കോവിഡിനെ തുടര്‍ന്ന് അന്യരാജ്യത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയാണോ നിങ്ങള്‍. ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചിന്തിച്ച് ആശങ്കപ്പെടുന്നുണ്ടോ. എങ്കില്‍ വിദേശമലയാളിയായിരുന്ന തൊടുപുഴ ഏഴല്ലൂര്‍ സ്വദേശി പൊട്ടനാനിക്കല്‍ സാബു ജോണിന്റെ സ്വന്തം നാട്ടിലെ കാര്‍ഷിക വിജയഗാഥ ഒരുപക്ഷേ നിങ്ങള്‍ക്ക് പ്രചോദനമായേക്കാം.
എല്ലാമുപേക്ഷിച്ച് വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം കൃഷിയിലേക്ക് തിരിഞ്ഞ സാബു അധ്വാനവും ബുദ്ധിയും ഉപയോഗിച്ചാണ് സ്വന്തം നാട്ടില്‍ മികച്ച വരുമാനമുള്ള ജീവിതം കെട്ടിപ്പടുത്തത്. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മാത്രം കൃഷിയിലൂടെ ഇന്നദ്ദേഹം സമ്പാദിക്കുന്നത് ആയിരങ്ങളാണ്.
ദുബായില്‍ ബിസിനസ് നടത്തുകയായിരുന്ന സാബു, മാതാവിനെ പരിചരിക്കുന്നതിനായാണ് എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയത്. നല്ലൊരു കര്‍ഷകന്റെ മകനായ അദ്ദേഹത്തിന് തിരിച്ചെത്തുമ്പോള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ രണ്ടാമതൊന്നും ആലോചിക്കേണ്ടിവന്നില്ല.
വര്‍ധിച്ചുവരുന്ന പണിക്കൂലിയും മറ്റ് ചെലവുകളും ഒഴിവാക്കാന്‍ സാബു അല്പം ബുദ്ധിപരമായി ചിന്തിച്ചു. വീട്ടുവളപ്പിലും പാരമ്പര്യമായി ലഭിച്ച രണ്ടേക്കര്‍ സ്ഥലത്തും ഏറെ വിപണന സാധ്യതയുള്ള റെഡ് ലേഡി പപ്പായയും പാഷന്‍ ഫ്രൂട്ടും അപൂര്‍വ ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ചു. പണിച്ചെലവ് അധികം വേണ്ടെന്നതും എളുപ്പം കായ്ക്കുമെന്നതും കുറച്ച് വളംമാത്രം മതിയെന്നതുമാണ് ഈ രീതി തിരഞ്ഞെടുക്കാനുള്ള പ്രചോദനം. മാത്രമല്ല വര്‍ഷം മുഴുവന്‍ വിളവെടുക്കാനും കഴിയും. സാബു തന്നെയാണ് ചെടികളുടെ പരിപാലനം. ഇക്കാലത്തിനിടെ പുറത്തുനിന്ന് ആളെ ജോലിക്കുവെച്ച സന്ദര്‍ഭം കുറവാണ്.
ഒരേക്കര്‍ സ്ഥലത്ത് ആയിരത്തിലേറെ റെഡ് ലേഡി പപ്പായകളുണ്ട്. വീട്ടുവളപ്പിലും ടെറസിലുമൊക്കെയാണ് മൂന്നു ഇനങ്ങളിലുള്ള പാഷന്‍ഫ്രൂട്ട് കൃഷി. കൂടാതെ ഡ്രാഗണ്‍ ഫ്രൂട്ട്, സ്റ്റാര്‍ ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍, പുലാസ, അഭിയു, വിവിധയിനം പേരയ്ക്ക, മില്‍ക്ക് ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ അധിക വരുമാനം നേടിത്തരുന്നു.
കൊച്ചി നഗരത്തിലെ കാഡ്സ് ഗ്രാമച്ചന്തയാണ് ഇതിന്റെ പ്രധാന വിപണി. മാസം അമ്പതിനായിരം രൂപയില്‍ കുറയാത്ത വരുമാനം ഇതില്‍ നിന്നെല്ലാം ലഭിക്കുന്നുണ്ട്. സ്വന്തം ആവശ്യത്തിനായി വീടിന് സമീപത്ത് മത്സ്യക്കുളവും പച്ചക്കറി കൃഷിയുമുണ്ട്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭാര്യ ഉഷയും സാബുവിനെ സഹായിക്കുന്നുണ്ട്. അധ്വാനിക്കാനുള്ള മനസ്സും കുറച്ച് ഭൂമിയുമുണ്ടെങ്കില്‍ മടങ്ങിയെത്തുന്ന ആര്‍ക്കും നാട്ടിലും ചെറിയൊരു ഗള്‍ഫ് കെട്ടിപ്പെടുക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മക്കളായ പ്രീത, പ്രിന്‍സി, അനൂപ് എന്നിവരും ഒപ്പമുണ്ട്.
Content Highlights: A tale of a farmer's hard work, who grow Red Lady Papaya, Passion fruit and others