ഇന്റീരിയര്‍ ഡിസൈനിങ്ങാണ് പഠിച്ചതും ചെയ്തിരുന്നതും. ഇപ്പോള്‍ പണി എന്താണെന്നു ചോദിച്ചാല്‍ ചെടിവളര്ത്തല്, അതിനെക്കുറിച്ചുള്ള വര്‍ണനകള്‍, വില്പന ഇങ്ങനെ പോകുന്നു. അതു വഴി നല്ലരീതിയില്‍ വരുമാനവും ഉണ്ടാക്കുന്നു. നിര്‍മല്‍കുമാര്‍ ശ്രദ്ധേയനാകുന്നത് ഇരപിടിയന്‍ സസ്യങ്ങളുടെ(കാര്‍ണിവോറസ്) കാവല്ക്കാരന് എന്ന നിലയിലാണ്. ലോക്ക്ഡൗണ്‍കാലത്ത് എല്ലാവരും വീടുകളില്‍ ഇരുന്നു മുഷിഞ്ഞപ്പോള്‍ നിര്‍മലിന് വിശ്രമമില്ലാത്തതും സന്തോഷം നിറഞ്ഞതുമായ കാലമായിരുന്നു. എറണാകുളത്തും പറവൂരിലും ഇന്റീരിയര്‍ ഡിസൈനിങ് ജോലി ചെയ്ത നിര്‍മല്‍ കൊറോണക്കാലത്ത് വീട്ടിലിരുന്നപ്പോഴാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. നന്ദനം എക്സോട്ടിക്സ്. സ്വന്തംവീടിന്റെ പേരിട്ടുതന്നെ ഒരു ചാനല്‍. ഇംഗ്ലീഷിലുള്ളതാണെങ്കിലും മലയാളം വീഡിയോകളും ഇടുന്നുണ്ട്.
പുതിയ വഴികള്‍ തുറക്കുമ്പോഴാണ് മുന്നോട്ടുള്ള പ്രയാണം സുഗമമാകുന്നതെന്ന് കാണിച്ചുതരികയാണീ ചെറുപ്പക്കാരന്. പറവൂര്‍ -അങ്കമാലി റൂട്ടില്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ ചാലാക്കയിലാണ് നിര്‍മലിന്റെ വീട്. ലോക്ക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ചതോടെ ജീവിതം താറുമാറായവര്ക്ക് നിര്‍മലിന്റെ ജീവിതവും ഒരുവഴികാട്ടിയാണ്. ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിനൊപ്പം അതില്‍ നിന്ന് വരുമാനം കൂടി കണ്ടെത്താനാകുന്നു എന്നതിലാണ് നിര്‍മലിന്റെ സന്തോഷം.
കള്ളിമുള്‍ച്ചെടിയുടെ വലിയ ശേഖരമാണ് നിര്മലിനുള്ളത്. ഇതോടൊപ്പം ഓര്‍ക്കിഡ്, ആന്തൂറിയം അടക്കമുള്ള നൂറുകണക്കിന് ചെടികള്‍ വളര്‍ത്തിയിരുന്നു. അങ്ങനെ വളര്‍ത്തിയ ചെടികളില്‍ ഒട്ടേറെ 2018-ലെ പ്രളയത്തില്‍ നശിച്ചു. വീട്ടിനുള്ളില്‍ വരെ കയറ്റി വച്ച് ചെടികളെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടിനുള്ളില്‍ എട്ടടിയോളം വെള്ളം വന്നതോടെ അവയില്‍ ഒട്ടുമിക്കതും നശിച്ചു. പ്രളയത്തില്‍ ചെടികള്‍ വന്‍തോതില്‍ നശിച്ചെങ്കിലും അതിനോടുള്ള പ്രിയം ഉപേക്ഷിക്കാന്‍ നിര്‍മല്‍ തയ്യാറായില്ല. ഇപ്പോള്‍ പൂര്‍ണമായം ടെറസിലാണ് കൃഷി.

ഇരപിടിയനോടുള്ള ആകര്‍ഷണം
പ്ലസ്ടുവരെ മാത്രമേ നിര്‍മല്‍ സയന്‍സ് പഠിച്ചിട്ടുള്ളൂ. സ്കൂള്‍ പഠനകാലത്ത് ഇരപിടിയന്‍ സസ്യങ്ങളെക്കുറിച്ച് ക്ലാസില്‍ കേട്ടപ്പോള്‍ മുതല്‍ തോന്നിയ ഇഷ്ടമാണ് അവയോട് നിര്‍മലിന്. എല്ലാവരെയും പോലെ ഇവയെക്കുറിച്ചറിയാനുള്ള കൗതുകമാണ് അതുശേഖരിക്കാന് കാരണമായത്. 26-കാരനായ നിര്‍മല്‍കുമാര്‍ ഏഴു കൊല്ലമായി ഈ ചെടിശേഖരിക്കുന്നുണ്ട്. ഇരപിടിയന്‍ സസ്യങ്ങളുടെ ഇരപിടിക്കുന്ന സഞ്ചിയടക്കമുള്ളവയുടെ ആകര്‍ഷണമാണ് ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണമെന്ന് നിര്‍മല്‍കുമാര്‍ പറയുന്നു.
ഇന്ത്യയില്‍തന്നെ ഇരപിടിയന്‍ സസ്യങ്ങള്‍ വളര്‍ത്തുന്നവര്‍ ഒരുപാടുപേര് ഇല്ല. വിദേശത്തുനിനുള്ള സീഡുകളും മറ്റും ആരെങ്കിലും വഴികൊണ്ടുവരികയാണ് ഏകമാര്‍ഗം. ആയിരക്കണക്കിന് വ്യത്യസ്ത തരം ചെടികള്‍ ഈ വിഭാഗത്തിലുണ്ട്. സീഡ് ലഭിക്കാനുള്ള ബുദ്ധിമുട്ടിനുപുറമെ ചെടിക്ക് വളരാനുള്ള സാഹചര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും ഈ ചെടികള്‍ കിട്ടാനില്ലാത്തതിന്റെ കാരണമാണ്.

പിറ്റ്ചെര് പ്ലാന്റ്, സണ്ഡ്യൂ, സരസീനിയ, വീനസ് ഫ്ളൈ ട്രാപ്പ്, ബട്ടര്വര്ട്ട്സ് എന്നിവയൊക്കെ നിര്‍മലിന്റെ ശേഖരത്തിലുള്ള ഇരപിടിയന്മാരാണ്. ഷിംലിയില് നിന്നാണ് ആദ്യത്തെ ഇരിപിടിയന് ചെടി കിട്ടുന്നത്. പിന്നീട് വിവിധ നാടുകളില്‍ നിന്ന് ചെടികള്‍ കൊണ്ടുവന്നു നട്ടുപരിപാലിച്ച് വളര്‍ത്തിയെടുത്തു. അമ്മയില്‍ നിന്നാണ് ചെടികളോടുള്ള സ്നേഹത്തിന്റെ തുടക്കം.
ചെടികള്‍ വരുംകാലത്ത് വലിയ വരുമാനമാര്‍ഗമാണെന്നും അതിലേക്ക് കൂടുതല്‍ പേര്‍ക്ക് കടന്നുവന്ന് ലാഭമുണ്ടാക്കാമെന്നും നിര്‍മല്‍ പറയുന്നു. ചെടികളുടെ പ്രത്യേകത എന്താണ്, പരിപാലനം എങ്ങനെയാണ് എന്നിവയൊക്കെ പങ്കുവെക്കുന്നതുവഴി മറ്റുള്ളവര്‍ക്ക് പ്രയോജനകരമാകുമെന്നാണ് നിര്‍മലിന്റെ പക്ഷം. ചെടികള്‍ തേടി തനിക്ക് വരുന്ന അന്വേഷണങ്ങളൊക്കെ കാണിക്കുന്നത് ഈ മേഖലയില്‍ ഭാവിയുണ്ട് എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ചെടികള്‍ വിറ്റു ലാഭമുണ്ടാക്കുക മാത്രമല്ല, മറ്റുള്ളവരെക്കൂടി അതിലേക്ക് ആകര്ഷിക്കുകകൂടിയാണീ ചെറുപ്പക്കാരന്.

കൊറോണയുടെ കാലത്ത് വീട്ടില്‍ പെട്ടുപോയതിന്റെ വിരസത മാറ്റാന്‍ വേണ്ടിതുടങ്ങിയതാണ്. അതിന്റെ നേട്ടമാണ് ഇപ്പോള്‍ കിട്ടുന്നവരുമാനം. അന്വേഷിക്കുന്നവരൊക്കെയും ആവശ്യപ്പെടുന്നത് വലിയ വിലയുള്ള ചെടികളാണ്. ചെടി അയച്ചാല്‍ കിട്ടാന്‍ വൈകുന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രശ്നം. ചിലപ്പോള്‍ 15 ദിവസം വരെ എടുക്കുന്നുണ്ട് സ്ഥലത്ത് എത്താന്‍. ഇരപിടിയന്‍ ചെടികള്‍ ഇത്രയുംകാലം പായ്ക് ചെയ്തകവറുകളിലായിപ്പോകുന്നത് വാടിപ്പോകുന്നതിന് ഇടയാക്കും. കൊറിയര്‍ സര്‍വീസുകളും മറ്റും കൃത്യമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഈ പ്രശ്നം ഒന്നും കള്ളിമുള്‍ച്ചെടിക്ക് ബാധകമല്ല. ഒരുമാസമോ രണ്ടുമാസമോ പാക്കറ്റിലിരുന്നാലും അവയ്ക്ക് അതിജീവിക്കാന്‍ കഴിയും.
ഫോണ്‍: 8113934755, 9447465691
Content Highlights: Carnivorous plant farming by Nirmal Kumar