ലോക്ഡൗണിലെ വിരസമായ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി വീട്ടില്‍ മനോഹരമായ നഴ്‌സറിയൊരുക്കിയിരിക്കുകയാണ് അധ്യാപികയായിരുന്ന ഉഷാ പൃഥീരാജ്. കോഴിക്കോട്, ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലുള്ള വീട്ടിലെ 12 സെന്റ് സ്ഥലത്താണ് നൂറുകണക്കിന് ചെടികള്‍ നിറഞ്ഞ 'ഉഷസ്സ്' നഴ്‌സറി ഉള്ളത്.
വയനാട്ടിലെ പടിഞ്ഞാറത്തറ ഗ്രീന്‍ മൗണ്ട് സ്‌കൂളില്‍ എട്ടുവര്‍ഷം അധ്യാപികയായിരുന്ന ഉഷാ പൃഥീരാജ് ഉദ്യാനം ഒരുക്കുന്നതിലും ചെടികളെ പരിചരിക്കുന്നതിലും പണ്ടുമുതലേ തത്പരയാണ്. എങ്കിലും ലോക്ഡൗണ്‍ ദിനങ്ങളിലാണ് വീട്ടില്‍ പൂര്‍ണസജ്ജമായ ഒരു നഴ്‌സറി ഒരുക്കിയത്. ജനുവരി അവസാനത്തോടെ വീട്ടില്‍ നഴ്‌സറി ആരംഭിച്ച ഇവര്‍ അപ്രതീക്ഷിതമായി സംഭവിച്ച അടച്ചിടല്‍ ദിനങ്ങള്‍ പൂര്‍ണമായി വിനിയോഗിച്ചു.
വീടിനുള്ളില്‍ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്ന അഗ്‌ളോണിമ, മൂണ്‍ ഷൈന്‍, ബേര്‍ഡ് നെസ്റ്റ് ഫേണ്‍, സീ സീ പ്ലാന്റ്, ഗോള്‍ഡന്‍ ഫേണ്‍, പാംസ്, എന്നിവയെല്ലാം ഇവര്‍ നഴ്സറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ നഴ്‌സറിയെ ആകര്‍ഷകമാക്കി വിവിധയിനം ഓര്‍ക്കിഡ്, ആന്തൂറിയം, ബോഗണ്‍വില്ല, തൂക്കിയിടുന്ന ചെടികള്‍, മണി പ്ലാന്റ് എന്നിവയുമുണ്ട്.
ക്യാശ്രീന, പീസ് ലില്ലി, ഉജൈനിയ, ലോറാ പെന്‍ഡുലം, അമേരിക്കന്‍ ട്രസീന, ഗോള്‍ഡന്‍ അരേളിയ, ഫിലോ ഡെന്‍ഡ്രം, മരാന്ത, കലാത്തിയ, അഡീനിയം തുടങ്ങി വ്യത്യസ്തമായ ഇനങ്ങള്‍ ഉഷസ്സില്‍ ഒരുക്കിയിട്ടുണ്ട്. പലയിടങ്ങളില്‍നിന്നായി മാതൃചെടികള്‍ വാങ്ങി അതില്‍നിന്ന് പുതിയ ചെടികള്‍ വളര്‍ത്തിയെടുത്താണ് വില്‍പ്പന നടത്തുന്നത്.
ഒട്ടനവധി വീട്ടമ്മമാര്‍ ഉഷസ്സിലെ മാതൃക പിന്‍തുടര്‍ന്ന് ഉദ്യാനപരിപാലനത്തിലേക്ക് കടന്നുവരുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ഫലപ്രദമായി സമയം ചെലവഴിക്കാനും വീട് അലങ്കരിക്കാനും കഴിയുന്നതിനൊപ്പം ഒരു വരുമാന മാര്‍ഗംകൂടിയാണ് ഉഷാ പൃഥീരാജിന് 'ഉഷസ്സ്'.
ഭര്‍ത്താവ് വയനാട് തരിയോട് സെയ്ന്റ് മേരീസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന പൃഥ്വീരാജ് മൊടക്കല്ലൂരും നഴ്‌സറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. അടച്ചിടല്‍ദിനങ്ങളെ എങ്ങനെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്താം എന്നതിന്റെ നല്ലൊരുദാഹരണമാവുകയാണ് ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ ഇവരുടെ നഴ്‌സറി.
Content Highlights: A former teacher's success story in Horticulture Nursery