മമ്പാട്: തേങ്ങാപ്പാല്‍ പിഴിഞ്ഞെടുത്തശേഷമുള്ള ചണ്ടി ഒന്നിനും കൊള്ളില്ലെന്നുകരുതി വലിച്ചെറിയുന്നവരാണ് പലരും. എന്നാല്‍ ഇത് മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റാമെന്ന സന്ദേശമാണ് മമ്പാട് പുളിക്കലോടിയിലെ കര്‍ഷകന്‍ നാഗേശ്വരനും ഭാര്യയും നല്‍കുന്നത്.ഒന്നും രണ്ടുമല്ല, ഏഴുതരം ചമ്മന്തിപ്പൊടിയാണ് ഇവര്‍ തേങ്ങാപ്പീര മുഖ്യഘടകമായി ചേര്‍ത്തുണ്ടാക്കുന്നത്. 

സാധാരണ മില്ലുകളില്‍നിന്ന് ആട്ടിയെടുത്ത പിണ്ണാക്കുകൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു. കൊപ്ര ആട്ടിയെടുക്കാനായി മാത്രമുള്ള യന്ത്രത്തില്‍നിന്നു ലഭിക്കുന്ന പിണ്ണാക്ക് തേങ്ങാപ്പീര രൂപത്തില്‍തന്നെയാകും. ഇതാണ് ചമ്മന്തിപ്പൊടിയുണ്ടാക്കാന്‍ പറ്റിയത് -നാഗേശ്വരന്‍ പറയുന്നു. 

വീട്ടില്‍ പാലെടുത്തശേഷമുള്ള തേങ്ങാപ്പീരയും ചമ്മന്തിയുണ്ടാക്കാന്‍ നല്ലതാണ്. കറിവേപ്പില, പുതിന, ഇഞ്ചി, മല്ലിച്ചപ്പ്, എള്ള്, ബ്രഹ്മി, മുരിങ്ങയില എന്നിങ്ങനെ തേങ്ങാപ്പീരക്കൊപ്പം പ്രധാന ചേരുവകളാക്കിയുള്ള ഏഴുതരം ചമ്മന്തിപ്പൊടിയാണ് തയ്യാറാക്കുന്നത്. 

ഇവയില്‍ ഉണക്കമുളക്, ഉപ്പ്, കാശ്മീരി മുളക് എന്നിവചേര്‍ത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. മറ്റു വിഭവങ്ങളുള്‍പ്പെടുത്തിയും പരീക്ഷണങ്ങളാകാം.-നാഗേശ്വരന്‍ പറയുന്നു.

World cococnut day, chutney