37 വര്‍ഷം പ്രവാസിയായിരുന്ന രാജന്‍ നാട്ടിലെത്തി പല കൃഷികളും ചെയ്തുനോക്കി. അവസാനം ഭാഗ്യപരീക്ഷണമെന്നനിലയില്‍ എത്തിപ്പെട്ടത് വെറ്റിലക്കൃഷിയില്‍. അടുത്ത പ്രദേശങ്ങളിലൊന്നും കൃഷിചെയ്തു വിജയിച്ചിട്ടില്ലാത്ത കമുകും ചെറുനാരകവും വെറ്റിലയ്‌ക്കൊപ്പം രാജന്റെ കൃഷിയിടത്തില്‍ തഴച്ചുവളരുന്നു. മുന്‍പരിചയമില്ലെങ്കിലും കേട്ടറിവിലൂടെ കൃഷിതുടങ്ങിയതാണ്. നാലുവര്‍ഷമായി കുടുംബം പുലര്‍ത്താനുള്ള വരുമാനം 400 മൂട് വെറ്റിലക്കൊടിയില്‍നിന്ന് ലഭിക്കുന്നുണ്ട്.

പള്ളിപ്പാട് നടുവട്ടം ശബരിയില്‍ സി.പി. അജയകുമാര്‍ (രാജന്‍) സൗദിയിലും കുവൈത്തിലുമുള്ള എണ്ണക്കമ്പനികളില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലിചെയ്തശേഷം 2016-ലാണ് നാട്ടിലെത്തിയത്. കൃഷിയോടുള്ള താത്പര്യംകാരണം നാട്ടിലെത്തിയപ്പോള്‍ കമുക്, വാഴ എന്നിവയുടെ കൃഷി തുടങ്ങി. ഇടവിളകളായി പാവലും പടവലവും ഒപ്പം കൃഷിചെയ്തു. ഇവയ്‌ക്കൊപ്പം സമീപപ്രദേശങ്ങളിലൊന്നും കൃഷിചെയ്തു കേട്ടുകേള്‍വിപോലുമില്ലാത്ത വെറ്റിലക്കൃഷിയിലേക്കും തിരിഞ്ഞു.

വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തുമ്പോള്‍ കരുനാഗപ്പള്ളി തഴവയിലെ ബന്ധുവീട്ടില്‍ പോയപ്പോഴാണ് വെറ്റിലക്കൃഷി കാണുന്നത്. അന്നേ മനസ്സിലുറപ്പിച്ചതാണ് പ്രവാസജീവിതം നിര്‍ത്തി നാട്ടിലെത്തുമ്പോള്‍ വെറ്റക്കൃഷി തുടങ്ങണമെന്ന്. 40 സെന്റ് സ്ഥലമാണ് കൃഷിക്കായി മാറ്റിയിട്ടുള്ളത്. കൃഷിതുടങ്ങിയപ്പോള്‍ പരിചയക്കുറവ് തടസ്സമായി. തഴവയിലെ ബന്ധുവീട്ടില്‍നിന്ന് സഹായത്തിന് ആളുകളെത്തി. ഇപ്പോള്‍ തൈകള്‍ നടുന്നതും വളമിട്ട് പരിപാലിക്കുന്നതും നനയ്ക്കുന്നതുമെല്ലാം രാജന്‍തന്നെയാണ്.

16 അടി പൊക്കം എത്തുമ്പോള്‍ വെറ്റക്കൊടി ഇറക്കണം. മൂന്നരമാസം കൂടുമ്പോള്‍ വെറ്റക്കൊടി ഇങ്ങനെ പൊക്കംവെക്കാറുണ്ടെന്ന് രാജന്‍ പറയുന്നു. മഹാപ്രളയത്തില്‍ തുടക്കത്തില്‍ കൃഷിചെയ്ത 240 മൂട് വെറ്റ നശിച്ചു. എന്നിട്ടും രാജന്‍ പിന്മാറിയില്ല. വില്‍പ്പനയെല്ലാം പ്രാദേശികമായിത്തന്നെയാണ്. ചെറുകിടകച്ചവടക്കാരും മൊത്തക്കച്ചവടക്കാരും രാജന്റെ കൃഷിയിടത്തിലെത്തി വെറ്റ വാങ്ങാറുണ്ട്. ഷീലയാണ് ഭാര്യ. മക്കള്‍: ശങ്കരനാരായണന്‍, രവിശങ്കര്‍.

Content Highlights: A Farmer success story in Betel Leaf Farming