പഠനത്തോടൊപ്പം കാലിവളര്‍ത്തലിലൂടെ കുടുംബത്തിലേക്കുള്ള വരുമാനവും ഉറപ്പാക്കി മുന്നേറുകയാണ് അസ്ലുദ്ദീനും സഹോദരന്‍ ഹാഷിമും. പോത്തുകച്ചവടവും പശുവളര്‍ത്തലുമാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗം. ഇവരുടെ പിതാവ് ഏറച്ചംവീട്ടില്‍ നിസാമുദ്ദീന് പശുവളര്‍ത്തലായിരുന്നു തൊഴില്‍. മൂന്നുവര്‍ഷം മുമ്പ് നിസാമുദ്ദീന്റെ മരണശേഷമാണ് ഇരുവരും കാലിവളര്‍ത്തലിലേക്ക് തിരിയുന്നത്. 

ആദ്യം മൂന്ന് പശുക്കളുണ്ടായെങ്കിലും കാര്യമായ ലാഭമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഒരുവര്‍ഷം മുമ്പ് കൊടുങ്ങല്ലൂര്‍ എസ്.എന്‍.പുരം സ്വദേശിയായ ഫൈസലിന്റെ കൈയില്‍നിന്ന് സ്വന്തമാക്കിയ പോത്താണ് തങ്ങളുടെ ജീവിതം മാറ്റിമറിച്ചതെന്ന് അസ്ലുദ്ദീനും ഹാഷിമും പറയുന്നു. മുത്ത് എന്നാണ് പോത്തിനെ വിളിക്കുന്നത്. മുത്തിനെ വാങ്ങിയശേഷം തൊഴിലില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച ഇരുവര്‍ക്കും ഇപ്പോള്‍ ഏഴ് പശുക്കളും 20 പോത്തുകളുമുണ്ട്.

നാട്ടിക എസ്.എന്‍. കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അസ്‌ലുദ്ദീന്‍. ഹാഷിം പാടൂര്‍ അലിമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും. പുലര്‍ച്ചെ തുടങ്ങുന്നു ജോലികള്‍. കാലികളുടെ പരിപാലനം, കറവ, വീടുകളില്‍ പാല്‍ വിതരണം എന്നിവ കഴിഞ്ഞാണ് ഇരുവരും കോളേജിലേക്കും സ്‌കൂളിലേക്കും പോകുന്നത്. 

ഇപ്പോള്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ധാരാളം സമയം കിട്ടുന്നതിനാല്‍ പോത്ത് വില്‍പ്പന ഒന്നൂടെ കൂടിയെന്ന് ഇവര്‍ പറയുന്നു. കേരളത്തിലെ ഏറ്റവും മികച്ച പോത്തുകളെ കണ്ടെത്തുന്നതിനായി നടത്തുന്ന 'ബെസ്റ്റ് ബുള്‍ ഓഫ് കേരള' മത്സരത്തില്‍ തങ്ങളുടെ 'മുത്തി'നെയും മത്സരപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ തിരക്കുമുണ്ട് ഇരുവര്‍ക്കും.

Content Highlights: Brothers who shine in Cattle Farming