മണ്ണിലേക്കിറങ്ങിയാല്‍ വിജയം നേടാന്‍ കഴിയും. ഇറങ്ങാന്‍ അതിനുംമാത്രം മണ്ണില്ലെങ്കിലോ എന്ന ചോദ്യം സ്വാഭാവികമാണ്. വെറും മൂന്നുസെന്റ് സ്ഥലംമാത്രം സ്വന്തമായുള്ള, എടത്തല പഞ്ചായത്തിലെ എന്‍.എ.ഡി. കോമ്പാറയിലെ നൊച്ചിമയില്‍ താമസിക്കുന്ന സുമി ശ്യാംരാജാണ് അതിനുള്ള മറുപടി. '' ലോക്ക്ഡൗണ്‍ വന്നപ്പോഴാണ് എനിക്കു കൂടുതല്‍ വരുമാനം നേടാന്‍ കഴിഞ്ഞത്. ആദ്യം കുറച്ചുദിവസം വെറുതെയിരുന്നു. 10 ദിവസത്തോളം ഒന്നും ചെയ്യാതെ അങ്ങനെ. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നി പുറത്തേക്കിറങ്ങി. പിന്നീട് വെറുതെ ഇരുന്നിട്ടേയില്ല. തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല''.
വീടിന്റെ ടെറസില്‍ നിന്നാണ് സുമി പ്രതിമാസം കുറഞ്ഞത് 30000 രൂപ വീതം ഉണ്ടാക്കുന്നത്. എപ്പീസിയ(Episcia) എന്ന ചെടിയാണ് 32 കാരിയായ സുമിയുടെ സമയം തെളിച്ചത്. ബിഗോണിയയും മറ്റും വീടുകള്‍ക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് സുമി ഈ ചെടി അങ്ങോട്ട് ഇറക്കിക്കൊടുക്കുന്നത്.
എല്ലാം ഓണ്‍ലൈന്‍
സുമിയുടെ വളര്‍ച്ചയ്ക്ക് ഫെയ്സ്ബുക്കാണ് താങ്ങുംതണലുമായത്. ഫെയ്സ്ബുക്കിലെ സുമീസ് ഗാര്‍ഡന്‍ എന്ന ഗ്രൂപ്പിലൂടെയാണ് സുമി ചെടികളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുന്നതും ബിസിനസ് നേടുന്നതും. ബിഗോണിയയും ഫിറ്റോണിയയും മണിപ്ലാന്റിന്റെ വിവിധ വകഭേദങ്ങളും ഉണ്ടെങ്കിലും തകര്‍ത്തുവെച്ചുകേറുന്നത് എപ്പീസിയയാണ്. ഇപ്പോള്‍ എപ്പീസിയയാണ് ട്രെന്റ്.

ഓരോ സമയത്തും ഓരോ ചെടികളോടും ആളുകള്‍ക്ക് താല്‍പര്യം കൂടും. ഇപ്പോള്‍ സമയം എപ്പീസിയയ്ക്കാണ്. ട്രെന്റ് എന്നാല്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നതാണെന്നാണ് സുമി പറയുന്നത്. എല്ലാവരും ബിഗോണിയയില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് നമ്മള്‍ എപ്പീസിയ എന്ന ഒരു ഐറ്റം മുന്നോട്ട് വെക്കുന്നത്. തായലന്റില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നയാളില്‍ നിന്നാണ് ഞാന്‍ വാങ്ങിയത്. അതിന്റെ ചെടികള്‍ വ്‌ളര്‍ന്നപ്പോള്‍ വിവരങ്ങള്‍ എല്ലാം പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വില്‍പന വന്‍തോതില്‍ കുതിച്ചുയര്‍ന്നു.
ചെടികളുടെ ഓരോ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ആദ്യത്തെ ദിവസങ്ങളിലൊക്കെ പോസ്റ്റുകള്‍ ഇട്ടത്. മനോഹരമായ ചെടിയാണെന്ന് കണ്ടതോടെ അന്വേഷണം കൂടി വന്നു. വില്പനയും. ചെടിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ പറയുമ്പോഴാണ് ആള്‍ക്കാര്‍ക്ക് അത് വാങ്ങിക്കാന്‍ തോന്നുന്നത്. എല്ലാചോദ്യങ്ങള്‍ക്കും ഫെയ്സ്ബുക്കിലൂടെ കൃത്യമായി മറുപടി നല്‍കിക്കൊണ്ടിരുന്നു.
കേരളത്തിന് പുറത്തുനിന്നാണ് കൂടുതലായും അന്വേഷണം വരുന്നത്. മലയാളികളും കുറവല്ല. ഓണ്‍ലൈന്‍ കച്ചവടം ചെയ്യുക എന്നതില്‍ ഏറ്റവും വലിയ വെല്ലുവിളി പായ്ക്ക് ചെയ്ത് ഇവരുടെ കൈകളില്‍ എത്തിക്കുക എന്നതാണ്. വലിയ പോട്ടുകള്‍ ആണെങ്കില്‍ പോട്ടുകള്‍ മാറ്റിയിട്ട് റൂട്ടില്‍ കുറച്ച് മണ്ണുമാത്രം ഇട്ട് അയയ്ക്കും. മദര്‍ പ്ലാന്റുകളില്‍ നിന്ന് ഒരു ചെടി മുറിച്ചെടുത്ത് ചെറിയകപ്പില്‍ നട്ട് രണ്ടാഴ്ചയാകുമ്പോഴേക്കും വേരുകള്‍വരും. അതിനുശേഷം ഒരുമാസംകൂടി വളര്‍ത്തിയശേഷമാണ് വില്‍ക്കുന്നത്.
എല്ലാദിവസവും പ്ലാന്റുചെയ്യണം. ഒരുദിവസം പത്തുചെടിയെങ്കിലും നടുന്നതാണ് സുമിയുടെ രീതി. അതുനാളേയ്ക്കുള്ള ഒരു കരുതല്‍ ആണ്. ഒരു ചെടിവിറ്റിട്ട് മറ്റൊരു ചെടിനടുക എന്നത് ലാഭകരവും പ്രായോഗികവുമല്ല. ഒരുദിവസം കുറഞ്ഞത് 10 ചെടി എങ്കിലും നട്ടു എന്നത് ഉറപ്പാക്കും. അങ്ങനെ നട്ട് ഒരുവശത്തേക്ക് അങ്ങ് ഒതുക്കിവെച്ചുപോകും. ഓരോദിവസവും പോസ്റ്റു ചെയ്യാന്‍ നിറമുള്ള ചെടികള്‍ കിട്ടണമെങ്കില്‍ ഈ രീതിയില്‍ പ്ലാന്റുചെയ്താലേ സാധികൂ. ഇത്രയും ചെടികള്‍ വീതം പ്ലാന്റുചെയ്യുമ്പോള്‍ ഏതെങ്കിലും ഒരുവശത്ത് വളര്‍ന്ന ചെടികള്‍ ഉണ്ടാകും. അതു എടുത്ത് ഫേസ്ബുക്കില്‍ ഇടും. അതുവിറ്റുപോകും.
കുട്ടനാട്ടിലെ കൈനകരി സ്വദേശിയായ ശ്യാംരാജും തുറവൂര്‍ മനക്കോടം സ്വദേശിയായ സുമിയും ഏഴുവര്‍ഷം മുമ്പാണ് ഇവിടെ എടത്തലയില്‍ താമസം തുടങ്ങിയത്. ഇടപ്പള്ളിയിലെ ടയര്‍ ഷോപ്പില്‍ അലൈന്‍മെന്റ് ടെക്‌നീഷ്യനാണ് ശ്യാംരാജ്. ഡ്രാഫ്റ്റ്മാന്‍ സിവില്‍ പഠിച്ച സുമി ആ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുറച്ചുകാലം ആശുപത്രി ആവശ്യങ്ങള്‍ക്കായി മാറി നില്‍ക്കേണ്ടി വന്നു. അങ്ങനെ ആ ജോലി വിടേണ്ടിവന്നു. വീട്ടില്‍ ഇരുന്നപ്പോഴാണ് കൃഷി തുടങ്ങിയത്. സുമിയ്ക്ക് വെറുതെ ഇരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ വാടകയ്ക്കായിരുന്നു താമസം. പിന്നീട് ബാങ്ക് വായ്പയും മറ്റും സംഘടിപ്പിച്ചാണ് ഇപ്പോഴത്തെ സ്ഥലം വാങ്ങിയത്. അന്നത്തെ ബജറ്റില്‍ ഈ മൂന്നുസെന്റേ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂവെന്ന് സുമി പറയുന്നു.

മൂന്നുസെന്റിലെ വിപ്ലവം
കണ്ടാല്‍ പറക്കും തളികയിലെ ബസ് പോലെയുണ്ടാകും. അതാണ് സുമിയുടെ വീട്. വീടിന്റെ സണ്‍ഷേഡില്‍വരെ ചെടികളാണ്. പ്രളയജലംവരും എന്നുപേടിച്ച് സണ്‍ഷേഡില്‍ അടക്കം ചെടികള്‍ കയറ്റിവച്ചിരിക്കുകയാാണ്. അതിജീവനത്തിന്റെ വഴികളാണ്. മൂന്നുസെന്റില്‍ വീട്, പച്ചക്കറിത്തോട്ടം, ചെടികള്‍, അട്, കോഴി എല്ലാം ഉണ്ടായിരുന്നു. 2018-ലെ വെള്ളപ്പൊക്കംവരെ ആടും, കോഴിയുമായിരുന്നു സുമിയുടെ ശ്രദ്ധ. നൂറോളം കോഴികള്‍, 18 അട് എന്നിവയെ ഒരേസമയം വളര്‍ത്തിയിരുന്നു. 2018-ലെയും 2019-ലെയും പ്രളയത്തില്‍ കനത്തനഷ്ടം സംഭവിച്ചു. അഞ്ച് ആട് വെള്ളത്തില്‍പോയി. കുറെയേറെ കോഴികളും പോയി. ഇതോടെയാണ് അതിനെ ഉപേക്ഷിച്ച് പൂര്‍ണമായി ചെടികളിലേക്ക് മാറിയത്. ചെടികള്‍ പൂര്‍ണമായും വെള്ളപ്പൊക്കസമയത്ത് ടെറസിലേക്ക് മാറ്റും. കുറച്ചൊക്കെ തിരിച്ചിറക്കും. ബാക്കിയുള്ളവ അവിടെ വളരും. ഇതിനിടയില്‍ താമരകൃഷി ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല.

അവാര്‍ഡ് കിട്ടി, മുദ്ര കിട്ടിയില്ല
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും എടത്തല കൃഷി ഭവനില്‍ നിന്നും സുമിയ്ക്ക് കര്‍ഷക ശ്രീ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. കൃഷിഭവന്‍ കര്‍ഷകര്‍ക്ക് ക്ലാസ് എടുക്കാന്‍ സുമിയെ വിളിക്കാറുണ്ട്. അനുഭവങ്ങള്‍ പങ്കുവെക്കാന്‍. ഇതൊക്കെയാണെങ്കിലും മുദ്ര വായ്പയ്ക്ക് അപേക്ഷിച്ച സുമിയ്ക്ക് നേരേ ബാങ്കുകാര്‍ കൈമലര്‍ത്തി. അഞ്ചുലക്ഷം രൂപയാണ് ചോദിച്ചത്. നാലുകിട്ടിയാലും മതി എന്നു പറഞ്ഞിട്ടും ബാങ്കുകാര്‍ക്ക് കുലുക്കമൊന്നും ഉണ്ടായില്ല്. മുദ്ര എന്നുകേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. ആരും അടയ്ക്കുന്നില്ല. അതുകൊണ്ട് തരാന്‍ ബുദ്ധിമുട്ടാണെന്നാണ് മാനേജര്‍ നല്‍കിയ മറുപടി. ഭവനവായ്പ അടക്കമുള്ള വായ്പ എടുത്തിട്ടുണ്ടെന്നും ഇതുവരെയും ഒരു തിരിച്ചടവുപോലും മുടക്കിയിട്ടില്ലെന്നും ഒക്കെ തെളിവുകള്‍ നിരത്തി. എന്നിട്ടും അവരും പ്രതികരണം ഉണ്ടായില്ല.
Content Highlights: A house wife's success story in Gardening