' പറമ്പ്, എന്തേയിങ്ങനെ കാടുപിടിച്ച് കിടക്കുന്നത്.. ഒന്ന് വെട്ടി വൃത്തിയാക്കിക്കൂടേ? മുരിയാട് പാറേക്കാട്ടുകരയിലെ തന്റെ പുരയിടത്തെച്ചൂണ്ടി ഇങ്ങനെ പറയുന്നവരോട് ടെന്നിസന്‍ ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറയും, 'നിങ്ങളൊന്ന് ശ്രദ്ധിച്ച് നോക്കൂ, ഇതെന്റെ കൃഷിയാണ്'. നാലേക്കറില്‍ വളര്‍ന്നുനില്‍ക്കുന്നത് ഡോക്ടറുടെ കുറുന്തോട്ടികൃഷിയാണെന്ന് അവരപ്പോഴാണറിയുന്നത്.

ആനന്ദപുരത്തെ തണ്ടിയേക്കല്‍ ടെന്നിസന്‍ ചാക്കോയെന്ന ഈ ദന്തഡോക്ടര്‍ക്ക് പാരമ്പര്യമായുള്ള ഭൂമിയില്‍ കൃഷി മുടങ്ങരുതെന്ന് നിര്‍ബന്ധമാണ്. ആയുര്‍വേദ മരുന്നുകളില്‍ ഒഴിച്ചുകൂടാനാവാത്ത കുറുന്തോട്ടിയുടെ വിപണിമൂല്യം അറിഞ്ഞപ്പോഴാണ് വ്യത്യസ്തമായ ഈ കൃഷിയിലേക്കിറങ്ങാന്‍ ടെന്നിസന്‍ തീരുമാനിച്ചത്. മറ്റത്തൂര്‍ ലേബര്‍ സഹകരണസംഘം ഔഷധകൃഷിക്കായി കര്‍ഷകരുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതികളില്‍നിന്നാണ് കുറുന്തോട്ടികൃഷിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്.

കൃഷിക്കുവേണ്ട പിന്തുണയെല്ലാം സംഘത്തില്‍നിന്ന് ലഭ്യമായി. വന്‍കിട ആയുര്‍വേദ കമ്പനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കുറുന്തോട്ടി നല്‍കുന്ന സൊസൈറ്റി, വിത്ത് മുതല്‍ വിപണി വരെയുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുത്തതോടെ കുറുന്തോട്ടിയുടെ വിപണിസാധ്യത ഉറപ്പായി. ഇലയൊഴിച്ചുള്ളതെല്ലാം വില്‍പ്പന നടത്താവുന്ന കുറുന്തോട്ടിക്ക് വിപണിയില്‍ നല്ല വിലയുണ്ട്. 

ജൂണിലാണ് വിത്ത് വിതച്ച് കൃഷിയാരംഭിച്ചത്. ആവശ്യമായ 12 കിലോ കുറുന്തോട്ടിവിത്ത് സൊസൈറ്റിയില്‍നിന്നാണ് ലഭ്യമായത്. സൊസൈറ്റിയുടെ കീഴിലുള്ള മണ്‍സൂണ്‍ ആര്‍മി തൊഴിലാളികള്‍ നിലമൊരുക്കി. വിദഗ്ധപരിശീലനം നേടിയവരാണ് വിത്ത് പാകിയത്. ഇപ്പോള്‍ കുറുന്തോട്ടിച്ചെടികള്‍ വിളവെടുപ്പിന് പാകമായി.

കൃഷിയില്‍ കൗതുകങ്ങളൊരുക്കി

പുതിയ കാലത്തിന്റെ അഭിരുചികളെക്കൂടി കൃഷിയിടത്തില്‍ എത്തിക്കാനാണ് ടെന്നിസണ്‍ ഡോക്ടറുടെ ശ്രമം. മൂന്ന് വര്‍ഷം മുമ്പ് നട്ട നാനൂറിലധികം പ്ലാവുകള്‍ കായ്ക്കാറായി. അറുപത് കടപ്ലാവുകളുമുണ്ട്. പരമ്പരാഗത കര്‍ഷകരായ കുടുംബത്തിന്റെ പ്രധാനകൃഷി വാഴയും ജാതിയും തെങ്ങുമാണ്. 

മാളയില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ ടെന്നിസന്‍ ചാക്കോ നാലുവര്‍ഷം മുമ്പാണ് പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തി കൃഷിയില്‍ സജീവമായത്. ആറേക്കര്‍ സ്ഥലത്തും കൃഷിയില്‍ വൈവിധ്യം ഒരുക്കുകയാണ് ഈ അമ്പതുകാരന്‍. ആയിരത്തിലേറെ നിവേദ്യകദളിവാഴ, ഇരുനൂറ്റമ്പത് മാങ്കോസ്റ്റിന്‍ മരങ്ങള്‍, അറുപത് റമ്പൂട്ടാന്‍...

Content Highlights: Dentist who cultivates Kurumtotti (Sida rhombifolia) at Thrissur