പാവയ്ക്കക്ക് നാവുതുളയ്ക്കുന്ന കയ്പാണെങ്കിലും പാവയ്ക്കക്കൃഷിയില്‍ ജീവിതം മധുരമാക്കിയവരാണ് തൊണ്ടര്‍നാട്ടിലെ കര്‍ഷകര്‍. വടക്കെ വയനാടിന്റെ അതിര്‍ത്തിയിലെ തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലാണ് പാവയ്ക്കക്കൃഷിയില്‍ കര്‍ഷകര്‍ പുതിയ പ്രതീക്ഷകളെ പന്തല്‍ കയറ്റിവിടുന്നത്. കോവിഡ് കാലത്തിനുശേഷം പ്രതിസന്ധികളെ തരണംചെയ്യാന്‍ പ്രതീക്ഷകളുടെ പന്തലുകളാണ് വയലുകള്‍ തോറും ഇവിടെ ഉയര്‍ന്നത്.

തൊട്ടടുത്ത പേരിയയിലും മറ്റും പാവല്‍ക്കൃഷി വ്യാപകമായിരുന്നെങ്കിലും തൊണ്ടര്‍നാട്ടില്‍ നെല്‍ക്കൃഷിതന്നെയായിരുന്നു പ്രിയം. ഉയര്‍ന്ന ഉത്പാദനച്ചെലവും കാലിയായ കീശയുമെല്ലാം കര്‍ഷകരെ നെല്‍ക്കൃഷിയില്‍ നിന്നകറ്റി. വാഴക്കൃഷിയായിരുന്നു കുറെക്കാലം പരീക്ഷണം. രാസവളത്തിന്റെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും മണ്ണിന്റെ മാറ്റവുമെല്ലാം തുടര്‍കൃഷിക്ക് തടസ്സമായി. പോരാത്തതിന് നേന്ത്രക്കായയ്ക്ക് വിലയുമില്ല.

ഇതിനൊരു പോംവഴിയായാണ് ഹ്രസ്വവിളയായ പാവല്‍ക്കൃഷിയെ കര്‍ഷകര്‍ തിരഞ്ഞെടുത്തത്. ഇടവിട്ടുള്ള മഴ ലഭിച്ചാല്‍ നനയ്ക്കല്‍ ലാഭം. പന്തലൊരുക്കി വള്ളികള്‍ പടരുന്നതുവരെയും ശ്രദ്ധമതി. അതിനുശേഷം വിളവെടുപ്പ് തുടങ്ങിയാല്‍ ഇടവിട്ട ദിവസങ്ങളിലും പാവയ്ക്ക പറിക്കാം. തുടര്‍ച്ചായായുള്ള ഈ വരുമാനം കര്‍ഷകര്‍ക്കെല്ലാം ആശ്വാസവുമാണ്.

ഇത്തവണ മഴവിടാതെ പിന്തുടരുന്നത് പാവല്‍ക്കര്‍ഷകര്‍ക്ക് ഭീഷണിയായിരുന്നു. ഇതിനൊപ്പം രോഗബാധയേറിയതും വെല്ലുവിളിയായി. കനത്തമഴ പതിയെ വിടാന്‍ തുടങ്ങിയതോടെ കര്‍ഷകരുടെ പ്രതീക്ഷകളിലും വെളിച്ചംവന്നുതുടങ്ങി. ശൈത്യകാലത്തെ ലക്ഷ്യമിട്ട മിക്ക പന്തലുകളിലും കായപിടിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ഇത്തവണ മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ കൃഷി അല്പം വൈകിപ്പോയോ എന്നാണ് ഇവരുടെയെല്ലാം ആശങ്ക.

Bitter Gourd

നാടന്‍പോയി ഹൈബ്രിഡ് വന്നു

നാടന്‍ ഇനം പാവയ്ക്കയുടെ കാലംകഴിഞ്ഞു. അത്യുത്പാദനശേഷിയുള്ള പാവയ്ക്കവിത്തുകളാണ് വയലുകള്‍ വാഴുന്നത്. നാടനെക്കാളും വളര്‍ച്ചയും ഉത്പാദനശേഷിയും കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാനുള്ള ശേഷിയും പുതിയ വിത്തിനങ്ങള്‍ക്കുണ്ട്. മായ എന്ന പേരിലുള്ള പാവയ്ക്ക വിത്താണ് തൊണ്ടര്‍നാട്ടില്‍ വ്യാപകമായുള്ളത്. മുമ്പ് പ്രിയങ്ക, പ്രീതി തുടങ്ങിയ ഇനങ്ങളായിരുന്നു കൃഷിചെയ്തിരുന്നത്. നാടന്‍ ഇനങ്ങള്‍ കൂടുതല്‍കാലം വിളവെടുക്കാന്‍ കഴിയുന്നതായിരുന്നെങ്കിലും വിളവ് താരതമ്യേന കുറവായിരുന്നു. ആയിരംകണ്ണിപോലുള്ള രോഗബാധയും ഇവയില്‍ കൂടുതലായിരുന്നു.

ഏറ്റവും പുതിയ മായ ഇനം പാവല്‍ ഒരേക്കറില്‍ അറനൂറോളം ചുവടുനടാന്‍കഴിയും. അകലംകുറയുന്നത് ഉത്പാദനത്തെയും ബാധിക്കുന്നില്ല. ഒരു ചുവടില്‍നിന്ന് ഒരേതവണ വിളവെടുക്കുമ്പോഴും രണ്ടുകിലോയില്‍ കുറയാതെ വിളവുകിട്ടിയിരുന്നു. നൂറുഗ്രാം പാവയ്ക്ക വിത്തിന് 600 രൂപവരെയാണ് വിപണിയില്‍ വിലനല്‍കേണ്ടത്. അന്തകവിത്തായതിനാല്‍ ഓരോ വര്‍ഷവും വിത്ത് പുതിയത് വാങ്ങേണ്ടിവന്നാലും കാലാവസ്ഥ അനുകൂലമായി മികച്ച വിളവുകിട്ടിയാല്‍ കൃഷി ലാഭകരമാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

ചുരമിറങ്ങുന്ന പാവയ്ക്കവണ്ടികള്‍

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള മാര്‍ക്കറ്റുകളില്‍ തൊണ്ടര്‍നാട്ടില്‍നിന്ന് പാവയ്ക്ക എത്തുന്നുണ്ട്. തൃശ്ശൂര്‍, കുന്നംകുളം എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ കയറ്റിപ്പോകുന്നത്. ഇവിടെനിന്ന് പാവയ്ക്ക ഫ്രഷായി കൊണ്ടുപോകാന്‍ പ്രത്യേക കെയ്സുകളുമായാണ് വാഹനങ്ങള്‍ എത്തുക. ഫ്രഷ് പാവക്കയ്ക്ക് മാര്‍ക്കറ്റില്‍ പ്രിയംകൂടിയതോടെ ഈ തോട്ടങ്ങള്‍ തേടി കച്ചവടക്കാരും കൂടുതലായി എത്തുകയായി. കിലോയ്ക്ക് ഇപ്പോള്‍ സൈറ്റില്‍ 34 രൂപയാണ് കര്‍ഷകര്‍ക്ക് വില ലഭിക്കുന്നത്. 

Bitter Gourd

മുന്‍വര്‍ഷങ്ങളെക്കാളും വില മെച്ചപ്പെട്ടെങ്കിലും വിളവുകുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് ഗുണംചെയ്യില്ല. മഴ മാറിയാല്‍ പ്രതീക്ഷകള്‍ തളിരിടുമെന്നാണ് കര്‍ഷകരുടെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. സ്വാശ്രയ വിപണിയടക്കം തൊണ്ടര്‍നാട് സജ്ജമായിട്ടുണ്ടെങ്കിലും പാവയ്ക്ക കര്‍ഷകര്‍ക്ക് പ്രത്യേക പ്രോത്സാഹനപദ്ധതികള്‍ വേണമെന്നാണ് ആവശ്യം. പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാനവില പ്രഖ്യാപിച്ചത് ആശ്വാസമാണ്. ഇനിയുള്ള മാസങ്ങളില്‍ തൊണ്ടര്‍നാട് പാവയ്ക്ക വിളവെടുപ്പിന്റെ തിരക്കിലായിരിക്കും. മിക്ക പന്തലുകളും വള്ളികള്‍ പടര്‍ന്ന് പൂവിട്ട് തുടങ്ങുകയാണ്.

ഇത്തവണ മഴചതിച്ചു

കോവിഡില്‍നിന്ന് കരകയറാന്‍ ഇത്തവണ വ്യാപകമായി കൃഷിയിറക്കിയെങ്കിലും തുടര്‍ച്ചയായ മഴയില്‍ നിരാശരാണ് കര്‍ഷകരെല്ലാം. അരയേക്കര്‍മുതല്‍ നാലേക്കര്‍വരെ കൃഷിയിറക്കിയവര്‍ക്കെല്ലാം മഴ വില്ലനായി. മഴവിടാതെ പിന്തുടര്‍ന്നപ്പോള്‍ ചെടിയെല്ലാം മഞ്ഞളിപ്പായി. ചെടിയുടെ വേരഴുകുന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ചെടി നശിച്ചുപോകും. ഒരേക്കറിന് ഇരുപതിനായിരം രൂപമുതല്‍ വയല്‍പ്പാട്ടം നല്‍കിയാണ് പലരും കൃഷിക്കിറങ്ങിയത്. ഒരേക്കര്‍ കൃഷിയിറക്കുന്നത് ഒരുലക്ഷത്തോളം ചെലവുവരും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇതിന്റെ ഇരട്ടിത്തുക വരുമാനമുണ്ടാക്കാന്‍ കഴിയും. പന്തല്‍ ഒരുക്കുന്നതുവരെയാണ് ഭാരിച്ച ചെലവ്. വിളവെടുപ്പ് തുടങ്ങിയാല്‍ ആഴ്ചയില്‍ രണ്ടുതവണ പറിക്കാം. നൂറുചുവടില്‍നിന്ന് ഏകദേശം നാല് ക്വിന്റലോളം പാവയ്ക്ക വിളവെടുക്കാന്‍ കഴിയും. വിളവെടുപ്പ് തുടങ്ങിയാല്‍ ആഴ്ചതോറും രണ്ടുതവണയായി വരുമാനം കിട്ടുന്നതും ആശ്വാസമായി.

Content Highlights: Bitter Gourd Farming