കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആഹാരമാണ് തേങ്ങ. ലോകത്ത് കിട്ടുന്ന ഏറ്റവും പോഷകമൂല്യമുള്ളതും ജീവസ്സുറ്റതുമായ ആഹാരപദാര്‍ഥമാണ് തേങ്ങയെന്നത് നമ്മളില്‍ പലര്‍ക്കും ഇതേവരെ ബോധ്യപ്പെടാത്ത വസ്തുതയാണ്. സത്യത്തില്‍ തേങ്ങയെ കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയ കൊഴുപ്പും മാംസ്യവും സമൃദ്ധമായി അടങ്ങിയിട്ടുള്ള എണ്ണക്കുരുക്കളുടെ വിഭാഗത്തില്‍പ്പെടുത്തേണ്ടതാണ്.

തേങ്ങയുടെ വില മാര്‍ക്കറ്റില്‍ ഇടിഞ്ഞാലും നമ്മുടെ ആരോഗ്യത്തിന് അത് ഒരിക്കലും വിലയിടിവുണ്ടാക്കുകയില്ല. ചെറുപ്പത്തില്‍ കേട്ട ഒരു കഥയുണ്ട്. വീട്ടില്‍ ഓമനയായി വളര്‍ത്തുന്ന പൂച്ച വീട്ടുകാരുമായി വഴക്കിട്ട് മക്കത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. പടിപ്പുരയിറങ്ങുമ്പോള്‍ പൂച്ച തേങ്ങ ചിരവുന്ന ഒച്ച കേട്ട് വഴക്ക് മതിയാക്കി തിരിച്ചുവന്നുവെന്നാണ് കഥ.

പക്ഷേ, ഇക്കാലത്ത് മലയാളികള്‍ ഏറ്റവും ഭയപ്പെടുന്നതും തേങ്ങയെയാണ്. വൈറല്‍പനിപോലെ ജനങ്ങള്‍ക്കിടയില്‍ ഈ ഭയം പരത്തിയത് വന്‍കിട എണ്ണക്കമ്പനികളാണ്. ശാസ്ത്രജ്ഞന്മാരല്ലാത്ത 'ശാസ്ത്രജ്ഞ'ന്മാരെ വശപ്പെടുത്തി നാളികേരത്തിനെതിരായി വലിയ ഒരു ലോബി അവര്‍ ഉണ്ടാക്കി. രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും ഹൃദ്രോഗം വരുത്താനും വെളിച്ചെണ്ണ കാരണമാകുന്നു എന്ന് അവര്‍ പറഞ്ഞുപരത്തി. പരസ്യങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും ലേഖനങ്ങളിലൂടെയും നമ്മുടെ മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു. തേങ്ങ കഴിച്ചുപോകരുതെന്ന് നമ്മുടെ അലോപ്പതി ഡോക്ടറേമാന്മാരും പഥ്യം പറഞ്ഞുതുടങ്ങി. അതുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഈ ആശങ്ക ഒരു കാര്‍മേഘംപോലെ തൂങ്ങിക്കിടക്കുകയാണ്.

ചെറുപ്രായത്തില്‍ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടിയാണ് ഞങ്ങളെയൊക്കെ കുളിപ്പിച്ചിരുന്നത്. തലയില്‍ തേയ്ക്കാന്‍ വെളിച്ചെണ്ണ. പ്രാതലിന് അപ്പത്തില്‍ തേങ്ങാപ്പാലും ശര്‍ക്കരയും. ഭക്ഷണത്തില്‍ സമൃദ്ധിയായി വെളിച്ചെണ്ണ. പഴംപൊരിയും പരിപ്പുവടയും കുമ്പളക്കറിയും പരിപ്പുകറിയും എല്ലാം വെളിച്ചെണ്ണയില്‍. എന്റെ കൊളസ്‌ട്രോള്‍ അമ്പതു വര്‍ഷങ്ങള്‍ക്കുശേഷവും ഇപ്പോഴും 180-ല്‍ താഴെയാണ്. ഇപ്പോഴും ഇഷ്ടംപോലെ കരിക്കു കുടിക്കുന്നു. ഇളനീര്‍ തിന്നുന്നു. അവിലിലും ചെറുപയറിലും അപ്പത്തിലും യഥേഷ്ടം തേങ്ങാപ്പീര ചേര്‍ക്കുന്നു. നമ്മള്‍ തേങ്ങയെ വെറുതേ, അകാരണമായി പേടിക്കുകയാണ്.

എന്നിട്ട് ഉപയോഗിക്കുന്നതോ? ഭീകര വിഷലിപ്തങ്ങളായ വനസ്പതിയും സണ്‍ഫ്‌ളവര്‍ ഓയിലും പാം ഓയിലും സോയാബീന്‍ ഓയിലും. മേല്‍പ്പറഞ്ഞ എണ്ണകള്‍ ഉത്പാദിപ്പിക്കുന്ന കുരുക്കളൊന്നും ഭക്ഷ്യയോഗ്യമല്ല. ഭക്ഷ്യയോഗ്യമല്ലെന്നു മാത്രമല്ല, ഭക്ഷിച്ചാല്‍ സയനൈഡ് ഭക്ഷിച്ച മാതിരിയായിരിക്കും. അത്രയും വിഷം കലര്‍ന്നതാണവ.

മറ്റു ഭക്ഷണസാധനങ്ങള്‍പോലെ തേങ്ങ ഒരിക്കലും ജീര്‍ണിക്കുന്നില്ല. കാണാനും തൊടാനും രുചിക്കാനും ഗന്ധം ആസ്വദിക്കാനും ആരും ഇഷ്ടപ്പെടുന്ന ഫലമാണ് തേങ്ങ. വിളഞ്ഞ തേങ്ങ ഏതാനും ദിവസം പരിചരിച്ചാല്‍ അത് മുളയ്ക്കുന്നതായി കാണാം. അതിനര്‍ഥം ഇത് ജീവനും ആത്മാവും ഉള്ള ഒരു ഫലം ആണെന്നാണ്.

തേങ്ങ ഏതു ഭക്ഷണസാധനത്തോടും ചേര്‍ത്തു കഴിക്കാം. പച്ചക്കറികളുടെകൂടെയും പഴത്തിന്റെകൂടെയും പയറുവര്‍ഗങ്ങളുടെകൂടെയും തേങ്ങ ചേരും. ചേരുമെന്നു മാത്രമല്ല, അത് സ്വാദിഷ്ഠവും ദഹനക്ഷമവുമായിരിക്കും. തേങ്ങ പച്ചയായും വേവിച്ചും കറികളായും എങ്ങനെയും കഴിക്കാം.

പെപ്‌സിയിലും കോളയിലും ഹോര്‍ലിക്‌സിലും എത്രയോ ശുദ്ധപാനീയവും ദാഹശമനിയുമാണ് തേങ്ങയുടെ ആദ്യരൂപമായ കരിക്ക്. കരിക്ക് കുടിച്ചാല്‍ എന്തെന്നില്ലാത്ത ഉന്മേഷം അനുഭവപ്പെടും. കരിക്ക് മാത്രം കുടിച്ചുകൊണ്ട് എത്ര നാള്‍ വേണമെങ്കിലും ആരോഗ്യത്തോടെ ജീവിക്കാം. കരിക്ക് മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കാനും സുഖമായിരിക്കും.

തേങ്ങയുടെ ചിരട്ടയോടുകൂടിയ ബ്രൗണ്‍ നിറത്തിലുള്ള നേരിയ തൊലി ഒരിക്കലും കളയരുത്. അതില്‍ ധാരാളം പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തേങ്ങ അധികം നേരം തിളപ്പിക്കുകയും അരുത്. വാങ്ങിവെക്കാന്‍ നേരത്തു മാത്രമേ തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേര്‍ക്കാവൂ.

വളരെ ലളിതമായ വിഭവങ്ങള്‍ വെളിച്ചെണ്ണ ചേര്‍ത്തുമാത്രം ഉണ്ടാക്കാവുന്നതാണ്. പപ്പായ ചെറുതായി നുറുക്കി മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവിക്കുക. നന്നായി തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ നീളത്തില്‍ നാലഞ്ചു പച്ചമുളകും മുറിച്ചിടുക. വെന്തുടഞ്ഞു വരുമ്പോള്‍ തീ കെടുത്തി രണ്ടുമൂന്നു സ്പൂണ്‍ വെളിച്ചെണ്ണ മീതേ ഒഴിച്ച് അടച്ചുവെക്കുക. ഇതിലും നല്ല ഒരു മുളകൂഷ്യം വേറെ കിട്ടുകയില്ല.

ഐസിടാത്ത, പിടിച്ച ഉടനെ കിട്ടുന്ന അയക്കൂറ മത്സ്യം നല്ല കഷ്ണങ്ങളായി മുറിച്ചിടുക. നന്നായി കഴുകി അതിന്റെ ഉളുമ്പുമണം പോയാല്‍ ധാരാളം വെള്ളുള്ളിയരച്ചത് മഞ്ഞളും ഉപ്പും ചേര്‍ത്ത് മത്സ്യത്തില്‍ പുരട്ടിവെക്കുക. പഴംപൊരിക്ക് പഴം മാവില്‍ മുക്കിയെടുത്ത മാതിരിയാവണം. ഒരു ബനിയന്‍ ഇട്ടതുപോലെ. അര മണിക്കൂര്‍ പിടിപ്പിച്ചശേഷം ചിപ്‌സ് വറുക്കുന്നതുപോലെ വലിയ ചീനച്ചട്ടിയില്‍ നിറയെ വെളിച്ചെണ്ണ ഒഴിച്ച് ഈ കഷ്ണങ്ങള്‍ വറുത്തെടുക്കുക. അധികം പൊരിയരുത്.

ബ്രൗണ്‍ നിറം വരുമ്പോള്‍ അരിപ്പയില്‍ ഊറ്റിയെടുത്ത് എണ്ണ വാര്‍ന്നുപോകാന്‍ വെക്കുക. (വെളിച്ചെണ്ണയും ചീനച്ചട്ടിയും ഇളക്കാതെ വെക്കണം. ഇതുകൊണ്ട് പിന്നീട് ആവശ്യം വരും.) നല്ല കയ്മ അരികൊണ്ട് കുക്കറില്‍ വറ്റിച്ചുവെച്ച ചോറും കായം ചേര്‍ത്ത രസവും കുറുക്കുകാളനും ഉണ്ടെങ്കില്‍ അതിന്റെ കൂടെ നേരത്തേ വറുത്തുവെച്ച മീനും എടുത്തുവെച്ച് ഉച്ചയൂണ് കഴിക്കുക. അല്പം കടുമാങ്ങകൂടി ഉണ്ടെങ്കില്‍ വിശേഷം. നേരത്തേ മാറ്റിവെച്ച ചീനച്ചട്ടിയുടെ അടിയില്‍ കക്കം കാണും. ചീനച്ചട്ടിയിലുള്ള വെളിച്ചെണ്ണ പതുക്കെ വേറെ ഒഴിച്ചുവെച്ച് കക്കം വരണ്ടിയെടുത്ത് ചൂടുള്ള ചോറിന്റെ കൂടെ രണ്ടുമൂന്നുരുളകള്‍ ആദ്യം തട്ടണം. അതിന്റെ രുചി ഒന്നു വേറെതന്നെയാണ്.

ഇതൊക്കെ ഇത്രയും സ്വാദിഷ്ഠമാകാന്‍ കാരണം നമ്മുടെ വിശേഷപ്പെട്ട വെളിച്ചെണ്ണ മാത്രമാണ്. വെളിച്ചെണ്ണയില്ലാതെ ഇത്തരം പാചകത്തിന് ഒരുമ്പെടുകയേ വേണ്ട. അതുകൊണ്ടാണ് വെളിച്ചെണ്ണയെ മിന്നുംതാരം എന്നു വിശേഷിപ്പിക്കുന്നത്.

പ്രാതലിന് ഇഡ്ഡലിയാണ് എനിക്ക് ഏറ്റവുംഇഷ്ടം. കാരണം അത് ആവിയില്‍ വേവിച്ചെടുത്ത 'കുക്ക്ഡ് ഫുഡ്' ആണ്. ഇഡ്ഡലിക്ക് എനിക്ക് തേങ്ങാച്ചമ്മന്തി വേണം. കടുകിട്ട് താളിച്ചും അല്ലാതെ കാന്താരി ചേര്‍ത്ത് കട്ടിച്ചമ്മന്തിയായും. സാമ്പാര്‍ എനിക്ക് രണ്ടാമനാണ്. മൂന്നാമത്തെ ഇഡ്ഡലി സാമ്പാറും കട്ടിച്ചമ്മന്തിയും മിക്‌സ് ചെയ്ത് അതില്‍ മുക്കി 'ഒപ്പീസ്' ആയി കഴിക്കും. ബാക്കിയുള്ളത് വടിച്ചു തിന്നും...

(പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കൈപ്പുണ്യം അഥവാ അടുക്കളക്കാര്യങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

content highlights: world coconut day 2021