സമ്മിശ്ര കൃഷിയില്‍ നൂറു മേനി കൊയ്യുന്ന ചാരിതാര്‍ഥ്യത്തിലാണ് കുറ്റ്യാടിക്കടുത്ത മരുതോങ്കരയിലെ കൈതക്കുളത്ത് കെ. ടി. ഫ്രാന്‍സിസ്. ഫ്രാന്‍സിസിന്റെ വീടിനോട് ചേര്‍ന്ന മൂന്നേക്കര്‍ സ്ഥലത്ത് കാര്‍ഷിക, നാണ്യ  വിളകള്‍ മാത്രമല്ല, വിവിധ ഇനം പഴ വര്‍ഗങ്ങള്‍ , പശു, ആട്, താറാവ്, കോഴി, മത്സ്യം, തേനീച്ച എന്നിവയൊക്കെ മണ്ണിന്നും, മനസ്സിന്നും കുളിര്‍മയേകി നിറഞ്ഞു നില്‍ക്കുന്നു. 

തെങ്ങ്, കവുങ്ങ്, സുഗന്ധ വിളകള്‍, കൊക്കൊ, കാപ്പി, വിവിധ കിഴങ്ങ് വര്‍ഗങ്ങള്‍ , കുരുമുളക്, ഔഷധച്ചെടികള്‍ എന്നിവയൊക്കെ ഇടകലര്‍ന്നുള്ള കൃഷി രീതിയാണ് ഇദ്ദേഹത്തിന്റേത്.  തെങ്ങുകളില്‍ കൂടുതലും കുറ്റ്യാടി വെസ്റ്റ് കോസ്റ്റ് ടാള്‍ ഇനമാണ്. കേരശ്രീ, മലേഷ്യന്‍ കുറിയ ഇനം, ആന്ധ്ര സങ്കണ്ണി എന്നിവയുമുണ്ട്. മൂന്നു വര്‍ഷം മുമ്പുണ്ടായ റബര്‍ വിലയിടിവിനെ തുടര്‍ന്ന് അവയെല്ലാം  വെട്ടി മാറ്റിയാണ്  ഫ്രാന്‍സിസ് സമ്മിശ്ര കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. മൂന്നു വര്‍ഷത്തിന്നു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ നേട്ടങ്ങള്‍ മാത്രമാണ് ഇയാള്‍ക്ക് പറയാനുള്ളത്. തെങ്ങ്, കവുങ്ങ് കൃഷികളില്‍  നിന്നു മാത്രം പ്രതിവര്‍ഷം ആറ് ലക്ഷം രൂപ വരുമാനം കിട്ടുന്നതായി ഫ്രാന്‍സിസ് പറയുന്നു. 

കസ്തൂരി മഞ്ഞള്‍, വരദ ഇഞ്ചി, പ്രതിഭ മഞ്ഞള്‍ എന്നിവയക്കു പുറമെ ചേമ്പ്, ചേന, കപ്പ, കൂവ, കാച്ചില്‍, കൂര്‍ക്ക, പച്ച മുളക, കാന്താരി മുളക് എന്നിവയും കൃഷി ചെയ്യുന്നു. വെറ്റിലക്കൊടി, ഏലം,വനില എന്നീ കൃഷികളുമുണ്ട്. ഫാഷന്‍ ഫ്രൂട്ട്, കരംബോള, നോനി, പുലസാന്‍, ദുരിയന്‍, ഓറഞ്ച്, മുന്തിരി, വിവിധ ഇനം പേരയ്ക്ക, ചാമ്പയക്ക അങ്ങനെ നീളുന്നു പഴവര്‍ഗങ്ങളുടെ പട്ടിക. റെഡ് ലേഡി പപ്പായയാണ് മറ്റൊരു താരം. ഇത്തരം 40 പപ്പായ മരങ്ങളില്‍ നിന്ന് പതിനായിരം രൂപയാണ് വരുമാനം. നല്ല കായ്ഫലമുള്ള വിശ്വശ്രീ ഉള്‍പ്പെടെയുള്ള 125 ജാതിമരങ്ങളുമുണ്ട്. തന്റെ മൂന്നേക്കര്‍ കൃഷിയിടത്തില്‍  ഇദ്ദേഹം ഒരിഞ്ചു പോലും പാഴാക്കുന്നില്ലെന്ന് ചുരുക്കം. 

മുന്തിയ ജനുസില്‍പെട്ട ആടുകള്‍, പശുക്കള്‍ എന്നീ വളര്‍ത്തു മൃഗങ്ങളുമുണ്ട്. ഇവയ്ക്കാവശ്യമായ തീറ്റപ്പുല്‍ കൃഷി വിളകള്‍ക്കിടയിലും, കയ്യാലപ്പുറത്തുമൊക്കെയായി വളര്‍ത്തുന്നു. ഗ്രാമശ്രീ ഇനത്തില്‍ പെട്ട നാല്‍പ്പത് കോഴികളുമുണ്ട്. താറാവ്, അരയന്നം എന്നിവകളുടെ  കൂടിന് അടി ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ ടാങ്കിലാണ്  മീന്‍ വളര്‍ത്തല്‍. ആവശ്യക്കാര്‍ കൂടുതലുള്ള അസം വാളയാണ് പ്രധാന വളര്‍ത്തു മത്സ്യം. മത്സ്യടാങ്കിലെ മലിന വെള്ളം കൃഷിയിടത്തിലേക്ക് ഒഴുക്കി വിടുന്ന നൂതന രീതിയാണ് ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്. പക്ഷികള്‍, വിവിധയിനം പ്രാവുകള്‍ എന്നിവ വേറെയുമുണ്ട്. ഇവയില്‍ നിന്നൊക്കെ പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍പ്പരം രൂപ വരുമാനം ലഭിക്കുന്നു. 

കൃഷികള്‍ക്കെല്ലാം കോഴിവളം, സ്ലറി, ഗോമൂത്രം, ആട്ടിന്‍ കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്, ജീവാമൃതം, പച്ചില വളം എന്നിവ മാത്രമാണുപയോഗിക്കുന്നതെന്ന്  ഫ്രാന്‍സിസ് പറയുന്നു. നേരം പുലരുന്നതോടെ കൃഷിയിടത്തിലേക്കിറങ്ങുന്ന സ്വഭാവക്കാരനാണ്  വിരമിച്ച ഈ കായികാധ്യാപകന്‍. സംയോജിത കൃഷിയുമായി ബന്ധപ്പെട്ട് ഇതിനകം പല  പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

2015 ലെ മരുതോങ്കര പഞ്ചായത്തിലെ മികച്ച സമ്മിശ്ര കര്‍ഷകനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. 2016, 2017, 2018 വര്‍ഷത്തില്‍ ആത്മ കോഴിക്കോട് മികച്ച സംയോജിത മാതൃക കൃഷിത്തോട്ടമായി തിരഞ്ഞെടുത്തു.

2016-17 വര്‍ഷത്തെ ഹരിത കേരളം പദ്ധതിയില്‍ പഞ്ചായത്തിലെ ഏറ്റവും നല്ല സമ്മിശ്ര കര്‍ഷകനായി ഫ്രാന്‍സിസിനെ തിരഞ്ഞെടുത്തു. 2017 ല്‍ കോഴിക്കോട് ജില്ലയിലെ മികച്ച തെങ്ങധിഷ്ഠിത സുഗന്ധവിള കര്‍ഷകനായി ആദരിച്ചു.

ബാംഗ്‌ളൂര്‍ ആസ്ഥാനമായ സരോജിനി ദാമോദര്‍ ഫൗണ്ടേഷന്റെ  കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചു. 2016-17 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ അവാര്‍ഡിന് കോഴിക്കോട് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2017-18 വര്‍ഷത്തില്‍ കേരള കാര്‍ഷിക വികസന വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്കില്‍ നിന്ന് മികച്ച സമ്മിശ്ര കര്‍ഷകനുള്ള ആത്മ അവാര്‍ഡ് നേടി .

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിത്തുതേങ്ങ സംഭരണം നടത്തുന്നത് കുറ്റ്യാടിയിലായിട്ടും ഇവിടെയുള്ള ഒരു കേരകര്‍ഷകനും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടില്ലെന്നതാണ് വസ്തുത.

Content highlights: Agriculture, Organic farming, Integrated farming

ഫോണ്‍. 9947142849,8086482452.