പെരിഞ്ഞനം പനമ്പറമ്പിലുള്ള ടാഗോര്‍ റോഡിന്റെ ഇരു വശത്തേക്കും ഒന്നു കണ്ണോടിച്ചാല്‍ മതി, മനസ്സിലൊരു 'പച്ചപ്പും ഹരിതാഭയും' നിറയ്ക്കാന്‍. ഒരു വശം മുഴുവന്‍ പൊന്നണിഞ്ഞ നെല്‍ക്കതിരുകള്‍. മറുവശത്ത് വെണ്ട, വഴുതന, തുടങ്ങിയ പച്ചക്കറികള്‍. പെരിഞ്ഞനത്തെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കാട്ടില്‍ അനില്‍കുമാര്‍ ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലില്ലാതായതോടെയാണ് കൃഷിയിലേക്കു തിരിയുന്നത്.

വഴിയോരങ്ങള്‍ എപ്പോഴും വൃത്തിയും വെടിപ്പുമായി കിടക്കണമെന്ന ചിന്തയില്‍നിന്ന് തുടങ്ങിയ പുഷ്പകൃഷി പിന്നീട് പച്ചക്കറികൃഷിയിലേയ്ക്ക് മാറിയതോടെയാണ് നാടറിയാന്‍ തുടങ്ങിയത്. ഒഴിവുസമയങ്ങളില്‍ ചീരയും മുളകും നട്ടുതുടങ്ങിയ അനില്‍കുമാറിന്റെ തോട്ടത്തിലിപ്പോള്‍ കൂര്‍ക്കയും മഞ്ഞളും വെണ്ടയും വഴുതനയുമെല്ലാമുണ്ട്. കര്‍ഷകനായ സുഹൃത്തില്‍നിന്ന് ലഭിച്ച ജ്യോതി ഇനത്തില്‍പ്പെട്ട വിത്താണ് അനില്‍കുമാര്‍ റോഡരികില്‍ പരീക്ഷിച്ചത്.

മൂന്നുമാസം മുമ്പ് വിതച്ച വിത്തുകള്‍ മുളച്ച് മൂന്നടിയോളം വീതിയില്‍ 20 മീറ്റര്‍ ഓരത്താണ് 'ജ്യോതി' വിളഞ്ഞുനില്‍ക്കുന്നത്. അടുത്ത മാസം ഇത് വിളവെടുക്കാനാകും. സ്വന്തം കാശുകൊടുത്തു വാങ്ങുന്ന തൈകളും വിത്തുകളുമാണെങ്കിലും ആ പ്രദേശത്തുള്ള ആര്‍ക്ക് വേണമെങ്കിലും വീട്ടാവശ്യത്തിനായി ഫലങ്ങള്‍ പറിച്ചുകൊണ്ടുപോകാമെന്ന് അനില്‍കുമാര്‍ പറയുന്നു.

അയല്‍വാസികള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മാത്രമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നാട് പച്ചപ്പണിയിക്കാന്‍ കഴിയുന്നവരെല്ലാം രംഗത്തുവരണമെന്നും അനില്‍കുമാര്‍ പറയുന്നു. അമ്മ കമലാക്ഷിയും ഭാര്യ ബീനയും മക്കളായ അനഘയും അഭിരാമും അടങ്ങുന്ന കുടുംബവും അനില്‍കുമാറിന് പിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: Driver planted vegetables and paddy on the side of the road