ച്ചവടാവശ്യത്തിനായി 2007-ല്‍ മലേഷ്യയിലേക്കുപോയ ഭരതന്നൂര്‍ തണ്ണിച്ചാല്‍ വൈശാഖത്തില്‍ വിജയന്‍ ജനാര്‍ദനനാണ് പാങ്ങോട് പഞ്ചായത്തില്‍ ആദ്യമായി ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ആരംഭിച്ചത്. പരീക്ഷണം വിജയിച്ചപ്പോള്‍ 2014-ല്‍ അത് ഒരേക്കറിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ 15 ഏക്കറിലാണ് വിജയന്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്യുന്നത്. വിദേശിയായ ഈ പഴം വലിയ ആദായം നല്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഒട്ടേറെപ്പേര്‍ ഈ കൃഷിയിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ്.

വിജയന്റെ ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയുടെ വിജയമാണ് പഞ്ചായത്തിലെ പല കര്‍ഷകരെയും ഈ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. ഡ്രാഗണ്‍ഫ്രൂട്ട് പാങ്ങോട് പഞ്ചായത്തിന്റെ കാര്‍ഷികചരിത്രം മാറ്റിയെഴുതുകയാണ്. ഇവിടെ 50 ഏക്കറിലധികം സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയുണ്ടിപ്പോള്‍. വടക്കന്‍ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലുംനിന്ന് ഒട്ടേറെപ്പേര്‍ പാങ്ങോട് പഞ്ചായത്തിലെ കൃഷിയിടങ്ങളിലെത്തി വിത്തുകള്‍ ശേഖരിക്കുന്നുണ്ട്.

കൃഷിരീതി എളുപ്പമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ശല്യമുണ്ടാകില്ല. റബ്ബറിനെയും തെങ്ങിനെയും അപേക്ഷിച്ച് കൂടുതല്‍ ലാഭം കിട്ടുകയും ചെയ്യും. പുതുതായി ആരംഭിക്കുന്നവര്‍ക്ക് ഹെക്ടറിനു 30,000 രൂപവരെ സബ്സിഡിയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വള്ളികള്‍ കോണ്‍ക്രീറ്റ് കാലുകളില്‍ പടര്‍ന്നുകയറും. പൂക്കള്‍ വിടര്‍ന്ന് ഏകദേശം ഒരു മാസമാകുമ്പോള്‍ കായ്കളാകും. ഏപ്രില്‍ മാസത്തിലെ വേനല്‍മഴയെത്തുടര്‍ന്ന് പൂവിടും.

ഒക്ടോബറിലാണ് വിളവെടുപ്പ്. മൂന്നുവര്‍ഷം പ്രായമായ ഒരു ചെടിയില്‍നിന്ന് 25-ലധികം പഴങ്ങള്‍ ലഭിക്കും. കിലോയ്ക്ക് ഇരുന്നൂറു രൂപവരെ ലഭിക്കും. ഒരു ചെടിക്ക് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ആയുസ്സുണ്ട്. റബ്ബറും കൊക്കോയും ഒക്കെ തഴച്ചുവളര്‍ന്നിരുന്ന മലയോരമേഖലയില്‍ പലരും റബ്ബര്‍ വെട്ടിമാറ്റി ഡ്രാഗണ്‍ഫ്രൂട്ടും റംമ്പൂട്ടാനും കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാര്‍ സഹായങ്ങള്‍ കേന്ദ്രീകൃതമാക്കണം

കേന്ദ്രീകൃത സംഭരണകേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും പ്രവര്‍ത്തന മൂലധനം വായ്പയായി നല്‍കാനും അധികൃതര്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ആദായമുണ്ടാക്കാമെന്നുള്ള ഒരു കൃഷിയാണ് ഡ്രാഗണ്‍ഫ്രൂട്ട്.- വിജയന്‍ ജനാര്‍ദനന്‍, കര്‍ഷകന്‍

ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം

ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയിലേക്ക് കൂടുതല്‍ പേര്‍ വരണമെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം.- എ.അബ്ദുല്‍ഗഫാര്‍, കര്‍ഷകന്‍.

കര്‍ഷകര്‍ക്ക് സഹായം നല്‍കും

ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയിലേക്ക് പുതുതായി വരുന്ന കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങളും ആനുകൂല്യങ്ങളും കൃഷിഭവന്‍ ലഭ്യമാക്കും.- ബഗിതാബന്ധു, കൃഷി ഓഫീസര്‍, പാങ്ങോട്.

Content Highlights: Dragon fruit cultivation in pangode thiruvananthapuram