ഇവയെ പരിപാലിക്കും. ഭാര്യ ജിജിയും ഒപ്പമുണ്ടാകും.

ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ചാണ് മുട്ട വിരിയിക്കുന്നത്. വിരിഞ്ഞ് ഒരാഴ്ച പ്രായമാകുന്നതോടെ കൂടുകളിലേക്ക് കുഞ്ഞുങ്ങളെ തുറന്നുവിടും. കോഴിക്കും മുട്ടയ്ക്കും ഔഷധഗുണമേന്മയേറെയുള്ളതിനാല്‍ ആവശ്യക്കാരും ഏറെയാണ്. മുട്ടകള്‍ ജൈവ മാര്‍ക്കറ്റിലേക്കാണ് നല്‍കുന്നത്. 20 രൂപമുതല്‍ 25 രൂപവരെ ലഭിക്കും. 2000 രൂപയോളമാണ് പ്രതിവാരം തീറ്റയ്ക്ക് മാത്രം ചെലവഴിക്കുന്നത്. പത്ത് നാടന്‍പശുക്കളുമുണ്ട്. തൊഴുത്തിന് സമീപം പടുതാക്കുളങ്ങള്‍ നിര്‍മിച്ച് വിവിധയിനം മീനും വളര്‍ത്തുന്നുണ്ട്. നൂറോളം തേനിച്ചപ്പെട്ടികളിലായി ചെറുതേനീച്ചകളെയും വളര്‍ത്തുന്നു.

Content Highlights: Karinkozhi farming peruvanthanam