കൈകള്‍ കുത്തിനിരങ്ങിയാണെങ്കിലും ജീവിതത്തെ നോക്കി മന്ദഹസിക്കുകയാണ് കുംബയെന്ന ആദിവാസി സ്ത്രീ. ജീവിത പ്രാരാബ്ധങ്ങള്‍ തോല്‍പ്പിക്കാന്‍ പലതവണ വന്നപ്പോഴും ആത്മധൈര്യം കൊണ്ട് നേരിട്ടു. ആര്‍ക്കു മുന്നിലും കൈനീട്ടാതെ സ്വപ്രയത്‌നം കൊണ്ട് ഒരോ കാലത്തെയും പിന്നിലാക്കി സ്വപനങ്ങള്‍ നരച്ചു തുടങ്ങുന്ന വാര്‍ദ്ധക്യത്തിലെത്തുമ്പോഴും ഈ വീട്ടമ്മയ്ക്ക് വിശ്രമമില്ല. പാടത്ത് മണ്ണില്‍ നിരങ്ങി പച്ചക്കറി കൃഷിയില്‍ വ്യാപൃതയാകുമ്പോള്‍ ഈ ജീവിതത്തില്‍ ഇനിയുമേറെ നേടാനുണ്ടെന്ന പ്രത്യാശയിലാണ് ഇവര്‍.

ജന്മനാ പോളിയോ ബാധിച്ചാണ് വയനാട്ടിലെ വെള്ളമുണ്ട മംഗലശ്ശേരി മലയിലെ കൊല്ലിയില്‍ കുംബയുടെ അരയ്ക്ക് താഴെ പൂര്‍ണ്ണമായും തളര്‍ന്നുപോയത്. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യകാലം. സ്‌കൂളില്‍ പോകാനൊന്നും കഴിഞ്ഞില്ല. ആര്‍ക്കും ഒരു ബാധ്യതയാകരുതെ് മനസ്സില്‍ അടിയുറച്ചു പോയിരുന്നു. വളര്‍ന്നു വന്നപ്പോഴും മറ്റുള്ളവരുടെ ജിവിതം നോക്കി സമയം പാഴാക്കാന്‍ മെനക്കെട്ടില്ല.എനിക്കും എല്ലാം കഴിയുമെന്ന് തെളിയിച്ചു കൊണ്ടേയിരുന്നു. അകലത്തുള്ള കിണറില്‍ നിന്നും വെള്ളം കോരി തലയില്‍ വെച്ച് ഇരുകൈകള്‍ കുത്തി നിരങ്ങി വന്നു. തോട്ടത്തില്‍ ഒരു കൈ നിലത്തുകുത്തി മറ്റേ കൈകൊണ്ട് തൂമ്പ ഉപയോഗിച്ച് ആഞ്ഞു കിളച്ചു. കാട്ടില്‍ നിന്നും ആവശ്യത്തിനുള്ള വിറകുകള്‍ ശേഖരിച്ച് സ്വന്തം വീട്ടിലെ അടുപ്പ് പുകയിച്ചു. മറ്റുള്ളവരുടെ സഹതാപങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിക്കേണ്ടി വന്നപ്പോള്‍ ദുഖങ്ങളെല്ലാം ഉള്ളിലൊരു തേങ്ങല്‍ മാത്രമായി മാറി.

ഇതിനിടയില്‍ ഒരു കുടുംബം വേണമെന്ന് കുംബ അതിയായി ആഗ്രഹിച്ചു. ഇരു കാലുകളുമില്ലാത്ത ഒരാളെ തേടി ആരും വരാനില്ല.ഏറെ വൈകിയാണെങ്കിലും വിവാഹം കഴിച്ചു. എന്നാല്‍ ഹൃദയ വാള്‍വിന് അസുഖമുള്ള ഭര്‍ത്താവിനെ പരിചരിക്കലും വൈകല്യമുള്ള കുംബയുടെ ജോലിയായി. അസുഖങ്ങള്‍ ഒന്നൊന്നായി വന്നു കൊണ്ടിരുന്നു. ഇതിനിടയില്‍ പ്രതീക്ഷയായി ഒരു മകന്‍ ജനിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റേതായിരുന്നു ആ നാളുകള്‍. മകനെയും അല്ലലറിയാതെ വളര്‍ത്താന്‍ ഇവര്‍ തന്നെ മുന്നിട്ടറങ്ങി. 

അസുഖം മൂര്‍ച്ഛിച്ച് ഭര്‍ത്താവ് കുങ്കന്‍ അഞ്ചു വര്‍ഷം മുമ്പ് മരിച്ചു. മകന്‍ രാജുവിനെ പ്ലസ് ടു വരെ പഠിപ്പിച്ചെങ്കിലും തുടര്‍ന്ന് പഠിപ്പിക്കാന്‍ കഴിവില്ലാത്തതിനാല്‍ എല്ലാം നിലച്ചു. മകനൊരു ജോലികിട്ടിയാല്‍ ഈ വാര്‍ദ്ധക്യത്തില്‍ ഒരു ആശ്വാസമാകും. ഇതുമാത്രമാണ് ഒരു ആഗ്രഹമായി ഇവര്‍ക്ക് പറയാനുള്ളത്. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. നിത്യ ചെലവുകള്‍ക്കിടയില്‍ അതൊന്നും ഒന്നിനും തികയില്ലല്ലോ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം  ഓട്ടോറിക്ഷകളില്‍ കയറി ഓഫീസുകളിലും മറ്റും പോകും. മറ്റുള്ളവര്‍ക്കിടയില്‍ ഈ ജീവിത ദൈന്യതകള്‍ അറിയിക്കേണ്ടല്ലോ എന്ന് കരുതി സ്വന്തം വീട്ടിലെ കൃഷിയിടത്തില്‍ തന്നെ അന്തിയാവോളം പണിചെയ്ത് ഇക്കാലമെല്ലാം വിധിയെ തോല്‍പ്പിച്ചു തന്നെ നിന്നു. 

കഴിഞ്ഞ രണ്ടു വര്‍ഷമായി രണ്ടു ഓപ്പറേഷനുകള്‍ കഴിഞ്ഞു നില്‍ക്കുകയാണ്. പഴയതുപോലെ മനസ്സിനൊത്ത് ശരീരം വഴങ്ങുന്നില്ല. ആരുമറിയാതെ ചുറ്റുവട്ടത്തുള്ള ആദിവാസികള്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്ന ഈ ജീവിത പോരാട്ടങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന്റെ നിശബ്ദ വിപ്ലവമാവുകയാണ്.