പട്ടിത്തറ: കനത്ത മഴയെയും അതിജീവിച്ച ആലൂര്‍ നാട്ടുകൂട്ടം പച്ചക്കറിക്കൃഷി വിളവെടുത്തു. പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ കീഴിലാണ് കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ആലൂരില്‍ പച്ചക്കറിക്കൃഷിയിറക്കിയത്. 15-ഓളം അംഗങ്ങള്‍ ചേര്‍ന്ന നാട്ടുകൂട്ടം പച്ചക്കറി കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷി.

vegetablefarming
പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം

അഞ്ച് ഹെക്ടറിലായി വെണ്ട, പയര്‍, വഴുതന, മത്തന്‍ തുടങ്ങിയവയാണ് കൃഷിചെയ്തത്. മഴക്കാല പച്ചക്കറിക്കൃഷിയാണ് നടപ്പാക്കിയതെങ്കിലും കനത്തമഴ ബാധിക്കുമോ എന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ടായിരുന്നു.

വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാത ഉദ്ഘാടനംചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ തുഷാര അധ്യക്ഷയായി. നാടന്‍ പച്ചക്കറികള്‍ ആലൂര്‍ നല്ലപച്ചയിലും പട്ടിത്തറ കൃഷിഭവന്‍ ആഴ്ചച്ചന്തയിലും പ്രാദേശികവിപണിയിലും വില്പനക്കെത്തുമെന്ന് കൃഷി ഓഫിസര്‍ മീരയും നാട്ടുകൂട്ടം ക്ലസ്റ്റര്‍ സെക്രട്ടറി ഷമീറും പറഞ്ഞു. കൃഷി അസിസ്റ്റന്റുമാരായ ഗിരീഷ്, സനല്‍, രതീഷ്, കര്‍ഷകനായ വിശ്വനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content highlights: Vegetable farming, Alathur, Agriculture