കോഴിക്കോട്: തെങ്ങു കൃഷിയില്‍നിന്നു മാത്രം വര്‍ഷത്തില്‍ പത്തുലക്ഷം രൂപ ലാഭം നേടുന്നുവെന്ന് കേട്ടിട്ട് വിശ്വാസം വരുന്നില്ലേ. സംഗതി സത്യമാണ്. കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിറ്റും കൃഷി നടത്തിയും മാത്രം കോഴിക്കോട് കടിയങ്ങാട് സ്വദേശി ജോജോ രണ്ടുപ്ലാക്കല്‍ ഒരുവര്‍ഷം സമ്പാദിക്കുന്നത് പത്ത് ലക്ഷം രൂപയോളമാണ്. രണ്ടുപ്ലാക്കല്‍ കാര്‍ഷിക നഴ്‌സറി എന്നറിയപ്പെടുന്ന ജോജോയുടെ നഴ്‌സറിയിലെ ഏറ്റവും പ്രധാന ഇനം ഡബ്ല്യൂ.സി.റ്റി. വിഭാഗത്തില്‍പ്പെട്ട കുറ്റ്യാടി തെങ്ങിന്‍ തൈകളാണ്. 

കുറ്റ്യാടി തെങ്ങ് എന്ന അദ്ഭുതം

കുറ്റ്യാടി തെങ്ങിന്‍ തൈയുടെ പ്രത്യേകതള്‍ കൊണ്ടാണ് അവ മാത്രം തന്റെ നഴ്‌സറിയില്‍ ഉത്പാദിക്കുന്നതെന്ന് ജോജോ പറഞ്ഞു. ഏറ്റവും കൂടുതല്‍ കായ്ഫലം ലഭിക്കുന്നതും രോഗപ്രതിരോധ ശേഷി കൂടുതലുള്ളതും മറ്റ് ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ക്കാണ്. മാത്രമല്ല ഈ ഇനത്തിന്റെ കൊപ്ര മികച്ചതാണെന്നതും കൊപ്ര ആട്ടുമ്പോള്‍ ലഭിക്കുന്ന എണ്ണയുടെ അളവ് കൂടുതലാണെന്നതും കുറ്റ്യാടി തെങ്ങിന് മൂല്യം വര്‍ധിപ്പിക്കുന്നു. ശരിയായ പരിചരണം ലഭിച്ച തെങ്ങിന്‍തൈ നട്ട് അഞ്ചുമുതല്‍ ആറു വര്‍ഷത്തിനുള്ളില്‍ കായ്ക്കാന്‍ തുടങ്ങും. വാണിജ്യാടിസ്ഥാനത്തില്‍ തേങ്ങ ഉത്പാദിപ്പിക്കുന്നതിനു ഏറ്റവും അനുയോജ്യം കുറ്റ്യാടി തെങ്ങാണെന്ന് ജോജോ അവകാശപ്പെട്ടു.

JOJ
ജോജോ തന്റെ കൃഷിയിടത്തില്‍

ഏറെ പ്രിയപ്പെട്ടത് തെങ്ങ് കൃഷി

സമ്മിശ്ര കൃഷിരീതി പിന്തുടരുന്ന ജോജോ ഒരു ഏക്കറോളം സ്ഥലത്താണ് തെങ്ങ് കൃഷി നടത്തുന്നത്. ഒരേക്കര്‍ സ്ഥലത്തെ റബ്ബര്‍ മുറിച്ച് മാറ്റി തെങ്ങ് നടുകയായിരുന്നു. സ്വന്തമായി നട്ടുണ്ടാക്കിയ തെങ്ങില്‍നിന്നു മാത്രമാണ് തൈകള്‍ ഉത്പാദിക്കുന്നതിന് വിത്തുതേങ്ങ ശേഖരിക്കുന്നത്. ഏകദേശം 35 വര്‍ഷം പ്രായമുള്ള തെങ്ങില്‍നിന്നാണ് വിത്തുകള്‍ ശേഖരിക്കുക. നന്നേ പ്രായം കുറഞ്ഞതോ കൂടിയതോ ആയ തെങ്ങില്‍നിന്ന് വിത്തുകള്‍ ശേഖരിക്കരുതെന്ന് ജോജോ പറയുന്നു. കൂടാതെ, ഒരു വര്‍ഷം 150-ല്‍ അധികം തേങ്ങ ലഭിക്കുന്ന തെങ്ങില്‍നിന്നു മാത്രമേ വിത്ത് ശേഖരിക്കാവൂ. വിത്തായി ശേഖരിക്കുന്ന തേങ്ങകള്‍ നിലത്ത് വീഴാതെ കയറില്‍ കെട്ടിയിറക്കുകയാണ് ചെയ്യുക. നിലത്തുവീഴുമ്പോള്‍ തേങ്ങയ്ക്ക് ക്ഷതം പറ്റാന്‍ സാധ്യതയുണ്ടെന്നും അത് തൈയുടെ ഗുണമേന്മയെ ബാധിക്കുമെന്നും ജോജോയുടെ സാക്ഷ്യം. ശാസ്ത്രീയമായ രീതിയില്‍ വേണം തൈകള്‍ നടാന്‍. കൂടാതെ കൃത്യമായ, മുടങ്ങാതെയുള്ള പരിചരണവും തൈകള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കേരളത്തില്‍നിന്ന് ഉടനീളം ജോജോയുടെ തെങ്ങിന്‍ തൈ വാങ്ങുന്നതിനു ആവശ്യക്കാരെത്തുന്നുണ്ട്. 1000 തെങ്ങിന്‍തൈ നട്ടാന്‍ 600 എണ്ണമായിരിക്കും (60 ശതമാനം) വില്‍പ്പനയ്ക്ക് സജ്ജമാകുക. 
സ്വന്തമായി മൂന്നരയേക്കര്‍ സ്ഥലത്താണ് ജോജോയുടെ കൃഷി. സമ്മിശ്രകൃഷി രീതിയാണ് ജോജോ പിന്തുടരുന്നത്. ഒരു വര്‍ഷം ചെലവുകളെല്ലാം കഴിഞ്ഞ് 25 ലക്ഷത്തോളം രൂപയാണ് ജോജോയ്ക്ക് സമ്മിശ്ര കൃഷിരീതിയില്‍നിന്ന് ലാഭമായി ലഭിക്കുന്നത്. 

Jojo and his wife Bindhu

തെങ്ങിന്‍ തൈ നടുന്ന രീതി

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് വിത്തുതേങ്ങ ശേഖരിക്കുക. മേയില്‍ ഇവ പാകും. വിത്തുപാകി 90 ദിവസം കൊണ്ടാണ് മുള വരുക. പിറ്റേ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളില്‍ മഴ തുടങ്ങിയതിനുശേഷം ഇവ നടാം. ചുരുക്കത്തില്‍ വിത്തുപാകി ഒരു വര്‍ഷത്തിനുശേഷമാണ് തൈകള്‍ നടാന്‍ പാകമാകുക. കൂടുതലായി കൃഷി ചെയ്യുന്നവര്‍ക്ക് നല്ലത് കുറ്റ്യാടി തെങ്ങിന്‍ തൈയാണെന്ന് നല്ലതെന്ന് ജോജോ പറഞ്ഞു.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് തൈകള്‍ നടുക. നടുമ്പോള്‍ 10 ഗ്രാം ഉലുവയോ 25 ഗ്രാം വേപ്പിന്‍ പിണ്ണാക്കോ കുഴിയില്‍ ഇട്ടതിനുശേഷമാണ് തൈകള്‍ നടുക. തേങ്ങയ്ക്ക് ചിതല്‍ പിടിക്കുമെന്നതിനാല്‍ ജൈവവളങ്ങള്‍ പിന്നീട് ഇട്ടുകൊടുക്കില്ല. നട്ടു കഴിഞ്ഞ് ഒരുമാസം കഴിയുമ്പോള്‍ 50 ഗ്രാം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം (എന്‍.പി.കെ.) വളം നല്‍കും. തുലാം മഴയ്ക്ക് മുമ്പ് ഒരിക്കല്‍കൂടി ഇതേ വളം നല്‍കും. ഇതിനൊപ്പം എല്ലുപൊടി ചേര്‍ന്ന വളങ്ങളും നല്‍കാം. പിന്നെ അടുത്ത മേയ് ആകുമ്പോള്‍ അടുത്ത വളം നല്‍കാം. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം തൈകള്‍ക്ക് തണലൊരുക്കുന്നതാണ്. 

Jojo and his wife Bindhu
ജോജോയും ഭാര്യ ബിന്ദുവും കൃഷിയിടത്തില്‍

പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച ജോജോ പിതാവ് രണ്ടുപ്ലാക്കല്‍ ചാക്കോയില്‍നിന്നു കിട്ടിയ കൃഷി അറിവുകളാണ് ഇന്നും പിന്തുടരുന്നത്. 25 വര്‍ഷം മുമ്പ് പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍നിന്നും ലഭിച്ച പരിശീലനം പിന്നീടുള്ള കൃഷിരീതികള്‍ക്ക് മുതല്‍ക്കൂട്ടായി. കാര്‍ഷികമേഖലയിലെ ജോജോയുടെ വിജയത്തിന് കുടുംബത്തിന്റെ പിന്തുണ വലുതാണ്. അധ്യാപികയായ ഭാര്യ ബിന്ദുവും മക്കളായ ഇഷാനും എമിലിയോയും അടങ്ങുന്നതാണ് ജോജോയുടെ കുടുംബം. 

2009-ല്‍ സമ്മിശ്ര കൃഷിരീതിക്ക് കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം ജോജോ നേടി. 2003-ല്‍ കേരളസര്‍ക്കാരിന്റെ യുവകര്‍ഷകനുള്ള പുരസ്‌കാരവും ജോജോയെ തേടിയെത്തി. 

ജോജോ ജേക്കബ് ഫോൺ നമ്പർ: 9446668879

Content highlights: jojo randuplackal earns 10 lakh frm coconut farming world coconut day