പെരുമ്പിലാവ്: സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച വിദ്യാര്‍ഥി പച്ചക്കറിക്കര്‍ഷകനായി എം. അതുല്‍ കൃഷ്ണയെ കൃഷിവകുപ്പ് തിരഞ്ഞെടുത്തു. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറിവികസനപദ്ധതിയുടെ ഭാഗമായാണ് ഈ അംഗീകാരം. കാര്‍ഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യയിലൂടെ ജൈവരീതിയിലാണ് അതുല്‍ കൃഷ്ണയുടെ കൃഷി. ജില്ലയിലെ മികച്ച വിദ്യാര്‍ഥി പച്ചക്കറികര്‍ഷകനായിരുന്നു.

15,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് തുക. പഠനത്തിലും മിടുക്കനായ അതുല്‍ കൃഷ്ണ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. കടവല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്. സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗവും മികച്ച കര്‍ഷകനുമായ കടവല്ലൂര്‍ കൊരട്ടിക്കര സ്വദേശി എം. ബാലാജിയുടെയും ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ലീനയുടെയും മകനാണ്. ചെറുപ്പംമുതലേ അച്ഛനൊപ്പം കൃഷിയിടത്തില്‍ സജീവമാണ്. ഒരേക്കര്‍ സ്ഥലത്താണ് അതുല്‍കൃഷ്ണയുടെ കൃഷി.

വെണ്ട, വഴുതിന, ചീര, പച്ചമുളക്, തക്കാളി, കയ്പ, പടവലം, വെള്ളരി, കുമ്പളം, മത്തന്‍ ഇങ്ങനെ പോകുന്നു പച്ചക്കറിയിനങ്ങള്‍. ഇവ കൂടാതെ നാടന്‍കോഴികളെയും വിവിധ ഇനം മുട്ടക്കോഴികളെയും പരിപാലിച്ചുപോരുന്നു.

Content highlights: Agriculture, Organic farming, State agriculture department