നെല്‍ക്കതിരിന്റെ പുഞ്ചിരി, പശുക്കളും പാല്‍ സമൃദ്ധിയും, പച്ചക്കറിത്തോട്ടത്തിലെ പച്ചപ്പ്... അച്ഛന്റെ കൈപിടിച്ചാണ് ആനന്ദ് ആദ്യമായി കൃഷിയെ അറിഞ്ഞത്. പക്ഷേ, മണ്ണിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ആ അച്ഛന്‍ ജീവിതത്തില്‍നിന്ന് പെട്ടെന്ന് പോയതോടെ 18 വയസ്സ് തികയാന്‍ പോകുന്ന ഈ ചെറുപ്പക്കാരന്‍ അച്ഛന്റെ കൃഷിയിടത്തിലേക്ക് കടന്നു. അച്ഛന്‍ പഠിപ്പിച്ചു തന്ന പാഠങ്ങളിലൂടെയുള്ള ആ അധ്വാനം എത്തിനില്‍ക്കുന്നത് മൂന്നരയേക്കറിലെ വാഴ-തെങ്ങ് കൃഷിയിലും ആറരയേക്കറിലെ നെല്‍ക്കൃഷിയിലും വിവിധ ബ്രീഡുകളിലുള്ള 26 പശുക്കളിലും പിന്നെ പച്ചക്കറിക്കൃഷിയിലുമാണ്.

മുതുതല കൊഴിക്കോട്ടിരി പാക്കത്തൊടിയില്‍ പരേതനായ മണികണ്ഠന്റെ മകന്‍ ആനന്ദാണ് ഈ യുവകര്‍ഷകന്‍. രണ്ടു വര്‍ഷം മുമ്പാണ് മുതുതലയിലെ പ്രമുഖകര്‍ഷകനായിരുന്ന മണികണ്ഠന്‍ മരിച്ചത്. അച്ഛന്റെ വേര്‍പാടില്‍ പെട്ടെന്നൊന്നു പകച്ചുപോയെങ്കിലും വര്‍ഷങ്ങളുടെ വിയര്‍പ്പില്‍ അച്ഛന്‍ ഉണ്ടാക്കിയെടുത്ത കൃഷിയിലെ നേട്ടങ്ങള്‍ കൈവിടാതിരിക്കാനുള്ള ഓട്ടമായിരുന്നു പിന്നീടങ്ങോട്ട്.

പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങും, ആനന്ദിന്റെ ഒരു ദിവസം. എണീറ്റയുടന്‍ പശുക്കളെ കറക്കും. ദിവസവും 150 ലിറ്റര്‍ പാല്‍ മില്‍മയില്‍ കൊടുക്കുന്നുണ്ട്; അഞ്ച് ലിറ്ററോളം പാല്‍ അടുത്ത വീടുകളിലേക്കും. പാടമൊരുക്കലും പശുക്കളുടെ പരിചരണവും മത്സ്യക്കൃഷിയും തുടങ്ങി സമയനിഷ്ഠയോടെയാണ് ആനന്ദിന്റെ ഓരോ ദിവസവും കടന്നുപോകുന്നത്.

വീടിനോടു ചേര്‍ന്നാണ് വാഴയും തെങ്ങും കവുങ്ങും പച്ചക്കറിയും കുരുമുളകും അടക്കമുള്ള കൃഷികള്‍. രണ്ടരയേക്കറിന് പുറമെ പാട്ടത്തിനെടുത്ത നാല് ഏക്കറിലും നെല്‍ക്കൃഷിയുണ്ട്. അച്ഛനുണ്ടായിരുന്നപ്പോള്‍ രണ്ടാംവിള നെല്‍ക്കൃഷി മാത്രമാണ് ചെയ്തിരുന്നത്. ഇത്തവണ ഒന്നാംവിളയും ആനന്ദ് പരീക്ഷിച്ചു. പശുഫാമിലേക്ക് ആവശ്യമുള്ള വൈക്കോല്‍ നെല്‍ക്കൃഷിയില്‍നിന്നു തന്നെ സമാഹരിക്കും. നെല്ല് സപ്ലൈകോയ്ക്ക് നല്‍കും. നെല്‍ക്കൃഷിയില്‍ അച്ഛന്റെ സഹായിയായിരുന്ന മണി ഒപ്പമുള്ളത് ഏറെ ആശ്വാസമാണെന്ന് ആനന്ദ് പറയുന്നു. പശുഫാമിലെ സഹായത്തിന് രണ്ട് അതിഥിത്തൊഴിലാളികളുമുണ്ട്.

പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി നല്ല വിജയവും ആനന്ദ് ഇതിനിടെ നേടി. പട്ടാമ്പിയിലെ സ്വകാര്യ കോളേജില്‍ ബി.കോമിന് ചേര്‍ന്നിട്ടുണ്ട്. പഠനത്തിരക്കിലും കൃഷി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. ആനന്ദിന്റെ എല്ലാ ശ്രമങ്ങള്‍ക്കും അമ്മ നിജ നിഴല്‍പോലെ കൂടെയുണ്ട്. സഹോദരിമാരായ ആതിരയും അശ്വതിയും ഇളയസഹോദരന് പ്രചോദനമായുണ്ട്.

Content Highlights: An 18-year-old boys success story in Integrated farming