പ്രഭേ... ആതിരേ... ലക്ഷ്മീ... -ലില്ലി വിളിക്കേണ്ട താമസം തലകുലുക്കി 'ബ്ബേ...' എന്നു മറുപടിവരും. മാനന്തവാടിയില്‍നിന്ന് നാലുകിലോമീറ്റര്‍ മാറി ഒഴക്കോടിയിലെ ലില്ലീസ് ഫാമിലെത്തിയാല്‍ ലില്ലിക്കു പറയാനുള്ളതൊക്കെയും പശുക്കളുടെ വിശേഷമാണ്. രണ്ടുപശുക്കളില്‍നിന്ന് തുടങ്ങി ലില്ലീസ് എന്ന ബ്രാന്‍ഡുവരെയെത്തിയ കഥയും ഇതിനിടയില്‍ കേള്‍ക്കാം.

കൃഷിയില്‍നിന്ന് ഫാമിലേക്ക്

ലില്ലി പശുക്കള്‍ക്കൊപ്പംകൂടിയിട്ട് 30 വര്‍ഷത്തിനുമുകളിലായി. അന്ന് കൃഷിക്കിടയില്‍ രണ്ടുപശുക്കളെ നോക്കാനുള്ള സമയംതന്നെ കഷ്ടി. പക്ഷേ, ഒമ്പതേക്കറിലുണ്ടായിരുന്ന കവുങ്ങും കുരുമുളകും മഹാളിയിലും ദ്രുതവാട്ടത്തിലും ഇല്ലാതായപ്പോള്‍ ലില്ലി തളര്‍ന്നു. കൃഷിയില്ലാതായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 15 പശുക്കളെ വാങ്ങി ലില്ലി ഫാം തുടങ്ങി. ഒരുപാട് കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുംശേഷം തുടങ്ങിയ ഫാമായിരുന്നെങ്കിലും ആദ്യവര്‍ഷങ്ങളില്‍ ലില്ലി വലഞ്ഞു.

പിന്നീട് സമയമെടുത്താണ് പശുപരിപാലനം പഠിച്ചത്. ഫാം നടത്തിയിരുന്നവരോടും ഡോക്ടര്‍മാരോടും ചോദിച്ചും ക്ഷീരകൃഷിയെക്കുറിച്ചുള്ള ക്ലാസുകളില്‍ പങ്കെടുത്തും കാര്യങ്ങള്‍ മനസ്സിലാക്കി. പശുവിന്റെ പ്രസവംമുതല്‍ മരുന്നുണ്ടാക്കാന്‍വരെ ഇപ്പോള്‍ ലില്ലിക്കറിയാം. ആദ്യമൊക്കെ പശുക്കളെ വാങ്ങിയിരുന്നെങ്കിലും പിന്നീട് ഫാമിലുണ്ടാകുന്ന കിടാക്കളില്‍ മികച്ചതിനെ വളര്‍ത്തി. പതിയെ ഫാം വളര്‍ന്നു. ഫാമിനുവേണ്ടിയെടുത്ത വായ്പകള്‍ ഓരോന്നായി അടച്ചുതീര്‍ത്തു. ഫാം തുടങ്ങി 24 വര്‍ഷം കഴിയുമ്പോള്‍ 80 പശുക്കളും 25 കിടാക്കളും ലില്ലീസ് ഫാമില്‍ മേഞ്ഞുനടക്കുന്നുണ്ട്. നാടന്‍ പശുക്കളില്‍നിന്ന് ജേഴ്സി, എഫ്.എച്ച്., ഗിര്‍ എന്ന ഇനങ്ങളിലേക്ക് മാറിയപ്പോള്‍ കൂടുതല്‍ കറവയുണ്ടായി.

പ്രൊഫഷണലാകണം സമീപനം

പശുക്കളെ പരിപാലിക്കുന്നതിനുംമറ്റും ലില്ലിക്ക് കൃത്യമായ സമയക്രമമുണ്ട്. മൂന്നും നാലും നേരം പശുക്കള്‍ക്ക് പുല്ലും തീറ്റയും കൊടുക്കുന്നതിനുപകരം രണ്ടുനേരം പോഷകസമ്പുഷ്ടമായ തീറ്റകൊടുക്കും. ആവശ്യത്തിനനുസരിച്ച് ഫാമിലുണ്ടാകുന്ന പാലിന്റെ അളവ് കൂട്ടാനും കുറയ്ക്കാനുമാകുമെന്നായി. പശുക്കള്‍ക്ക് തീറ്റയ്ക്കാവശ്യമായ പുല്ല് കണ്ടെത്തുകയായിരുന്നു മറ്റൊരു പ്രതിസന്ധി. തോട്ടത്തില്‍ ഇഷ്ടംപോലെ പുല്ലുണ്ടായിരുന്നതുകൊണ്ട് അവിടെനിന്ന് വെട്ടിയെടുക്കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. പക്ഷേ, ദിവസത്തിന്റെ വലിയയൊരു ഭാഗം പുല്ലുചെത്താന്‍ മാത്രമായി നീക്കിവെക്കണമെന്നായി. ഒമ്പതേക്കര്‍ തോട്ടം മുഴുവന്‍ തീറ്റപ്പുല്‍നട്ട് അതും പരിഹരിച്ചു.

പശുക്കള്‍ കൂടിയതോടെ യന്ത്രക്കറവയടക്കമുള്ള സജ്ജീകരണങ്ങളുമായി ഫാമും മുഖംമിനുക്കി. ലില്ലിക്കിന്ന് ദിവസം മുഴുവന്‍ ഫാമില്‍ കഴിച്ചുകൂട്ടേണ്ട. കുടുംബത്തോടൊപ്പം ചെലവഴിക്കാനും സമയമുണ്ട്. മാനന്തവാടി ന്യൂമാന്‍സ് കോളേജ് അധ്യാപകനായിരുന്ന ഭര്‍ത്താവ് എ.വി. മാത്യുവും അഞ്ചുവര്‍ഷംമുമ്പ് ജോലിയില്‍നിന്നിറങ്ങി ലില്ലിയെ സഹായിക്കാന്‍ തുടങ്ങി.

ഫാമില്‍നിന്ന് ബ്രാന്‍ഡിലേക്ക്

ഒരുഘട്ടത്തില്‍ പാലിന് മതിയായ വില ലഭിക്കാതായതോടെ ലില്ലി ഒരിക്കല്‍ക്കൂടി പ്രതിസന്ധിയിലായി. ഇങ്ങനെപോയാല്‍ ഫാം നഷ്ടത്തിലാകുമോയെന്ന് പേടിതുടങ്ങി. അപ്പോഴാണ് കുറെക്കാലമായി കൊണ്ടുനടന്നിരുന്ന ആഗ്രഹമൊന്ന് പൊടിത്തട്ടിയെടുത്തത്-പാലുത്പന്നങ്ങള്‍ നിര്‍മിച്ച് സ്വന്തംനിലയില്‍ വില്‍ക്കുക. വര്‍ഷങ്ങള്‍ക്കുമുമ്പ് പൂക്കോട് വെറ്ററിനറി കോളേജില്‍ പാലുത്പന്നങ്ങള്‍ നിര്‍മിക്കുന്നതുസംബന്ധിച്ച പരിശീലനത്തില്‍ ലില്ലി പങ്കെടുത്തിരുന്നു. കേട്ടപ്പോള്‍ത്തന്നെ വീട്ടുകാര്‍ പിന്തുണച്ചെങ്കിലും ലില്ലിക്ക് പിന്നെയും സംശയമായിരുന്നു. പക്ഷേ, പാലിന് വിലകൂടാതെ വന്നതോടെ ലില്ലി ഉത്പന്നരംഗത്തേക്കുകൂടി ചുവടുവെച്ചു.

മായംചേര്‍ക്കാതെ ശുദ്ധമായ പാലുത്പന്നങ്ങള്‍. വീടിനുമുറ്റത്തുള്ള ഫാമായതുകൊണ്ട് പാലുകറക്കുന്നതിനനുസരിച്ച് തിളപ്പിച്ച് ഉത്പന്നമാക്കി മാറ്റാനാവും. പരീക്ഷണാടിസ്ഥാനത്തില്‍ 50 ലിറ്റര്‍ പാലുപയോഗിച്ച് തൈര്, മോര്, പനീര്‍, നെയ്യ്, വെണ്ണ തുടങ്ങിയവയുണ്ടാക്കി സൊസൈറ്റിയില്‍ വരുന്നവരുടെയും പരിചയക്കാരുടെയുമിടയില്‍ വിറ്റു. വാങ്ങിച്ചവര്‍ പിന്നെയും വന്നു. അവര്‍ പറഞ്ഞറിഞ്ഞ് കൂടുതലാളുകളെത്തി.

ഓണ്‍ലൈനിലുമുണ്ട് ലില്ലീസ്

പാലുത്പന്നനിര്‍മാണം തുടങ്ങി രണ്ടരവര്‍ഷം കഴിയുമ്പോള്‍ 900-1000 ലിറ്റര്‍ പാലുപയോഗിച്ച് ഉത്പന്നങ്ങളുണ്ടാക്കി സ്വയം വിപണികണ്ടെത്തി ലില്ലീസ് എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നുണ്ട്. വയനാടിനുപുറമേ കണ്ണൂരിലും കോഴിക്കോട്ടും വില്‍പ്പനയുണ്ട്. ലില്ലീസിന്റെ നെയ്യ് എറണാകുളത്തും ബെംഗളൂരുവിലും യു.എ.ഇ.യിലും വിപണി കണ്ടെത്തി.ഇതിനിടയില്‍ ക്ഷീരമേഖലയിലെ രണ്ട് സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും ലില്ലിയെത്തേടിയെത്തി. 

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മകന്‍ ടോണിയും സഹായത്തിനെത്തിയതോടെ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലും ലില്ലീസ് ബ്രാന്‍ഡ് ഇടംപിടിച്ചു. വിതരണത്തിലും ഫാമിലും മറ്റുമായി 14 പേര്‍ക്ക് ജോലികൊടുക്കാനും ലില്ലീസിന് സാധിച്ചു. ടോണിയെക്കൂടാതെ മകള്‍ ടെല്‍മിയും കൂടെയുണ്ട്. കൃത്യമായി പഠിച്ചുകഴിഞ്ഞാല്‍ തടസ്സങ്ങളെയും വളര്‍ച്ചയുടെ പടവാക്കി മാറ്റാമെന്ന് ലില്ലി പറയുന്നു. അതുതന്നെയാണ് ലില്ലിയുടെ വിജയമന്ത്രവും.

Content Highlights: Inspiring Story of an amazing Women Entrepreneur from wayanad