ടെറസ്സില്‍ കൃഷിയുടെ പച്ചപ്പൊരുക്കുന്നവര്‍ ധാരാളം. എന്നാല്‍ അങ്ങനെയൊരു കൃഷിയല്ല വളാഞ്ചേരി അബുദാബിപ്പടിയിലെ ഭഗവതിപ്പറമ്പത്ത് ജാഫര്‍ ബാബുവിന്റെ ടെറസ്സില്‍. അടിമുടി മധുരിക്കുന്ന ഈ മേല്‍ക്കൂരയ്ക്കുമുകളില്‍ വിളയുന്നത് വ്യത്യസ്തരാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറോളം പഴങ്ങള്‍. 2700 ചതുരശ്ര അടിയുള്ള ഈ ഇരുനിലവീടിന്റെ സണ്‍ഷെയ്ഡിലും ജനാലപ്പടിയിലുമെല്ലാം ഓരോ രാജ്യങ്ങളുടെ മധുരമിരിപ്പുണ്ട്. നഗരങ്ങളില്‍ കൃഷിചെയ്യാന്‍ വേണ്ടത്ര സ്ഥലമില്ലെന്നു വിലപിക്കുന്നവര്‍ ഇവിടെയൊന്നുവരണം. ഗ്രോബാഗിലും കണ്ടെയ്നറുകളിലും ചട്ടികളിലുമൊക്കെയായി വിളഞ്ഞുനില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും കാണണം.

'കൃഷിചെയ്യാനെന്തിനാ കൊറേ സ്ഥലം. ഉള്ള സ്ഥലം ഉപയോഗപ്പെടുത്തണം. അതിലാ മിടുക്ക് ', ടെറസ്സിന്റെ കോണിലും വശങ്ങളിലുമെല്ലാംവെച്ച ചെടികള്‍ ചൂണ്ടി ജാഫര്‍ബാബു പറഞ്ഞു. തുടര്‍ന്ന് ടെറസ്സിലെ ഓരോ ഇനങ്ങളും പരിചയപ്പെടുത്തി: 'ഇത് നം ഡോക് മയി. തായ്ലന്‍ഡില്‍ ഉണ്ടായതെന്നുകരുതുന്ന മാങ്ങ. ലോകത്തെതന്നെ മികച്ച പത്തുമാങ്ങകളിലൊന്നാ ഇത്. നല്ല മധുരമുള്ള ഇനം'

റംസാന്‍ സീസണില്‍ കായ്ക്കുന്ന അറേബ്യന്‍ അത്തിയാണ് മറ്റൊന്ന്. ചട്ടിയില്‍ കായ്ചുനില്‍ക്കുന്നത് പെട്ടെന്നു കായ്ക്കുന്ന വിയറ്റ് നാം സൂപ്പര്‍ ഏര്‍ലി ചക്ക. ലോകത്തിലെ ഏറ്റവും എരിവുള്ള തുര്‍ക്കിമുളകാണ് മറ്റൊരു കണ്ടെയ്നറില്‍. മനില ടെന്നീസ് ബോള്‍ ചെറി, ആറിനം ഡ്രാഗണ്‍ ഫ്രൂട്ട്, ഗോള്‍ഡന്‍ പപ്പായ, സ്റ്റാര്‍ ഫ്രൂട്ട്, സണ്‍ഡ്രോപ്പ്, പലതരം റംബുട്ടാനുകള്‍, ലോംഗനുകള്‍, സ്ട്രോബെറി, വലിപ്പം കൂടിയ വി.എന്‍.ആര്‍. പേര, മുന്തിരിപ്പേര...അങ്ങനെ പോകുന്നു ഇവിടത്തെ 'ഫോറിന്‍മധുരങ്ങള്‍'. ഓരോന്നും പരിചരിക്കേണ്ടതെങ്ങനെയെന്ന് തൈകള്‍ വാങ്ങുന്നിടത്തുനിന്നുതന്നെ ജാഫര്‍ബാബു ചോദിച്ചുമനസ്സിലാക്കും.

agri
വയലറ്റ് മുളക്, ഗോള്‍ഡന്‍ പപ്പായ

എല്ലാം 'ഗ്രീന്‍ 'തന്നെ

രാസവളമോ രാസകീടനാശിനിയോ പ്രയോഗിച്ചുള്ള കൃഷിയില്ല. ആട്ടിന്‍കാഷ്ഠം, ചാണകപ്പൊടി, വാങ്ങാന്‍കിട്ടുന്ന ജൈവവള മിശ്രിതങ്ങള്‍ -ഇവ മാത്രമേ ഇടാറുള്ളൂ. പച്ചക്കറി, ഭക്ഷണം എന്നിവയുടെ അവശിഷ്ടങ്ങള്‍ വളമാക്കിമാറ്റും. ടെറസ്സില്‍ മാത്രമല്ല 17 സെന്റ് വരുന്ന പുരയിടത്തിലുമുണ്ട് പഴങ്ങളും പച്ചക്കറികളും. മരമുന്തിരി എന്നറിയപ്പെടുന്ന ബ്രസീലിയന്‍ പഴമായ ജബോട്ടിക്കാബ പറമ്പിലാണുള്ളത്. ഇത് അടുത്തവര്‍ഷം കായ്ക്കുമെന്നാണ് പ്രതീക്ഷ.

ദിവസവും പറിക്കാന്‍ ഇഷ്ടംപോലെ പഴങ്ങളുണ്ടാകും. പക്ഷേ ഇവയൊന്നും വില്‍ക്കാനല്ല. വീട്ടില്‍ വരുന്നവര്‍ക്ക് തിന്നാന്‍കൊടുക്കും. ജ്യൂസടിക്കാനുമെടുക്കും. അടുക്കളയിലേക്ക് ആവശ്യത്തിനുള്ള പച്ചക്കറിയൊന്നും പുറമേനിന്നുവാങ്ങാറില്ലെന്ന് കൃഷിയിലും ജാഫര്‍ബാബുവിനു കൂട്ടായ ഭാര്യ ജമീല പറഞ്ഞു.

സൗദിയിലായിരുന്നു മുമ്പ് ജാഫര്‍ബാബുവിന് ജോലി. നാലുവര്‍ഷംമുമ്പാണ് ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയത്. പിന്നെ ഇവിടെ ഒരു ആയുര്‍വേദ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. രണ്ടുപേര്‍ക്കും കൃഷി ഒരു 'എന്‍ജോയ്‌മെന്റാ'ണ്. മകന്‍ മുഹമ്മദ് ജംഷീര്‍ അല്‍ -ഐനിലാണ്.

Content Highlights: Following organic method, this man grows fruit garden on terrace