കൃഷി നഷ്ടത്തിലായ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് ആപ്പിള്‍ കൃഷിയിലൂടെ വിജയം കൊയ്യാമെന്ന പാഠം പകര്‍ന്നുനല്‍കുകയാണ് വലിയതേവാള മിറാക്കിള്‍ ഫാം ഉടമ ബിജുമോന്‍ ആന്റണി. ജില്ലയില്‍ മൂന്നാര്‍, മറയൂര്‍ മേഖലകളിലാണ് നിലവില്‍ ആപ്പിള്‍ കൃഷിയുള്ളത്. ഹൈറേഞ്ചില്‍ മറ്റു പ്രദേശങ്ങളിലെ കാലാവസ്ഥ ആപ്പിള്‍കൃഷിക്ക് അനുയോജ്യമല്ലെന്ന ധാരണയാണ് കര്‍ഷകര്‍ക്കുള്ളത്.

എന്നാല്‍, ഇറക്കുമതിചെയ്ത ആപ്പിള്‍ചെടികള്‍ ഹൈറേഞ്ചിന്റെ മറ്റു ഭാഗങ്ങളിലും മികച്ച വിളവ് തരുമെന്ന് തെളിയിച്ചിരിക്കുകയാണ് ബിജു. നാനൂറോളം ആപ്പിള്‍ചെടികളാണ് ബിജുവിന്റെ ഫാമില്‍ വളരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആപ്പിള്‍ കൃഷിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചതിനാല്‍ ആപ്പിളിന് ആവശ്യക്കാരും ഏറെയാണെന്ന് ബിജു പറയുന്നു.

ഇടവിളയാക്കാം, നഷ്ടം നികത്താം

കുരുമുളകുതോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യാന്‍ സാധിക്കുന്ന ആപ്പിള്‍ചെടികളാണ് ബിജുവിന്റെ ഫാമിലുള്ളത്. ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍നിന്നാണ് ചെടികള്‍ എത്തിച്ചിരിക്കുന്നത്. 45 ഡിഗ്രി ചൂടുള്ളപ്പോള്‍പോലും നല്ല വിളവുനല്‍കന്ന ഇവ അള്‍ട്രാ ഹൈ ഡെന്‍സിറ്റി ഫാമിങ് രീതിയിലാണ് കൃഷിചെയ്യുന്നത്. ഏക്കറില്‍ ആയിരം തൈകള്‍വരെ നട്ടുപിടിപ്പിക്കാം. 

ട്രോപ്പിക്കല്‍ സ്വീറ്റ്, സമ്മര്‍ സോണ്‍, സച്ചിന്‍ കോ, ഗാല, റഡ്ലം, ജറോമൈന്‍, റഡ് ലൗ, ഡാര്‍ക്ക് ബ്രൗണ്‍, ഗ്രാനി സ്മിത്ത് തുടങ്ങിയ 14-ഇനം തൈകളാണ് ബിജുവിന്റെ ശേഖരത്തിലുള്ളത്. കൃത്യമായ പരിചരണം നല്‍കിയാല്‍ ഒരുവര്‍ഷംകൊണ്ട് കായ്ച്ചുതുടങ്ങും. ഇവയെല്ലാം കുരുമുളകുതോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യാന്‍ കഴിയുന്ന ചെടികളാണ്. ഏലം, കുരുമുളക് വിലയിടിവുമൂലം നഷ്ടം നേരിടുന്ന നിരവധി കര്‍ഷകരാണ് ആപ്പിള്‍കൃഷിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചെത്തുന്നത്.

കൃഷിപാഠം പകര്‍ന്നുനല്‍കും

ആപ്പിള്‍കൃഷി കാണാനും കൃഷിരീതികള്‍ പഠിക്കാനും ഇവിടെയെത്തുന്ന മറ്റു കര്‍ഷകര്‍ക്ക് ആപ്പിള്‍ കൃഷിയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ 2019-ലെ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാര ജേതാവുകൂടിയായ ബിജുമോന്‍ ആന്റണി ഒരുക്കമാണ്. ഫോണ്‍: 9447196735.