സ്ഹര്‍ ഇബ്‌നുവിന് വയസ്സ് 16. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്നു. പ്രതിമാസ വരുമാനം 30,000 രൂപ. ശാസ്ത്രമേളയില്‍ പരാജയപ്പെട്ടിടത്തുനിന്നാണ്, സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച് അസ്ഹര്‍ ബിസിനസില്‍ വിജയമായത്. തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌കൂളിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അഭിമാനമാണ് ഈ യുവ സംരംഭകന്‍.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരന്‍ അല്‍ത്താഫിനൊപ്പം, മുട്ടവിരിയിച്ച് കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച് ശാസ്ത്രമേളയില്‍ അവതരിപ്പിച്ചതാണ് അസ്ഹറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും അസ്ഹര്‍ പിന്മാറാന്‍ തയ്യാറായില്ല. യൂട്യൂബില്‍നിന്ന് വിവരം ശേഖരിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആധുനികരീതിയില്‍ ഇന്‍ക്യുബേറ്റര്‍ തയ്യാറാക്കി. ശാസ്ത്രമേളയില്‍ അവതരിപ്പിച്ചെങ്കിലും മറ്റ് ഇനങ്ങളോട് മത്സരിച്ച് വിജയിക്കാനായില്ല.

എന്നിട്ടും അസ്ഹര്‍ തളര്‍ന്നില്ല. തെര്‍മോക്കോളില്‍ പെട്ടികൂട്ടി ബള്‍ബും തെര്‍മോസ്റ്റാറ്റും ചെറിയ ഫാനുമെല്ലാം സംഘടിപ്പിച്ച് ശാസ്ത്രീയമായിത്തന്നെ ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചു. അതില്‍ 70 മുട്ടകള്‍ വെച്ചപ്പോള്‍ 50 എണ്ണം വിരിഞ്ഞു. കേവലം 600 രൂപയായിരുന്നു ചെലവ്. കോഴിക്കുഞ്ഞുങ്ങളെ ഒരുമാസം വളര്‍ത്തിയശേഷം ഒരെണ്ണത്തിന് 100 രൂപ കണക്കില്‍ വിറ്റു. നല്ല ലാഭം കിട്ടിയതോടെ ആത്മവിശ്വാസമായി. തുടര്‍ന്ന് കൂടുതല്‍ ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചുതുടങ്ങി.

ashar ibn

ഇപ്പോള്‍ ആറ് ഇന്‍ക്യുബേറ്ററിലൂടെ മാസം 350 മുതല്‍ 400 വരെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നുണ്ട്. സാധാരണ ഇന്‍ക്യുബേറ്ററിന് പുറമെ ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, ഇന്‍ക്യുബേറ്ററും അസ്ഹര്‍ നിര്‍മിക്കുന്നുണ്ട്. ഇന്‍ക്യുബേറ്റര്‍ ആവശ്യമുള്ളവര്‍ക്ക് നിര്‍മിച്ച് നല്‍കുന്നുമുണ്ട്.

200 കോഴികള്‍ അടങ്ങുന്ന ഒരു ഫാമും അസ്ഹര്‍ പരിപാലിക്കുന്നു. ഇവയില്‍നിന്നെല്ലാംകൂടി പ്രതിമാസം 30,000 രൂപയ്ക്ക് മുകളില്‍ സമ്പാദിക്കാന്‍ കഴിയുന്നു. പഠനച്ചെലവിനും വീട്ടാവശ്യങ്ങള്‍ക്ക് അച്ഛനെ സഹായിക്കാനും ഇതുവഴി കഴിയുന്നുണ്ടെന്ന് അസ്ഹര്‍ അഭിമാനത്തോടെ പറഞ്ഞു. പ്ലസ്ടുവിന് സയന്‍സ് എടുത്തു പഠിക്കാന്‍ ആഗ്രഹിക്കുന്ന അസ്ഹറിന് പിന്തുണയുമായി അച്ഛന്‍ നജീമും അമ്മ സജിതയും സഹോദരന്‍ അമീറും ഒപ്പമുണ്ട്.

Content Highlights: A sixteen-year-old boy's success story in Hatchery business