കോഴിക്കോട്: ആഗോളവിപണിയിലെത്തുന്ന തേങ്ങാപ്പാലില്‍ 53 ശതമാനവും ശ്രീലങ്കയുടെ വിഹിതം, 30 ശതമാനം ഇന്‍ഡൊനീഷ്യയുടെ വക. നാളികേര ഉത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന ഇന്ത്യയുടെ വിഹിതമോ... വെറും 0.30 ശതമാനം. ഇനി തൂള്‍ത്തേങ്ങ (ചിരക്കി ഉണക്കി സംസ്‌കരിച്ച തേങ്ങ) യുടെ വിഹിതം നോക്കാം. ഫിലിപ്പീന്‍സ്- 27, ഇന്‍ഡൊനീഷ്യ- 26, ശ്രീലങ്ക- എട്ട്, ഇന്ത്യ- നാല്.

നാളികേരാധിഷ്ഠിത വ്യവസായത്തിന് വിത്തുപാകി വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മൂല്യവര്‍ധിത ഉത്പാദനരംഗത്തും കയറ്റുമതിയിലും ഇതാണ് ഇന്ത്യയുടെ ചിത്രം.

കൊപ്ര, വെളിച്ചെണ്ണ, ഭക്ഷ്യ ആവശ്യം... ഇതിനപ്പുറത്തേക്കുള്ള വൈവിധ്യവത്കരണം വ്യാവസായികാടിസ്ഥാനത്തില്‍ ഇനിയും വികസിച്ചിട്ടില്ല എന്നതാണ് നമ്മുടെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

2019-20 വര്‍ഷത്തെ നാളികേര വികസനബോര്‍ഡ് കണക്കുപ്രകാരം 21,206.74 ദശലക്ഷം തേങ്ങയാണ് ഇന്ത്യയിലെ ഉത്പാദനം. ഇതില്‍ മില്ലിങ് കൊപ്രയ്ക്കും ഭക്ഷ്യാവശ്യത്തിനുള്ള കൊപ്രയ്ക്കുമായി ഉപയോഗപ്പെടുത്തുന്നത് 9616 ദശലക്ഷം. മൊത്തം ഉത്പാദനത്തിന്റെ 45.34 ശതമാനം. ഭക്ഷ്യാവശ്യത്തിന് നേരിട്ട് ഉപയോഗിക്കുന്ന പച്ചത്തേങ്ങയും ഏതാണ്ട് ഇത്രതന്നെ വരും. ഇത് കഴിച്ചുള്ള 10 ശതമാനമാണ് വൈവിധ്യവത്കരണത്തിനും ഇളനീരിനുമെല്ലാം ഉപയോഗപ്പെടുത്തുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തേങ്ങ ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല. അഞ്ചു ശതമാനം തേങ്ങപോലും ഇവിടെ വൈവിധ്യവത്കരണത്തിന്റെ പാതയിലേക്കു വരുന്നില്ല. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 600 കോടി തേങ്ങയില്‍ പകുതിയോളവും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നു. പിന്നെ കൊപ്ര, വെളിച്ചെണ്ണ എന്നിവയ്ക്ക്. ഇതുകഴിഞ്ഞ് പേരിനുമാത്രം ഇളനീരിനും വൈവിധ്യവത്കരണത്തിനും. ഇത് ആഭ്യന്തരവിപണിയിലെ ആവശ്യത്തിനുപോലും തികയുന്നതല്ല.

വൈവിധ്യവത്കരണം നടത്തുന്ന സ്ഥാപനങ്ങളില്‍ ഏറെയും ചെറുകിട യൂണിറ്റുകളാണ്. പ്രഖ്യാപിക്കപ്പെട്ട നാളികേരവ്യവസായ പാര്‍ക്കുകള്‍ എങ്ങുമെത്താതെ കിടക്കുന്നു. വൈവിധ്യവത്കരണം ലക്ഷ്യമാക്കി ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നാളികേര കര്‍ഷക കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്- 29. ഇതില്‍ ജീവനുള്ളത് 19 എണ്ണത്തിന്. പിടിച്ചുനില്‍ക്കുന്നതാകട്ടെ വിരലിലെണ്ണാവുന്ന കമ്പനികളും.

ഇന്ന് നാളികേരദിനം

നാളികേരത്തിന്റെ നാട്ടില്‍ ഈ ദിവസത്തിന് പുതുമയൊന്നുമില്ല. കിട്ടുന്ന തേങ്ങ കറിവെച്ചും ബാക്കി എണ്ണയാട്ടിയും മാത്രം ശീലിച്ച മലയാളിയെ തേങ്ങയുടെ വൈവിധ്യം ആകര്‍ഷിക്കുന്നതേയില്ല. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുറക്കുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കാഴ്ചപ്പാടോ സമഗ്രപദ്ധതികളോ നമുക്കില്ല. പിടിച്ചുനില്‍ക്കാനാവാത്ത പ്രതിസന്ധിയിലും കര്‍ഷകന്റെ കണ്ണീരൊപ്പാനാകുന്നില്ല. കേരകര്‍ഷക മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും തേടി ഒരു അന്വേഷണം...