കാസര്‍കോട്: പശുവിന്‍പാലിന് പകരം തേങ്ങാപ്പാല്‍, കൊഴുപ്പിന് പകരം ഇളനീര്‍ക്കാമ്പ്, പഞ്ചസാരയ്ക്ക് പകരം പനഞ്ചക്കര എന്നിവ ചേര്‍ത്തുള്ള ഐസ്‌ക്രീം. സസ്യാഹാരികള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാവുന്ന ഈ ഐസ്‌ക്രീമിന് മിശ്രഭുക്കുകള്‍ക്കിടയിലും പ്രിയമേറുന്നു. പൂര്‍ണമായും സസ്യപദാര്‍ഥങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള ഈ ഐസ്‌ക്രീമുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ കാസര്‍കോട് കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രമാണ് (സി.പി.സി.ആര്‍.ഐ.) വികസിപ്പിച്ചത്.

കേരളത്തിലെ 'ദിനേശും' തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും സ്ഥാപനങ്ങളും സി.പി.സി.ആര്‍.ഐ.യില്‍നിന്ന് ഐസ്‌ക്രീമുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് 60,000 രൂപയ്ക്ക് കൈമാറിയിരുന്ന സാങ്കേതികവിദ്യ ഇപ്പോള്‍ കുടുംബശ്രീ, ചെറുകിട സംരംഭകര്‍, സമീപത്തെ വ്യക്തികള്‍ എന്നിവര്‍ക്ക് 25,000 രൂപയ്ക്ക് നല്‍കും. കോവിഡ് വിപണിയിലുണ്ടാക്കിയ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിച്ചതെന്ന് സി.പി.സി.ആര്‍.ഐ. അധികൃതര്‍ അറിയിച്ചു.

സൗകര്യമുണ്ട്, സംരംഭം തുടങ്ങാം

സി.പി.സി.ആര്‍.ഐ.യുടെ കാസര്‍കോട് ചൗക്കിയിലുള്ള സ്ഥാപനത്തില്‍ ഈ ഐസ്‌ക്രീം നിര്‍മിക്കുന്നതിനുള്ള യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൗകര്യം ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവിടത്തെ ഇന്‍ക്യുബേഷന്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങാം. പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കി അവര്‍ക്ക് വഴികാട്ടിയാവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് 2000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനും മുറിയുടെ വാടകയുമായി മാസംതോറും 2000-5000 വരെ തുക ഈടാക്കും.

ഈ കാലയളവില്‍ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും സഹായം സംരംഭകനുണ്ടാകും. ഒരുവര്‍ഷം കഴിഞ്ഞാല്‍ മാസംതോറും അടയ്ക്കാനുള്ള തുകയില്‍ ചെറിയൊരു വര്‍ധനയുണ്ടാകും. അതിന് മുമ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് നന്നായി ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും വിപണി കണ്ടെത്താനും കഴിഞ്ഞാല്‍ സംരംഭകരുടെ താത്പര്യപ്രകാരം ഇവിടെനിന്ന് പുറത്ത് പോയി സ്വന്തമായി യൂണിറ്റുണ്ടാക്കാം.