കണ്ണൂര്‍: കുട്ടികളിലെ ദന്തരോഗങ്ങള്‍ തടയാന്‍ വെളിച്ചെണ്ണ ഫലപ്രദമെന്ന് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കുട്ടികളുടെ ദന്തരോഗ പ്രതിരോധവിഭാഗം തലവന്‍ ഡോ. സി.പി. ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാസലായനി വായില്‍ കൊള്ളുന്നതാണ് സാധാരണ രീതി. അതേഫലം വെളിച്ചെണ്ണയില്‍നിന്ന് കിട്ടുമെന്നാണ് കണ്ടെത്തല്‍.

image
ഡോ. സി.പി. ഫൈസൽ

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് ഡെന്റിസ്റ്റുകളുടെ സമ്മേളനത്തില്‍ ഡോ. ഫൈസല്‍ ഈ കണ്ടെത്തല്‍ അവതരിപ്പിച്ചിരുന്നു. അടുത്തുതന്നെ അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിക്കും. ഡെന്റല്‍ പി.ജി. വിദ്യാര്‍ഥികളായ ഡോ. സോണി കോട്ടായി, ഡോ. ടി.പി. ചന്ദ്രു, ഡോ. നീതു ദിവാകരന്‍ എന്നിവരുമുള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. വെളിച്ചെണ്ണയുടെ രോഗപ്രതിരോധശേഷിയെക്കുറിച്ച് ഡോ. ഫൈസലിന്റെ എട്ടാമത്തെ പ്രബന്ധമാണിത്.

കണ്ണൂരിലെ ഒരു സ്‌കൂളിലെ 12 മുതല്‍ 14 വരെ വയസ്സുള്ള 80 കുട്ടികളില്‍ നടത്തിയ പഠനത്തില്‍നിന്നാണ് പുതിയ നിഗമനത്തിലെത്തിയത്. ചെറിയതോതില്‍ മോണരോഗങ്ങളുള്ള കുട്ടികളെ നാല് ഗ്രൂപ്പായിതിരിച്ച് രാസലായനി, എള്ളെണ്ണ, വെളിച്ചെണ്ണ, ശുദ്ധജലം എന്നിവ ഓരോ ഗ്രൂപ്പിനും നല്‍കി. അഞ്ചുമുതല്‍ 10 വരെ മില്ലിലിറ്റര്‍ വീതം 30 ദിവസത്തേക്കാണ് നല്‍കിയത്. ദിവസവും അഞ്ചുമിനിറ്റോളം വായില്‍കൊണ്ടശേഷം തുപ്പിക്കളഞ്ഞു. രാസലായനി ഉപയോഗിച്ച കുട്ടികള്‍ക്കും വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്കും ഒരേ നിലവാരത്തിലുള്ള പ്രതിരോധം കിട്ടിയതായി 30-ാം ദിവസത്തെ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ രാവിലെയുള്ള പല്ലുതേപ്പ് നിര്‍ബന്ധമാണെന്നും അതിനുപകരമല്ല, വെളിച്ചെണ്ണയെന്നും ഡോ. ഫൈസല്‍ പറഞ്ഞു.

മുലപ്പാലില്‍ കാണുന്ന ലോറിക് ആസിഡ് വെളിച്ചെണ്ണയില്‍ അന്‍പതുശതമാനത്തോളമുണ്ട്. ഇത് മികച്ച രോഗപ്രതിരോധശേഷി നല്‍കുന്ന ഘടകമാണ്. ലോറിക് ആസിഡും ഉമിനീരിലെ ആല്‍ക്കലിയും ചേരുമ്പോള്‍ പല്ലുകളില്‍ പറ്റിപ്പിടിക്കുന്ന പൂപ്പലുകളും അണുക്കളും മറ്റും നശിക്കുകയാണ്. വെളിച്ചെണ്ണകൂടി ചേര്‍ത്ത രാസലായനികള്‍ ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ട്. അമേരിക്കയില്‍ വെളിച്ചെണ്ണയധിഷ്ഠിത ടൂത്ത് പേസ്റ്റ് വരെ ഇറങ്ങിക്കഴിഞ്ഞു. നാളികേരത്തിന്റെ നാടായ കേരളവും ഈ വഴിക്ക് ചിന്തിക്കണം-അദ്ദേഹം നിര്‍ദേശിക്കുന്നു.

content highlights: world coconut day 2021 studies suggests coconut oil can prevent dental problems in children