വികള്‍ പാടിയതുപോലെ ഒരുകാലത്ത് കേരം തിങ്ങുന്ന നാട് തന്നെയായിരുന്നു കേരളം. എന്നാലിന്ന് കേരവൃക്ഷമോ നാളികേരമോ കാണണമെങ്കില്‍ അല്‍പം കഷ്ടപ്പെടണം. നിരന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ക്കു പകരം തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില മന്ദിരങ്ങള്‍ മാത്രമേ ഇന്ന് മലയാളിക്ക് കാണാനാകൂ. നാളികേര കൃഷി നമ്മള്‍ ഉപേക്ഷിച്ചപ്പോള്‍ മറ്റു പലകൃഷികളും ഏറ്റെടുത്ത തമിഴ്നാട്ടുകാര്‍ അതും ഏറ്റെടുത്തു.

മലയാളിക്ക് അരി പോലെ തന്നെ പ്രിയപ്പെട്ടതാണ് നാളികേരവും. അല്‍പം പരിചരണവും ശ്രദ്ധയും കൊടുത്താല്‍ ഒരിക്കലും കൈവിടാതെ വീട്ടിലെ അംഗത്തെ പോലെ തെങ്ങും നമ്മോടൊപ്പം ഉണ്ടാകും. തെങ്ങിന്‍ തൈ ഉത്പാദിപ്പിച്ച് തെങ്ങാകുന്നതുവരെയുള്ള ചില നാടന്‍ കാര്‍ഷിക രീതികള്‍ ഇവിടെ പരിചയപ്പെടുത്താം.

ഇരുപതു വര്‍ഷത്തിലേറെ പഴക്കവും ഓലകള്‍ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ വളഞ്ഞതും ഓല ഒടിയാത്തതുമായ തെങ്ങില്‍ നിന്നു മാത്രമേ വിത്തിനായി തേങ്ങകള്‍ എടുക്കാറുള്ളൂ. പരാഗണം കഴിഞ്ഞ് 11 മാസം കൊണ്ട് തേങ്ങ വിളയും. വരി പഴുത്ത തേങ്ങ (11 മാസം പ്രായമായ തേങ്ങകള്‍)കളാണ് വിത്തിനായി എടുക്കുന്നത്.

മണ്ണ് കിളച്ചു നിരത്തി ചപ്പുചവറുകള്‍ നീക്കം ചെയ്ത് ഒരടി അകലത്തില്‍ ലേശം ചരിച്ച് തേങ്ങകള്‍ പാകും. ചരിച്ച് നട്ടാല്‍ തെങ്ങിന്റെ മണ്ട നല്ല ഘനമുള്ളതായിരിക്കും. പാകിക്കഴിഞ്ഞാല്‍ 150 ദിവസം പ്രായമാകുമ്പോള്‍ അഞ്ച് ഓലകള്‍ വീതം വിരിയുന്ന തൈകളാണ് നടുന്നതിനായി എടുക്കുന്നത്.

തെങ്ങിന്‍ തൈകള്‍ നടുന്നതിന് കുഴിയെടുക്കുന്നതിലും പ്രത്യേകതകള്‍ ഉണ്ട്. 90സെ.മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലും കുഴിയെടുത്ത് മണ്ണ് അരിച്ചിടും. ചാണകപ്പൊടിയും ചാരവും ലേശം കുമ്മായപ്പൊടിയും കുഴച്ചാണ് തൈ നടേണ്ടത്. ആറ് മാസം കഴിയുമ്പോള്‍ ചാണകവും ചാരവും ചേര്‍ത്ത് ഇട്ടു കൊടുക്കും. ഇങ്ങനെ നടുന്ന തൈകള്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷമാകുമ്പോള്‍ കുലയ്ക്കുകയും നല്ല കായ് ഫലം നല്‍കുകയും ചെയ്യും.

content highlights: world coconut day 2021