ഓ... ഇത്തിരി സ്ഥലത്ത് എന്നാ കൃഷിചെയ്യാനാ... മുടക്കുമുതല്‍ തിരിച്ചുകിട്ടത്തില്ല... പിന്നെ കാശുള്ളവര്‍ക്ക് ഒരു ശേലിനിതൊക്കെ ചെയ്യാം... ഇങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവര്‍ക്ക് ഒക്കല്‍ എസ്.എന്‍. സ്‌കൂളിലെ അധ്യാപകനായ ടോമി മാഷിന്റെ നടുവട്ടത്തുള്ള വീട്ടിലേക്ക് സ്വാഗതം.
ഇവിടെ എട്ടു സെന്റില്‍ പച്ചപിടിക്കാത്ത സംഗതികളൊന്നുമില്ല. വാഴ, കപ്പ, ചേമ്പ്, വഴുതന, വെണ്ട, പയര്‍, കൂര്‍ക്ക, കുമ്പളം, തക്കാളി, പച്ചമുളക്, പാവല്‍, പടവലം, കോവല്‍.... അടുക്കളപ്പുറത്തേക്കു ചെന്നാല്‍ സ്വാഗതംചെയ്യുക രണ്ട് ആടുകളാണ്. ഇവയ്ക്ക് കൂട്ടായി 50 ഓളം കോഴികളും മൂന്ന് മുയലുകളും ലവ് ബേഡ്‌സും. രണ്ടു സെന്റുള്ള കുളത്തില്‍ 1500 ഓളം മത്സ്യങ്ങളും... എന്താ പോരേ...?
സമ്മിശ്ര കൃഷിയെന്ന ആശയമാണ് മാഷ് കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. വാഴയുടെ ഇടയില്‍ കപ്പ, കപ്പയുടെ അടിയില്‍ ചേമ്പ്, അങ്ങനെ ചോല 'അഡ്ജസ്റ്റ് 'ചെയ്താണ് വിള നടുന്നത്. വേലിക്ക് താങ്ങായി പാവല്‍, പടവലം, കോവല്‍ എന്നിവയുണ്ട്. കൃഷിവകുപ്പിന്റെപോലും സഹായംതേടാതെയാണ് കൃഷി. പിന്നെ, സഹായിക്കാന്‍ ഭാര്യ ജെയ്തയും മൂന്ന് മക്കളും മാത്രം.
കോഴി, ആട്, മുയല്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങളാണ് മാഷിന്റെ വളം. കരിയില കൂട്ടിയിട്ട് ഉണക്കി കത്തിച്ച് പൊടിവളമാക്കുന്നതിന് ഒരുപൈസപോലും ചെലവില്ല. മത്സ്യം, വാഴ, കപ്പ, ചേമ്പ് എന്നിവയൊക്കെ അത്യാവശ്യം വില്‍ക്കുകയോ വെറുതെകൊടുക്കുകയോ ചെയ്യാം. കൃഷിവഴി ശരീരത്തിന് നല്ല വ്യായാമവും മനസ്സിന് സന്തോഷവും ലഭിക്കും.
കഴിഞ്ഞകൊല്ലം മാഷ് 7000 രൂപയ്ക്ക് മീന്‍ വിറ്റു. കോഴിമുട്ടയും മുയലിറച്ചിയുമൊക്കെ വരുമാനം നല്‍കുന്നുണ്ട്. സമ്മിശ്ര കൃഷി നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. കീടബാധ തടയാന്‍ ഇത് ഉപകരിക്കുമെന്നും മാഷ് പറയുന്നു. അവനവന് ചെയ്യാനാവുന്ന സ്ഥലത്താണ് കൃഷി നടത്തേണ്ടത്. കുറച്ചുസ്ഥലത്ത് കൂടുതല്‍ കൃഷി.
Content Highlights: A School teacher's Success story in vegetable farming