വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കാതെ ദുരിതകാലത്ത് വിതയെറിഞ്ഞ കര്‍ഷകര്‍ക്കിത് ആഹ്ലാദത്തിന്റെ കാലം. പ്രളയം സംഹാരതാണ്ഡവമാടിയ പാടങ്ങളില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്ലും പച്ചക്കറികളും കൊയ്‌തെടുക്കുകയാണവര്‍.

ജില്ലയില്‍ പ്രളയം ഏറ്റവുമധികം കാര്‍ഷികവിളകള്‍ നശിപ്പിച്ച ചാത്തമംഗലം, മാവൂര്‍, പെരുവയല്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ വയലുകളില്‍ നെല്ലിന്റെയും പച്ചക്കറികളുടെയും വിളവെടുപ്പ് നടക്കുകയാണ്. വാഴത്തോട്ടങ്ങള്‍ വളര്‍ന്നുപന്തലിച്ച് പച്ചപ്പ് പടര്‍ത്തിനില്‍ക്കുന്നുണ്ട്. പ്രളയം എക്കല്‍നിറച്ച പാടങ്ങളില്‍ കപ്പയും ചേമ്പും മറ്റ് കാര്‍ഷിക വിളകളും സമൃദ്ധമായി വളരുന്നു.

പ്രദേശത്തെ മാതൃകാകര്‍ഷകനായി അറിയപ്പെടുന്ന വെള്ളന്നൂര്‍ വിരുപ്പില്‍ ഇടുവീട്ടില്‍ ചന്ദ്രന്‍ ചൊവ്വാഴ്ച നെല്ല് കൊയ്‌തെടുക്കുന്നതിന്റെ തിരക്കിലായിരുന്നു. അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തില്‍ ചന്ദ്രന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. മാവൂര്‍ പഞ്ചായത്തിനുകീഴില്‍ മാതൃകാ കൃഷിത്തോട്ടമായിരുന്നു ചന്ദ്രന്റേത്. കൃഷിഭവനുകളിലേക്ക് വിതരണം ചെയ്യാനുള്ള പച്ചക്കറിത്തൈകളും ഗ്രോബാഗുകളുമെല്ലാം കരകവിഞ്ഞൊഴുകിയ ചാലിയാര്‍ തുടച്ചുനീക്കിയിരുന്നു. കൃഷിവകുപ്പിന്റെ സഹായത്തോടെ സ്ഥാപിച്ചിരുന്ന ഹൈടെക് നഴ്സറിയും മഴമറയും നാമാവശേഷമായി.

chandran
വെള്ളന്നൂര്‍ ഇടുവീട്ടില്‍ ചന്ദ്രന്‍ നെല്ല് കൊയ്ത പാടത്ത്

ചന്ദ്രന്റെ സമാനമായ അനുഭവങ്ങളായിരുന്നു മേഖലയിലെ മറ്റ് കര്‍ഷകരുടേതും. പേമാരിയില്‍ ദിവസങ്ങളോളം പ്രദേശത്ത് വെള്ളം കെട്ടിനിന്നിരുന്നു. കാര്‍ഷികവിളകളുടെ നാശത്തില്‍ പലരും കടക്കെണിയിലായി. എന്നാല്‍ കൃഷി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. പ്രകൃതി മുന്നോട്ടുവെച്ച വെല്ലുവിളി എറ്റെടുത്ത് അവര്‍ പാടത്ത് വിത്തിറക്കി. വാഴയും പച്ചക്കറികളും നട്ടു.

മൂന്നുമാസം പിന്നിടുമ്പോള്‍ പാടത്ത് വിളഞ്ഞ നെല്ല് കൊയ്‌തെടുക്കുകയാണ് ചന്ദ്രന്‍. വിത്തുവിതച്ച കര്‍ഷകത്തൊഴിലാളി കരിയാത്തന്‍തന്നെയാണ് കൊയ്ത്തിനും നേതൃത്വം നല്‍കിയത്. സഹായിക്കാന്‍ ബംഗാളി തൊഴിലാളികളും. നല്ല വിളതന്നെ ലഭിച്ചെന്ന് ചന്ദ്രന്‍ പറയുന്നു.

ഔഷധഗുണമുള്ള രക്തശാലി ഇനമാണ് കൊയ്യാന്‍ പാകമായത്. രക്തശാലിക്ക് പുറമെ, നീരജ, ജയ, ആതിര വിത്തുകളും വിതച്ചിരുന്നു. രക്തശാലി 110 ദിവസംകൊണ്ട് പാകമാവും. കടുത്ത ചുവപ്പുനിറമുള്ള രക്തശാലി അരിക്ക് മാര്‍ക്കറ്റില്‍ 140 മുതല്‍ 200 രൂപവരെ വില ലഭിക്കും. വെള്ളയരി ലഭിക്കുന്ന നീരജയും ജയയും പാകമാവാന്‍ 120 മുതല്‍ 130 വരെ ദിവസമെടുക്കും. ചുവന്നയരി ലഭിക്കുന്ന ആതിരയും വിളയാന്‍ ഇതേ സമയമെടുക്കും.

agriculture

ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കാന്‍ മാത്രം പതിനയ്യായിരം രൂപയോളം ചെലവ് വരുമെന്ന് കര്‍ഷകര്‍ പറയുന്നു. വളപ്രയോഗവും മറ്റുപണികളും കൊയ്ത്തുമടക്കം മൊത്തം 27000 രൂപവരെ വേണ്ടിവരും. ഏക്കറിന് ഒന്നരമുതല്‍ രണ്ട് ടണ്‍വരെ നെല്ല് ലഭിക്കും. വിപണിവില കണക്കാക്കുമ്പോള്‍ കാര്യമായ ലാഭം നെല്‍കൃഷിയില്‍നിന്ന് ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

പച്ചക്കറികളില്‍ പയറും വെണ്ടയും വെള്ളരിയും കയ്പയും ചീരയുമാണ് പ്രധാനമായി പ്രദേശത്ത് കൃഷിചെയ്യുന്നത്. വാഴകൃഷിയില്‍ ഇടവിളയായും പച്ചക്കറി കൃഷിചെയ്യുന്നു. രണ്ടുമാസംകൊണ്ട് പച്ചക്കറികള്‍ വിളവെടുക്കാനാവും. ഹൈബ്രിഡ് കാര്‍കൂന്തല്‍ പയര്‍ ഒരു മീറ്ററിലേറെ നീളംവെക്കുന്നു. വെണ്ടയും വെള്ളരിയും നാടന്‍ ഇനങ്ങളാണ്. രണ്ടാം വിളയ്ക്കുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകരിപ്പോള്‍.

പച്ചക്കറികള്‍ക്ക് ഇത്തവണ പ്രതീക്ഷിച്ച വില ലഭിക്കുന്നില്ലെന്ന് കര്‍ഷകനായ വളയന്നൂര്‍ കുഴിയാട്ട് രജനീഷ് പറയുന്നു. സഹോദരന്‍ അജിലേഷുമൊത്താണ് രജനീഷ് രണ്ടരയേക്കറോളം സ്ഥലത്ത് കൃഷിയിറക്കിയത്. നല്ല വിളവ് ലഭിച്ചു. എന്നാല്‍ വിലയിടിവ് തിരിച്ചടിയായി. പച്ചക്കറികള്‍ കടകളില്‍ നേരിട്ട് എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ജില്ലയില്‍ ഏറ്റവുമധികം വാഴകൃഷിയുള്ളത് വെള്ളന്നൂര്‍, വളയന്നൂര്‍, ചെട്ടിക്കടവ്, സങ്കേതം, നെച്ചൂളി, മൂഴാപ്പാലം, കണ്ണിപറമ്പ്, ചെറുകുളത്തൂര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ്. കേരളത്തിലെ തൃശ്ശിനാപ്പള്ളി എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആയിരത്തിലേറെ വാഴക്കര്‍ഷകര്‍ മേഖലയിലുണ്ട്. പ്രളയത്തില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടതും വാഴക്കര്‍ഷകര്‍ക്കായിരുന്നു. മൂന്നു തവണയായാണ് വെള്ളപ്പൊക്കം കൃഷി നശിപ്പിച്ചത്. ആദ്യ വെള്ളപ്പൊക്കത്തില്‍ വിളഞ്ഞ വാഴക്കുലകള്‍ വെട്ടിയെടുക്കാനാവാതെ നശിച്ചു. തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വാഴത്തൈകളും കൂട്ടമായി ചീഞ്ഞുനശിച്ചു.

പ്രളയത്തിനുശേഷം കര്‍ഷകര്‍ വീണ്ടും വാഴവെച്ചു. ഇവയെല്ലാം നന്നായി വളര്‍ന്നുവരുന്നുണ്ട്. ഒമ്പതുമാസമാണ് വാഴകുലച്ച് മൂപ്പെത്താനെടുക്കുന്ന സമയം. മേയ് അവസാനമാവുമ്പോഴേക്കും വിളവെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ്. രണ്ടായിരത്തിലേറെ വാഴകള്‍ കൃഷിചെയ്യാറുണ്ടായിരുന്ന വെള്ളന്നൂര്‍ മണ്ണില്‍താഴത്ത് സഹദേവന്‍ കൊള്ളപ്പലിശയ്ക്ക് പണംവാങ്ങിയാണ് ഇത്തവണ കൃഷിയിറക്കിയത്. ഇടവിളയായി പച്ചക്കറിയും കൃഷിചെയ്യുന്നു. നല്ല വിളവാണ് സഹദേവന്‍ പ്രതീക്ഷിക്കുന്നത്. സഹദേവന്റെ ശുഭചിന്തതന്നെയാണ് ഇവിടുത്തെ കര്‍ഷകരെ മുന്നോട്ടുനയിക്കുന്നത്.

Content highlights: Agriculture, Organic farming, Vegetables