വെള്ളാങ്ങല്ലൂര്‍, ഇടവനവീട്ടിലെ വിനോദിന്റെ 90 സെന്റ് പുരയിടത്തില്‍ നിറയെ കിഴങ്ങുകളാണ്. 100 ഇനം ചേമ്പ്, 45 ഇനം കാച്ചില്‍, 60 ഇനം കപ്പ, 26 ഇനം വാഴ, ചേന 12 ഇനം, ഇഞ്ചി, മഞ്ഞള്‍ എന്നിവ 18 ഇനം, അഞ്ചിനം കരിമഞ്ഞള്‍. എല്ലാം വിനോദ് ശേഖരിച്ച് സംരക്ഷിക്കുന്നു. വിപണിയേക്കാള്‍ ഈ നാല്‍പ്പത്തഞ്ചുകാരന് പ്രധാനം സംരക്ഷണമാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ഐ.സി.എം.ആര്‍.) കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്‌സിന്റെ (എന്‍.ബി.പി.ജി.ആര്‍.) കസ്റ്റോഡിയല്‍ കര്‍ഷകനാണ് വേളൂക്കര പഞ്ചായത്തിലെ കൊറ്റനെല്ലൂര്‍ സ്വദേശി വിനോദ്.

21 വര്‍ഷംമുമ്പാണ് കിഴങ്ങുകൃഷിയോട് താത്പര്യം തുടങ്ങിയത്. അച്ഛന്‍ രാമകൃഷ്ണനും അമ്മ ശാന്തയും കര്‍ഷകരായിരുന്നു. അന്ന് വീട്ടില്‍ കൃഷിചെയ്തിരുന്ന കപ്പയും കാച്ചിലും ചേമ്പും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വയനാട് സ്വദേശി പി.ജെ. മാനുവലിനെ പരിചയപ്പെട്ടതോടെയാണ് കിഴങ്ങുവര്‍ഗങ്ങളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വ്യത്യസ്ത ഇനങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ശ്രമിച്ചതോടെ വിത്തുകളുടെ ശേഖരണം തുടങ്ങി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കര്‍ഷകരെത്തേടി വിനോദ് പോയി.

പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള വിനോദിന് കാര്‍ഷികവകുപ്പ് നടത്തുന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാനും ക്ലാസെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം എന്‍.ബി.പി.ജി.ആറിന്റെ നേതൃത്വത്തില്‍ നാടന്‍ കിഴങ്ങുവര്‍ഗങ്ങളുടെ പ്രദര്‍ശനവും നാടന്‍ വിത്തിനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ക്ലാസും നടന്നത് വിനോദിന്റെ പുരയിടത്തിലാണ്.

50 കര്‍ഷകര്‍ക്ക് നാടന്‍ കിഴങ്ങുവര്‍ഗങ്ങളുടെ വിത്തുകളുടെ വിതരണം നടന്നു. തന്നെ സമീപിക്കുന്ന കര്‍ഷകര്‍ക്ക് വിവിധ ഇനം വിത്തുകള്‍ വിനോദ് നല്‍കാറുണ്ട്. വിളവെടുത്തുകഴിഞ്ഞാല്‍ കുറച്ച് വിത്തുകള്‍ തരണമെന്ന അഭ്യര്‍ഥനയോടെയാണ് നല്‍കുക. കൂടുതല്‍ ആളുകളിലേക്ക് പോഷകഗുണമുള്ള നാടന്‍ ഇനങ്ങള്‍ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2019ലെ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ കാര്‍ഷികപുരസ്‌കാരവും വേളൂക്കര പഞ്ചായത്തിലെ മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാരവും വിനോദ് നേടിയിരുന്നു.

കപ്പച്ചേമ്പ്...നെയ്ചേന...

വിനോദിന്റെ ശേഖരത്തിലുള്ളത്: കപ്പച്ചേമ്പ്, മണ്ണൂറാന്‍ കാച്ചില്‍, കൈയാലചാടി കപ്പ, ആനക്കൊമ്പന്‍ കപ്പ, തൊലിക്കകത്തും പുറത്തും മഞ്ഞനിറമുള്ള സി.എം.ആര്‍. 100, ഇന്‍ഡൊനീഷ്യന്‍ റെഡ് ഇഞ്ചി, കരിയിഞ്ചി, ഗന്ധകശാലാ കാച്ചില്‍, കോഴിക്കാലന്‍ ഇഞ്ചി, ബ്രസീല്‍ ഇഞ്ചി, മിസോറമില്‍നിന്നുള്ള 12 ഇനം ചേമ്പ്, നെയ്‌ചേന, ഗജേന്ദ്രചേന.

Content Highlights: A Thrissur native farmer cultivating Tubers