ലോക്ക്ഡൗണിൽപെട്ട് വാടിയും ചീഞ്ഞും പോയ പച്ചക്കറികളും അതോടെ ജീവിതം തന്നെ ലോക്കായി പോയ കർഷകരുടെയും വാർത്തകൾ എത്രയോ കണ്ടതാണ്. കൃഷി നശിപ്പിക്കാനെത്തുന്ന പന്നിക്ക് വച്ച പടക്കം തിന്ന് ദാരുണമായി കൊല്ലപ്പെട്ട കാട്ടാനയും കോവിഡ് കാലത്തെ മറ്റൊരു നോവാണ്. ഈ രണ്ടു വാർത്തകൾക്കിടയിലാണ് കോട്ടയത്തെ കണമലയെന്ന ഗ്രാമത്തിനും അവിടുത്തെ കൃഷിരീതിയുടെയും പ്രസക്തി.

കോവിഡിനും കാട്ടു പന്നിക്കും പിടികൊടുക്കാത്തൊരു കൃഷിയുമായി വിജയഗാഥ രചിക്കുകയാണ് കണമലയിലെ കർഷകർ. നല്ല എരിവുള്ള കാന്താരി. കൃഷി കാന്താരി ആയതുകൊണ്ടുതന്നെ കാട്ടാനയ്ക്കും കാട്ടുപന്നിയ്ക്കും കെണിവയ്ക്കേണ്ട ഗതികേടും കണമലയിലെ കർഷകർക്കില്ല.കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ് കണമലയെന്ന മലയോര ഗ്രാമം. പമ്പാവാലിയെന്നും ഈ കാന്താരിഗ്രാമത്തിന് പേരുണ്ട്.

നാട്ടുകാരെ കാന്താരി കൃഷിയിലേക്ക് പറിച്ചു നട്ടത് കണമല സർവ്വീസ് സഹകരണ ബാങ്കാണ്. സാഹചര്യങ്ങളോടും പ്രകൃതിയോടും മല്ലിട്ട് മടുത്ത കണമലയിലെ കർഷകരെ പതിനായിരം അംഗങ്ങളുള്ള ഈ ബാങ്കാണ് പുത്തൻ കൃഷിയിലേക്ക് പതുക്കെ പറിച്ചു നട്ടത്

എന്തുകൊണ്ട് കാന്താരി

Chilliകണമലക്കാർക്ക് കൃഷിയല്ലാതെ മറ്റൊന്നുമറിയില്ല. വനത്തോട് ചേർന്ന മലയോര പ്രദേശമാണ് കണമല. റബ്ബറായിരുന്നു പ്രധാന കൃഷി. റബ്ബറിന് വിലയിടിഞ്ഞതോടെ കണമലക്കാരുടെ ജീവിതം വഴിമുട്ടി. കപ്പയിലും വാഴയിലും ചേമ്പിലുമെല്ലാം പ്രതീക്ഷയർപ്പിച്ചപ്പോൾ പന്നിയും ആനയും കുരങ്ങും മലയണ്ണാനും കൂട്ടത്തോടെയെത്തി. കാട്ടുമൃഗങ്ങളെ പേടിക്കാതെ എന്തു കൃഷിചെയ്യാമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളു. അത് കാന്താരി എന്നായിരുന്നു. കാട്ടുപന്നിക്കും കുരങ്ങിനും മലയണ്ണാനും എന്തിന് ആനയ്ക്ക് പോലും വേണ്ടാത്ത കാന്താരിയിൽ ആ മലയോരഗ്രാമം നാളെയുടെ സ്വപ്നങ്ങൾ നെയ്തു കൂട്ടി. കേരളത്തിൽ ഇതുവരെ വ്യാപമല്ലാത്തതും അന്താരാഷ്ട്ര വിപണിയിലുള്ള ഡിമാന്റും കണമലക്കാരുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചു.

കൊറോണയ്ക്കും കാന്താരി

വൈദ്യരംഗവുമായി ബന്ധപ്പെട്ട് കാന്താരിയ്ക്ക് വലിയ പ്രധാന്യമുണ്ടെന്ന് കണമല ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയി മങ്കന്താനം പറയുന്നു. വൈറ്റമിൻ സി ധാരാളമുള്ള കാന്താരി കൊറോണയ്ക്കെതിരെയുള്ള പ്രതിരോധത്തിനു പോലും ഫലപ്രദമാണെന്നാണ് ബിനോയിയുടെ അഭിപ്രായം.

ബാങ്ക് ഗ്യാരണ്ടിയിൽ കണമലയിൽ കാന്താരി വിപ്ലവം

കൃത്യമായ വിപണിയില്ലാത്തതും വിലയില്ലാത്തതുമാണ് ഏത് കർഷകനെയും പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിൽ കണമലക്കാർക്ക് ബാങ്ക് ഒരു ഗ്യാരണ്ടി കൊടുത്തു. എത്ര കൃഷിചെയ്താലും അത് മുഴുവൻ ബാങ്ക് എടുക്കും. കൂടാതെ 250 രൂപ അടിസ്ഥാന വിലയും പ്രഖ്യാപിച്ചു. മാർക്കറ്റ് വില എത്ര താഴെപ്പോയാലും ബാങ്ക് കാന്താരി 250 രൂപയ്ക്ക് എടുക്കാമെന്ന ഉറപ്പാണ് കർഷകർക്ക് ആത്മവിശ്വാസം നൽകിയത്. ഫെബ്രുവരി 29-ന് ബാങ്ക് പദ്ധതിയുടെ പ്രഖ്യാപനം നടത്തി. പക്ഷേ മാർച്ച് അവസാനത്തോടെ ലോക്ക്ഡൗൺ വന്നു. എന്നിട്ടും കണമലക്കാർ കാന്താരി കൃഷി ചെയ്തു. പദ്ധതിയ്ക്ക് കണമല കാന്താരി വിപ്ലവമെന്ന് പേരുമിട്ടു.

കണമലയെന്ന കാന്താരി ഹബ്ബ്

ഇന്ന് കാന്താരിയെന്നാൽ കണമലയാണ്. കണമലയെക്കുറിച്ചും കാന്താരി വിപ്ലവത്തെക്കുറിച്ചും അറിഞ്ഞ് നിരവധി പേർ എത്തി. അച്ചാർ കമ്പനിക്കാർ മുതൽ എക്സ്പോർട്ടേഴ്സ് വരെ ഇതിൽ ഉൾപ്പെടും. ഇതോടെ ബാങ്കും ഹാപ്പിയായി.  പ്രഖ്യാപിച്ച തറവില തന്നെ കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞു. 300 രൂപയാണ് ഇപ്പോള്‍ കാന്താരിയുടെ വില. അതില്‍ 250 ഉം കര്‍ഷകന് തന്നെ ലഭിക്കുന്നു. വേനലാകുമ്പോള്‍ ഉത്പാദനം കുറയും അപ്പോള്‍ കാന്താരി വില ചിലപ്പോള്‍ 1000ത്തിലെത്തും അപ്പോള്‍ കര്‍ഷകന് 950 രൂപയും നല്‍കാന്‍ കഴിയുമെന്ന് ബിനോയി പറയുന്നു.

ഇതൊരു സമരമാണ്

 

കർഷകന് ആവശ്യം കൃഷി വകുപ്പിന്റെ പിന്തുണയോ സബ്സിഡിയോ വളമോ ഒന്നുമല്ല. ഉത്‌പന്നത്തിന് കൃത്യമായ വിപണിയും ന്യായമായ വിലയുമാണെന്ന് ബിനോയ് പറയുന്നു. അതുകൊണ്ട് തന്നെ ഇതൊരു സമരമാണ്. ഞങ്ങൾക്ക് സർക്കാരിന്റെ യാതൊരു പിന്തുണയും വേണ്ടെന്ന് കണമലക്കാർ കാന്താരി കൃഷിയിലൂടെ വിളിച്ചുപറയുന്നു.

കോവിഡിലും മധുരിച്ച് കാന്താരി

രണ്ടു മാസമായി കാന്താരി സംരംഭം തുടങ്ങിയിട്ട്. ഓരോ മാസവും ഓർഡർ കൂടിവരുന്നതല്ലാതെ ഇതുവരെ കുറഞ്ഞിട്ടില്ല. ആദ്യം തൃശ്ശൂർ മാർക്കറ്റിലാണ് കാന്താരി വിറ്റത്. അപ്പോഴാണ് കോവിഡ് എത്തിയത്. സ്വാഭാവികമായും മാർക്കറ്റ് അടച്ചു വിൽക്കാൻ പറ്റുമോയെന്ന് പോലും അറിയാതെ കണമലയിലെ നോട്ടങ്ങളിൽ കാന്താരി മൂത്ത് നിന്നു. അപ്പോഴാണ് എക്സ്പോട്ടേഴ്സ് വിളിച്ച് കാന്താരി വേണമെന്ന് ആവശ്യപ്പെടുന്നത്. മൂന്ന് എക്സ്പോട്ടിങ്ങ് കമ്പനികളുമായി ഇതിനകം കരാറായി കഴിഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറമായിരുന്നു ഇത്.

മുതൽമുടക്ക് വട്ടപൂജ്യം

chilli
കര്‍ഷകരില്‍നിന്ന് കാന്താരി സംഭരിക്കുന്നു.

കാന്താരി കൃഷി ചെയ്യാൻ മുതൽമുടക്ക് വട്ടപൂജ്യമാണ്. 50 കാന്താരി മുളകുണ്ടെങ്കിൽ 500 തൈമുളപ്പിക്കാം. കാന്താരി തൈ ചെറിയ കുഴി കുഴിച്ച് നട്ടാൽ പിന്നെ വിളവെടുക്കാനായി കാന്താരി തോട്ടത്തിലേക്ക് പോയാൽ മതി. കാന്താരി ഇടവിളയായാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തെങ്ങിൻതോട്ടത്തിലും കവുങ്ങിൻതോട്ടത്തിലുമെല്ലാം ഇത് നടാം. കൃഷിക്കു പ്രത്യേക സ്ഥലം വേണ്ട എന്നതുപോലെ തന്നെ വളമോ പരിചരണമോ കാന്താരിക്ക് ആവശ്യമില്ല.

ഇപ്പോൾ ആഴ്ച്ചയിൽ 150 കിലോ കാന്താരി ഉത്‌പാദിപ്പിക്കുന്നുണ്ട് കണമലക്കാർ. ബാങ്ക് തന്നെ കുറേ ഏക്കർ തരിശുഭൂമി ഏറ്റെടുത്ത് കർഷകരെ കൊണ്ട് കൃഷിചെയ്യിപ്പിക്കുന്നുണ്ട്. 100 പേർ നിലവിൽ കാന്താരി കൃഷി ചെയ്യുന്നുണ്ട്. ഒരു ചെടിയിൽനിന്ന് 200 മുതൽ 800 ഗ്രാം വരെ കാന്താരി വിളവെടുക്കാം. ഒരു കാന്താരി ചെടിയുടെ ആയുസ് മൂന്ന് വർഷം വരെയാണ്. മൂന്ന് മാസം മുതൽ വിളവെടുത്തു തുടങ്ങാം.

നമ്മുടെ നാട്ടിലുണ്ടാകുന്ന 90 ശതമാനം കാന്താരിയും കിളികൾ തിന്ന് വിശപ്പടക്കുമ്പോഴാണ് ഒരു ഗ്രാമം തന്നെ കാന്താരിയിൽ ഉപജീവനമാർഗം കണ്ടെത്തുന്നത്. കോവിഡിനെ കൂസാതെ, കാട്ടുമൃഗങ്ങളെ നോവിപ്പിക്കാതെ വിജയഗാഥ രചിക്കുന്നത്.

Content Highlights: Birds Eye Chilli Farming in Kanamala, Kottayam