ബാലരാമപുരം: ഗവേഷണത്തിനും കൃഷിക്കും മാര്‍ഗനിര്‍ദേശങ്ങളുമായി കേരകര്‍ഷകര്‍ക്ക് വഴികാട്ടിയാവുകയാണ് ബാലരാമപുരത്തെ തെങ്ങ് ഗവേഷണകേന്ദ്രം. തെങ്ങിന്‍തൈകളുടെ പരിപാലനം, വളര്‍ച്ച, കര്‍ഷകര്‍ക്ക് പഠന ക്ലാസ്, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിങ്ങനെ കേരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ഗവേഷണകേന്ദ്രത്തിനു കഴിയുന്നുണ്ട്.

നിരവധി സങ്കരയിനം തെങ്ങിന്‍തൈകളാണ് ഇവിടെനിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്നത്. അത്യുത്പാദനശേഷിയുള്ളതും നാലുവര്‍ഷംെകാണ്ട് കായ്ഫലം നല്‍കുന്നതുമായ കേരശ്രീ, കേരസങ്കര, കേരഗംഗ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പശ്ചിമതീര നെടിയന്‍ എന്നറിയപ്പെടുന്ന നാടന്‍ തെങ്ങിന്‍തൈകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

പ്രതിവര്‍ഷം ഇരുപതിനായിരത്തോളം തെങ്ങിന്‍തൈകള്‍ ഇവിടെനിന്നു കൃഷിഭവനുകളില്‍ വിതരണംചെയ്യുന്നുണ്ട്. 14 ഹെക്ടര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഗവേഷണകേന്ദ്രം 1963-ലാണ് നിലവില്‍ വന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തെങ്ങുകൃഷിയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ താത്പര്യം വന്നിട്ടുണ്ടെന്ന് ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു.