ഡ്രാഗണ്‍ എന്നുകേട്ടാല്‍ ആദ്യം ഓര്‍ക്കുക വ്യാളീരൂപമാവും. ശില്പഭംഗിയുള്ള ഈ സുന്ദരഫലത്തെ കണ്ടാല്‍ ആ പ്രശ്നം തീരും. പക്ഷേ, വില കേട്ടാല്‍ വ്യാളിയെ കണ്ടപോലെ ഞെട്ടുകതന്നെ ചെയ്യും, ഒരെണ്ണത്തിന് 75 രൂപ. ഇത്രയും താരമൂല്യമുള്ള ഈ മെക്സിക്കന്‍ പഴം ഇപ്പോള്‍ മലപ്പുറത്തിന്റെ താരമാണ്.

രണ്ടേക്കര്‍ സ്ഥലത്താണ് വറ്റല്ലൂര്‍ പൊരുന്നന്‍പറമ്പിലെ പറമ്പന്‍ ഉമ്മര്‍കുട്ടി ഡ്രാഗണ്‍ പഴക്കൃഷി നടത്തുന്നത്. ഗ്രീന്‍വാലിയെന്നാണ് തോട്ടത്തിന്റെ പേര്. കൗതുകത്തിന് പലരും നട്ടുവളര്‍ത്തുന്നുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഇത്രയും വലിയ കൃഷി ആദ്യമാണ്.

എട്ടുവര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്നുവന്ന് പല കൃഷികളും ചെയ്തതിനുശേഷമാണ് ഉമ്മര്‍ ഡ്രാഗണിലേക്ക് തിരിയുന്നത്. മരുഭൂമിയില്‍ വളരുന്ന ഈ സുന്ദരന്‍ കേരളത്തിന്റെ കാലാവസ്ഥയിലും യഥേഷ്ടം വളരുമെന്ന് വൈകാതെ തെളിയിച്ചു. 65 ഓളം ഇനങ്ങളുള്ള ഡ്രാഗന്റെ 15 രാജ്യങ്ങളിലെ ഇനങ്ങള്‍ ഉമ്മറിന്റെ കൈയിലുണ്ട്.

നല്ലൊരു ആന്റി ഓക്സിഡന്റായ ഇതില്‍ വിവിധ വൈറ്റമിനുകള്‍ക്ക് പുറമെ കാല്‍സ്യം, പ്രോട്ടീന്‍, സോഡിയം എന്നിവയും സമൃദ്ധമായി നാരുകളുമുണ്ട്. മധുരം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. മികച്ച ഊര്‍ജ്ജദായിനിയാണ്. ഒറ്റത്തവണ നട്ടാല്‍ 25 വര്‍ഷത്തോളം ആയുസ്സുണ്ടെന്നതും ആകര്‍ഷണീയതയാണ്. ആഴ്ചയില്‍ രണ്ടുതവണ മാത്രം നനച്ചുകൊടുത്താല്‍ മതിയെന്നതുകൊണ്ട് വെള്ളക്ഷാമമുള്ളിടത്തും കൃഷി ചെയ്യാം.

കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലും ഈ പഴക്കൃഷിയുണ്ട്. കേരളത്തിലേക്ക് വരുന്നത് വിയറ്റ്നാമില്‍നിന്നാണ്. മാര്‍ച്ച് അവസാനത്തോടെ പൂവിടും. 28 ദിവസംകൊണ്ട് പഴം പൂര്‍ണവളര്‍ച്ചയെത്തും. ഒക്ടോബര്‍വരെ ഫലം തരും. ചുവപ്പ്, മഞ്ഞ, വെള്ള, വയലറ്റ് തുടങ്ങിയ നിറങ്ങളിലൊക്കെ പഴങ്ങള്‍ ലഭ്യമാണ്. മഞ്ഞയ്ക്ക് മധുരം കൂടും. തിരുവനന്തപുരംമുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും ഡ്രാഗണ്‍ തൈകള്‍ തേടി ഉമ്മറിന്റെ ഫാമിലേക്ക് ആളുകള്‍ വരുന്നുണ്ട്.

പലരും റബ്ബര്‍ ഒഴിവാക്കി ഈ കൃഷി നടത്താന്‍ തുടങ്ങിയതായി ഉമ്മര്‍ പറയുന്നു. ജൈവവളം മാത്രം മതി, കാര്യമായ രോഗങ്ങളും വരുന്നില്ല. പ്രവാസികള്‍ ജോലിയില്ലാതെ തിരിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഒരു ജനപ്രിയ കൃഷിയാക്കി ഇതിനെ മാറ്റുകയാണ് ഉമ്മറിന്റെ ലക്ഷ്യം.

Content Highlights: How this Malappuram farmer got success with dragon fruit plantation