ട്ടുപ്പാവ് വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറയാക്കിയാല്‍ കുടുംബാംഗങ്ങളുടെ പോഷകസുരക്ഷയ്ക്കു അതൊരു മുതല്‍ക്കൂട്ടായിരിക്കും. തിരുവനന്തപുരം പേട്ട കവറടിറോഡിലുള്ള റിട്ട. സീനിയര്‍ ബാങ്ക് മാനേജര്‍ കെ. രാജ്മോഹന്റെ വീട്ടുവളപ്പ് ഇതിനു ഉദാത്ത മാതൃകയാണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇവിടെ പഞ്ഞമില്ല. എല്ലാം ജൈവരീതിയില്‍ വിളയിച്ചവയും. 1250 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ടെറസില്‍ ഇരുനൂറു ചാക്കുകളിലും മറ്റുമായാണ് കൃഷി. രാജ്മോഹന്റെ കൃഷിരീതികള്‍ അറിയാം

തയ്യാറെടുപ്പ്

ടെറസില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം ത്രികോണാകൃതിയിലുള്ള മെറ്റല്‍ സ്റ്റാന്‍ഡ്, ഇഷ്ടിക എന്നിവ അതില്‍ വെച്ച ശേഷമാണ് ചട്ടിയുംമറ്റും മീതെ വെക്കുന്നത്. വെള്ളം വാര്‍ന്നുവീണ് ടെറസ് തളംകെട്ടാതിരിക്കാന്‍ ഇത് സഹായിക്കും. ഉള്‍ഭാഗം കഴുകി ഉണക്കിയെടുത്ത പഴയ വളച്ചാക്ക്, ഡ്രം, ഗ്രോബാഗ്, ചട്ടി എന്നിവ പച്ചക്കറികളുടെയും പഴങ്ങളുടെയും വളര്‍ച്ചസ്വഭാവമനുസരിച്ചു ഉപയോഗിക്കാം. കഠിനമായ വെയിലിനെ ചെറുക്കാന്‍ ആവശ്യമെങ്കില്‍ തണല്‍വല കെട്ടാം. വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നും വാങ്ങുന്നതോ സ്വന്തമായുള്ളതോ കൃഷിക്കൂട്ടായ്മകളിലൂടെ ലഭിക്കുന്നതോ ആയ ഗുണമേന്മയുള്ള വിത്തും തൈയുംതന്നെ നടീലിനുപയോഗിക്കണം.

മണ്ണൊരുക്കല്‍

മണ്ണ് നന്നായി വെയില്‍ കൊള്ളിക്കുന്നതു നല്ലതാണ്. ഇതിലൂടെ കീടങ്ങളെയും രോഗാണുക്കളെയും നശിപ്പിക്കാം. ഇങ്ങനെ പരുവപ്പെടുത്തിയ മണ്ണില്‍ കുറച്ചു കുമ്മായമോ ഡോളോമൈറ്റോ ചേര്‍ത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടി രണ്ടാഴ്ച വെക്കുക. ഈ മണ്ണിനൊപ്പം ചാണകപ്പൊടി, ചകിരിച്ചോറ്, മണ്ണിരകമ്പോസ്റ്റ് എന്നിവ തുല്യയളവില്‍ കലര്‍ത്തിയശേഷം ചട്ടിയുടെയും മറ്റും മുക്കാല്‍ ഭാഗത്തു നിറയ്ക്കാം.

അല്പം എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവകൂടി ചേര്‍ക്കുന്നത് വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും നല്ലതാണ്. തൈകള്‍ നടുന്നതിനുമുന്‍പ് കുഴിയില്‍ ജീവാണുവളമായ ഢഅങ (ഢലശെരൗഹമ അമൃയൗരൌഹമൃ ങ്യരീൃൃവശ്വമ) അല്പം വിതറുന്നതു വേരുവഴിയുള്ള രോഗബാധ ചെറുക്കാനും പോഷകാഗിരണം മെച്ചപ്പെടുത്താനും സഹായിക്കും. മണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചാണകപ്പൊടി, ചകിരിച്ചോറ്, പഴയ ന്യൂസ്പേപ്പര്‍ ചുരുട്ടിയത് എന്നിവ ഗ്രോബാഗില്‍ അട്ടികളായി നിറച്ചു കൃഷി ചെയ്യാം. നട്ടശേഷം രണ്ടാഴ്ചയിലൊരിക്കല്‍ ചാണകപ്പൊടി, കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ ചുവട്ടില്‍ ചേര്‍ക്കാം. അടുക്കള, പച്ചില മാലിന്യങ്ങള്‍ മറ്റുമുപയോഗിച്ചു സാധാരണ കമ്പോസ്റ്റോ മണ്ണിരകമ്പോസ്റ്റോ ഒക്കെ വീട്ടുവളപ്പില്‍ത്തന്നെ ഉണ്ടാക്കാം.

വ്യത്യസ്ത വിളകള്‍

വെണ്ട, വെള്ളരി, പടവലം, പാവല്‍, കത്തിരി, ചീര, അമര, കോവല്‍, ആഫ്രിക്കന്‍ മല്ലി, മണത്തക്കാളി, പയര്‍, മത്തന്‍, കുമ്പളം, മുളക്, കാബേജ്, ക്വാളിഫ്‌ലവര്‍, ബെര്‍ആപ്പിള്‍ (ഇലന്ത), മുന്തിരി, പാഷന്‍ഫ്രൂട്ട്, നാരകം, പപ്പായ, വാഴ, മള്‍ബെറി, സ്‌ട്രോബെറി, ചേന, ഇഞ്ചി, മഞ്ഞള്‍, കസ്തൂരിമഞ്ഞള്‍, കുറ്റിക്കുരുമുളക്, നിലക്കടല, ചോളം തുടങ്ങിയവയൊക്കെ മാറി മാറി കൃഷി ചെയ്യാം. ഇങ്ങനെ വ്യത്യസ്ത വിളകള്‍ വിളയിച്ചു കഴിക്കാനായാല്‍ ഒട്ടുമിക്ക പോഷകങ്ങളും കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും.

ജൈവകീടനാശിനി

ജൈവകീടനാശിനിയും ഇതേ ഇടവിട്ടു തളിക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാന്‍ ഉതകും. കീടങ്ങളെ അകറ്റാന്‍ പുക കയറ്റുന്നതു ഫലപ്രദമാണ്. കൂടാതെ ജൈവകുമിള്‍നാശിനികളായ സ്യൂഡോമോണസും ട്രൈക്കോഡെര്‍മയും ജൈവകീടനാശിനികളായ ബിവേറിയാ, വെര്‍ട്ടിസീലിയം എന്നിവയും പ്രയോഗിക്കാം. ഇലയുടെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ശല്‍ക്കകീടങ്ങളെ വേപ്പെണ്ണ എമല്‍ഷന്‍ ബ്രഷില്‍ മുക്കിയതുപയോഗിച്ചു തേച്ചു നശിപ്പിക്കാം. കാന്താരി വെളുത്തുള്ളി മിശ്രിതം, കഞ്ഞിവെള്ളം, ചാരം എന്നിവയും കീടനിയന്ത്രണത്തിനു ഉപയോഗിക്കാം.

നനയ്ക്കാം

ചുവട്ടില്‍ പഴയ ന്യൂസ്പേപ്പര്‍, കരിയില തുടങ്ങിയവ ഉപയോഗിച്ച് പുതയിടുന്നത് വേനലിലെ ഈര്‍പ്പനഷ്ടം കുറയ്ക്കും. വേനലിന്റെ കാഠിന്യമനുസരിച്ചു ദിവസവും ഒന്ന് മുതല്‍ മൂന്നു തവണവരെ നനയ്‌ക്കേണ്ടതുണ്ട്. വാര്‍ന്നു തളംകെട്ടുംവിധം വെള്ളം അധികമായി ഒഴിക്കരുത്. പകരം പലതവണയായി നല്‍കുക. തുള്ളിനനയും അനുവര്‍ത്തിക്കാം. വെള്ളരിപോലുള്ളവയ്ക്കു പടരാന്‍ ഉണക്ക ഓലയും കരിയിലയും ഉണക്ക മരച്ചില്ലയും ടെറസില്‍ നിരത്താം. കോവലിനും മറ്റും നെറ്റുപയോഗിച്ചു പന്തലിടാം. കുമ്പളവുംമറ്റും ഭാരംകൊണ്ടു താഴെവീഴാതിരിക്കാന്‍ പ്ലാസ്റ്റിക് ബാസ്‌കറ്റ് കെട്ടിത്തൂക്കി അതിനുള്ളിലാക്കുന്നത് നന്നായിരിക്കും.
രാജ്മോഹന്‍: 9447341326

തയ്യാറാക്കിയത്:ജി. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

Content Highlights: A retired bank manager's success story in terrace farming