കുരുമുളക് മലയാളിയുടെ സമ്പത്തായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ഉയര്‍ന്ന മുതല്‍മുടക്കും തൊഴിലാളിക്ഷാമവും വരുമാനക്കുറവുമെല്ലാം ഈ കൃഷിയില്‍ നിന്ന് ഇന്ന് കര്‍ഷകരെ അകറ്റിയിരിക്കയാണ്. കുരുമുളകിന്റെ നഷ്ടത്തിന്റെ കഥകളില്‍നിന്ന് വ്യത്യസ്തമായി  സ്വപ്രയത്‌നത്തില്‍ പുത്തന്‍രീതികള്‍ പരീക്ഷിച്ച് വിജയിച്ചിരിക്കയാണ് ഇടുക്കി അടിമാലി 14ാം മൈല്‍ സ്വദേശിയായ തോട്ടനാല്‍ പുഷ്‌കരന്‍. മരക്കുരുമുളക് പുത്തന്‍ രീതിയില്‍ കൃഷിചെയ്ത് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടിയെടുക്കുകയാണ് ഈ യുവകര്‍ഷകന്‍. 

സാധാരണ കുരുമുളക് കൃഷിചെയ്യാന്‍ തുടങ്ങുന്നതുമുതല്‍ വിളവെടുക്കാന്‍വരെ തൊഴിലാളികള്‍ ആവശ്യമാണ്. എന്നാല്‍, മരക്കുരുമുളകിന് ഇതൊന്നും ആവശ്യമില്ലാതെ മുറ്റത്ത് ചെടികള്‍ വളര്‍ത്തുന്നതുപോലെ  കൃഷിചെയ്യാമെന്ന് പറയുന്നു ഈ കര്‍ഷകന്‍. നല്ല പ്രതിരോധശക്തിയുള്ള തണ്ടില്‍ കുരുമുളക് ഗ്രാഫ്റ്റ് ചെയ്ത് കുഞ്ഞുമരമാക്കി കുരുമുളകിനെ വളര്‍ത്തും. ഇതിനായി ബ്രസീലിയന്‍ തിപ്പലിനത്തില്‍പ്പെടുന്ന കൊളബ്രീനം ചെടിയുടെ രണ്ടുമൂട് കമ്പുകള്‍ കൂടുനിറച്ച് അതില്‍ കുത്തുന്നു. സാധാരണ ചെടിനടുന്ന മണ്ണുതന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്. ഇങ്ങനെ നടുന്ന തൈകള്‍ ആറുമുതല്‍ എട്ടുമാസംവരെ വളര്‍ത്തുക. ചെടി വളര്‍ന്നുകഴിഞ്ഞാല്‍  രണ്ടടി ഉയരത്തില്‍വെച്ച് വട്ടംമുറിച്ച് കുരുമുളകിന്റെ കന്നിത്തല/ശിഖരങ്ങള്‍ 'V' ആകൃതിയില്‍ മുറിച്ച് കൊളബ്രീനത്തിന്റെ തലഭാഗം ചെറുതായി അടര്‍ത്തി അതിനുള്ളിലേക്ക് കുരുമുളകുചെടി കുത്തിയിറക്കി കെട്ടിവെക്കുക. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ചെടിക്ക് നല്ല പ്രതിരോധശക്തിയാണ്. വളം പൈട്ടന്ന് വലിച്ചെടുക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഇത്തരം ചെടികളെ ഏതുമണ്ണിലും പരീക്ഷിക്കാമെന്ന് പുഷ്‌കരന്‍ പറയുന്നു. 

ചെടി നട്ടുകഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ തിരിയിടാന്‍ തുടങ്ങും. ഒരു ചെടിയില്‍നിന്ന് ഇരുന്നൂറിലേറെ തിരികള്‍ കിട്ടുമെന്ന് പുഷ്‌കരന്‍ ഉറപ്പുനല്‍കുന്നു. മൂന്നുവര്‍ഷത്തോളം ചെടി വളര്‍ന്നാല്‍ തേയിലച്ചെടിയുടെ അത്രയും പൊക്കമാണ് എത്തുക. അതുകൊണ്ടുതന്നെ മരത്തില്‍ക്കയറി പറിക്കണമെന്ന ബുദ്ധിമുട്ടില്ല. 

ഇന്ന് കുരുമുളകുകര്‍ഷകര്‍ നേരിടുന്ന വേരുകേട്, ദ്രുതവാട്ടം തുടങ്ങിയ രോഗങ്ങള്‍ മരക്കുരുമുളകിന് പിടിപെടില്ല. ഇത്തരത്തില്‍ 30 സെന്റ് സ്ഥലത്ത് 1000 തൈകളിലാണ് പുഷ്‌കരന്റെ കൃഷി. മുറ്റത്തും ടെറസിലുമെല്ലാം വളര്‍ത്താവുന്നതിനാല്‍ വീട്ടിലേക്ക് ആവശ്യമായ കുരുമുളക് വിഷമില്ലാതെ ഉത്പാദിപ്പിക്കാം. കൃഷിയിടങ്ങളില്‍ ഇടവിളയായും ഇവ നടാവുന്നതാണ്. എട്ടുമാസം പ്രായമുള്ള ഒരു ചെടിക്ക് 300 രൂപയാണ് വില. കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ചാണകം കലര്‍ത്തി തളിക്കുന്നതും കോഴിവളവുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമുള്ളയാളാണ് പുഷ്‌കരന്‍. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് കൃഷിയിലേക്കിറങ്ങിയത്. 

(ഫോണ്‍: 9526036703)