കൃഷിപ്പണി നമുക്ക് ഇഷ്ടപ്പെട്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ജോലിയാണ്. സാമ്പത്തിക ലാഭം നോക്കി ഒരിക്കലും കര്‍ഷകനാകാന്‍ കഴിയില്ല. മണ്ണിന് ആവശ്യമായ അളവില്‍ മാത്രം വെള്ളവും വളവും നല്‍കിയാല്‍ നല്ല വിളവ് ലഭിക്കുമെന്ന് കൃത്യത കൃഷിയിലൂടെ തെളിയിച്ചിരിക്കുകയാണ് സിനോജും രജീഷും രഞ്ജിത്തും ശ്രീജിത്തും. 

പാടത്തും പറമ്പിലും കളിച്ചു വളര്‍ന്ന ഇവര്‍ നാലുപേരും തൃശൂരിലെ മാള പഞ്ചായത്തിനെ വേറിട്ടൊരു കൃഷിഭൂമിയാക്കുകയായിരുന്നു. രഞ്ജിത്ത് സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വകുപ്പിന് കീഴിലുള്ള 'യുവ കര്‍ഷകന്‍' അവാര്‍ഡ് നേടുകയുണ്ടായി. മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിത മിത്ര അവാര്‍ഡ് സിനോജിന് ലഭിച്ചു. കൃത്യത കൃഷിയിലൂടെ 'മാള മോഡല്‍' എന്നൊരു രീതി തന്നെ ഇവര്‍ കാര്‍ഷിക കേരളത്തിന് കാണിച്ചു കൊടുത്തു. 

പഠനം കഴിഞ്ഞ് ഏകദേശം 15 വര്‍ഷത്തോളം എ.സി മെക്കാനിക്കായി ജോലി നോക്കിയതാണ് സിനോജ്. ഓട്ടോമൊബൈലില്‍ താത്പര്യമുണ്ടായിരുന്ന ശ്രീജിത്ത് സൗദി അറേബ്യയിലായിരുന്നു. പോളിമര്‍ ടെക്‌നോളജിയില്‍ പഠനം നടത്തി നാല് വര്‍ഷത്തോളം ജോലി ചെയ്തതിനുശേഷമാണ് രജീഷ് കൃഷിക്കാരന്റെ കുപ്പായമണിഞ്ഞത്. രഞ്ജിത്താണെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പഠനത്തിന് ശേഷം രണ്ടാമതൊന്നും ആലോചിക്കാതെ കൃഷി തന്നെയാണ് തന്റെ ജീവിത മാര്‍ഗമെന്ന് ഉറപ്പിച്ച് മണ്ണിലേക്കിറങ്ങുകയായിരുന്നു. 

agri

കൃഷിയിലെ ആദ്യ പ്രതിസന്ധികള്‍ തരണം ചെയ്തു കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റിങ്ങായിരുന്നു പ്രധാന പ്രശ്‌നമെന്ന് സിനോജ് ഓര്‍ക്കുന്നു. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ്ങ് വഴി സാധാരണയില്‍ക്കൂടുതല്‍ വിളവ് കിട്ടിയപ്പോള്‍ വില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. എന്നാല്‍ ഇവരുടെ സൗഹൃദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലൂടെ ഇതിനെല്ലാം പരിഹാരം അവര്‍ കണ്ടുപിടിച്ചു. മാള, കൊരട്ടി, പൊയ്യ, പുത്തന്‍ചിറ, ആളൂര്‍ എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് കൃഷി.

'സൗഹൃദത്തില്‍ നിന്നാണ് കൃഷി തുടങ്ങിയത്. എല്ലാവരും പ്ലാന്‍ ചെയ്താണ് കൃഷി നടപ്പിലാക്കിയത്. സാധാരണ ഒരാള്‍ ചെയ്യുന്നത് വേറൊരാള്‍ക്ക് പറഞ്ഞുകൊടുക്കാറില്ല. പക്ഷേ ഞങ്ങള്‍ എല്ലാവരും സംസാരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വെണ്ട, തക്കാളി, പടവലം, പാവയ്ക്ക, ചേന, ചേമ്പ്, തുടങ്ങി ഏകദേശം പന്ത്രണ്ടോളം സാധനങ്ങള്‍ ഞങ്ങള്‍ക്ക് കടയില്‍ കൊടുക്കാന്‍ കഴിയുന്നുണ്ട്.  കടക്കാരന്‍ വീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകും. എന്തു പുതിയ സംഭവമുണ്ടെങ്കിലും ഞങ്ങള്‍ ഒരുമിച്ചേ പോകുകയുള്ളു. കൃത്യതാ കൃഷിയാണ് (Precision Farming) ഞങ്ങള്‍ ചെയ്യുന്നത്. കൃത്യമായ അളവില്‍ വെള്ളവും വളവും ചെടികള്‍ക്ക് നല്‍കുമ്പോള്‍ നല്ല വിളവ് ലഭിക്കും'

രജീഷിനും പറയാനുള്ളത്  കൂട്ടായ്മയുടെ വിജയത്തെക്കുറിച്ചാണ്. 'ഒരേ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്നവരാണ് ഞങ്ങള്‍. ലാറ്റെക്‌സ് കമ്പനിയില്‍ ഫാക്റ്ററി മാനേജറായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. ആദ്യം രണ്ട് ഏക്കറിലായിരുന്നു കൃഷി തുടങ്ങിയത്. പിന്നീട് 25 ഏക്കറിലായി വ്യാപിച്ചു. തികച്ചും ശാസ്ത്രീയമായ സമീപനമാണ് കൃഷിയില്‍ അവലംബിക്കുന്നത്. മണ്ണ് പരിശോധിച്ച് സൂക്ഷ്മ മൂലകങ്ങളുടെ കുറവ് മനസ്സിലാക്കണം. പി.എച്ച് ലെവല്‍ കൃത്യമാക്കി വെക്കണം. മൊബൈലില്‍ നിന്ന് വിളിച്ചാല്‍ മോട്ടോര്‍ ഓണ്‍ ആകുകയും ചെടി നനയ്ക്കാന്‍ കഴിയുകയും ചെയ്യും.' 

agri

കൃത്യത കൃഷി ആദ്യമായി പരീക്ഷിച്ച് വിജയിച്ച രഞ്ജിത്താണ് ഇവരുടെ ഹീറോ. സംസ്ഥാന സര്‍ക്കാരിന്റെ  മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുള്ള രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'പഠിച്ചത് മെക്കാനിക്കല്‍ ഡിപ്ലോമയാണ്. പഠിക്കുന്ന സമയത്തും കൃഷിയില്‍ സജീവമായിരുന്നു. ഏതു തൊഴിലാണെങ്കിലും നമ്മളെക്കൊണ്ട് പറ്റുന്ന രീതിയില്‍ മാറ്റം വരുത്തുക എന്നതാണ് ശരി.' 

'കൃഷി ചെറിയ കാര്യമല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് രഞ്ജിത്ത്. 'ഞങ്ങളുടെ കൂട്ടായ്മ തന്നെയാണ് കൃഷിയില്‍ പുരോഗതി ഉണ്ടാക്കാന്‍ സഹായിച്ചത്. 'മാള മോഡല്‍' എന്ന രീതി തന്നെ കൃഷിയില്‍ ഉരുത്തിരിഞ്ഞു വന്നത് ഞങ്ങളുടെ സൗഹൃദത്തില്‍ നിന്നുമാണ്. ഞങ്ങള്‍ തമ്മില്‍ കൃഷി സംബന്ധമായ എല്ലാക്കാര്യങ്ങളും പങ്കുവെക്കും. മികച്ച വിളവുണ്ടാക്കാനും വില്‍പ്പന നടത്താനുമെല്ലാം വലിയ സാദ്ധ്യതകളാണ് ഈ സൗഹൃദത്തിലൂടെ ഞങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞത്. ഞങ്ങളെല്ലാവരും വെറും സാധാരണക്കാരാണ്. ആര്‍ക്കും ഞങ്ങളെ അറിയില്ലായിരുന്നു. ഞങ്ങളെ ആളുകള്‍ അറിയാന്‍ തുടങ്ങിയത് കൃഷിയിലൂടെയാണ്. കൃഷി ചെറിയ കാര്യമല്ല, വല്യ കാര്യം തന്നെയാണ്. 

agri

ഇനി  മറ്റൊരാള്‍ കൂടിയുണ്ട്. മാള ഗ്രാമ പഞ്ചായത്ത് മെമ്പറാണ് ശ്രീജിത്ത്. ഇപ്പോള്‍ ആറ് വര്‍ഷമായി കൃഷിയില്‍ സജീവമാണ്. നല്ലൊരു കര്‍ഷകനായതു കൊണ്ട് കൂടിയാണ് ജനസമ്മതനായി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടത്. കൃഷിയില്‍ സജീവമാകുന്നതിന് മുമ്പ് ശ്രീജിത്ത് ഒരു പ്രവാസി മലയാളിയായിരുന്നു. ആദ്യം ഒരേക്കര്‍ പറമ്പിലാണ് കൃഷി ചെയ്തു തുടങ്ങിയത്. ഇപ്പോള്‍ 25 ഏക്കറില്‍ കൃഷിയുണ്ട്. ഒന്നോ രണ്ടോ ഇനങ്ങള്‍ മാത്രം കൃഷി ചെയ്താല്‍ ഒരിക്കലും ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്ന് ശ്രീജിത്ത് പറയുന്നു. 

agri

ശ്രീജിത്തിന്റെ കുടുംബവും  പരമ്പരാഗതമായി  കൃഷിക്കാരാണ്. മീന്‍വളര്‍ത്തലില്‍ കമ്പമുണ്ടായിരുന്നു. രഞ്ജിത്തും ശ്രീജിത്തും ചേര്‍ന്നാണ് കൃത്യത കൃഷിക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തത്. പൊട്ട് വെള്ളരിയിലാണ് കൃഷി ആദ്യം തുടങ്ങിയത്. 60 ദിവസം കൊണ്ട് വെള്ളരി വിളവെടുത്തു. പച്ചക്കറികൃഷി കൂടാതെ മീന്‍, ആട്, പോത്ത് എന്നിവയെല്ലാമുണ്ട് ശ്രീജിത്തിന്റെ കൃഷിയിടത്തില്‍. 

കൃത്യത കൃഷിയാണ് കൃഷിയില്‍ അനുകരിക്കാവുന്ന രീതിയെന്ന് അവരുടെ അനുഭവം വ്യക്തമാക്കുന്നു.