ഭ്യമായ ചരിത്രരേഖകള്‍ പ്രകാരം തെങ്ങ് ഒരു അതിപുരാതന കാര്‍ഷികവിളയാണെന്നു പറയാം. ഇന്ത്യയില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നും ലഭിച്ച തെങ്ങിന്റേതെന്നു കരുതുന്ന ഫോസിലുകള്‍ക്ക് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന കാര്യം കാര്‍ഷിക വിള എന്നതിനപ്പുറം ഒരു ആദിമ സസ്യമെന്ന നിലയിലുള്ള തെങ്ങിന്റെ അസ്തിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

തെങ്ങിന്റെ ജന്മദേശത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും പടിഞ്ഞാറ് മലേഷ്യ മുതല്‍ കിഴക്ക് പാപ്പുവാ-ന്യൂഗിനി വരെ നീണ്ടുകിടക്കുന്ന പോളിനേഷ്യന്‍ പ്രദേശമാണെന്നതാണ് ഏറെക്കുറേ സ്ഥിരികരിക്കപ്പെട്ട വാദം. ഇതിനൊരു മുഖ്യകാരണമെന്തെന്നോ? തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങളില്‍ 90% പേരും ഈ പ്രദേശത്തുകാരാണത്രേ.

മെലനേഷ്യക്കാരനായ ഒരു ഞണ്ട്, പേര് തസ്‌ക്കര ഞണ്ട് (Robber crab). ഇവന് തെങ്ങുമായുള്ളത് ജന്മാന്തരബന്ധം. ഈ ഞണ്ടിന്റെ ശരീരത്തിലെ കൊഴുപ്പിന് വെളിച്ചെണ്ണയുടെ അതേ രാസഘടനയാണത്രേ.

പോളിനേഷ്യയാകാം തെങ്ങിന്റെ ജന്മദേശമെന്ന് സൂചിപ്പിച്ചല്ലോ. അവിടെ നിന്നും കടല്‍ സഞ്ചാരത്തിനുള്ള തേങ്ങയുടെ പ്രാവീണ്യത്തിലൂടെയാകാം, തനിക്ക് പ്രിയപ്പെട്ട ഉഷ്ണമേഖലാപ്രദേശങ്ങളിലൊക്കെ തെങ്ങ് എത്തപ്പെട്ടത്. 110 ദിവസം വരെ തന്റെ മുളശേഷി നഷ്ടപ്പെടാതെ കടല്‍വെള്ളത്തിലൂടെ പൊങ്ങിത്തുടിക്കുവാന്‍ തേങ്ങയ്ക്കാകുമത്രെ. ഒഴുക്കുഗതി അനുകൂലമെങ്കില്‍ ഇത്രയും ദിവസങ്ങള്‍ കൊണ്ട് അത് 3000 മൈല്‍ കടല്‍യാത്ര നടത്തിയിരിക്കും. അല്ലെങ്കിലും കടല്‍ത്തീരങ്ങള്‍ തന്നെയാണല്ലോ തെങ്ങിന്ഏറെ പ്രിയം.

നമ്മുടെ നാടന്‍ തെങ്ങായ 'പശ്ചിമതീര നെടിയ ഇനം' (West cost tall)  പോലെ ആഫ്രിയ്ക്കയിലുമുണ്ട് ഒരു 'പശ്ചിമ ആഫ്രിക്കന്‍ നെടിയ തെങ്ങിനം'. പക്ഷെ നമ്മുടെ നാടന്‍ തെങ്ങിനോളം മെച്ചമല്ല ഇത്. നല്ല അകക്കാമ്പുണ്ടെങ്കിലും ഇതിന്റെ തേങ്ങയുടെ മദ്ധ്യഭാഗത്തായി ഒരു വലിയ വെട്ടുള്ളതിനാല്‍ (Groove) പൊതിച്ചെടുക്കുക വലിയ പ്രയാസം.

സീഷെല്‍സിലെ നാടന്‍ തെങ്ങിലെ തേങ്ങയില്‍ നിന്നാണ് ഏറ്റവുമധികം എണ്ണ കിട്ടുന്നത്. ഈ തേങ്ങ നീണ്ട്, വലിപ്പംകുറഞ്ഞതാണ്. തീരെ കനം കുറഞ്ഞ തൊണ്ടാണ് തായ് ലാന്റിലെ നാടന്‍ തേങ്ങയ്ക്ക്. ഇതിന്റെ വെളിച്ചെണ്ണ ഏറെ ഗുണമേന്മയുള്ളതാണ്.

നമ്മുടെ കാപ്പാടന്‍ തെങ്ങ് ഗുണമേന്മയുള്ള കൊപ്രയുടെ കാര്യത്തില്‍ ഏറെ മുമ്പനത്രേ. ഫിലിപ്പിന്‍സിലെ സാന്‍ റാമനാണ് ഏറ്റവും ഉയരമുള്ള തെങ്ങും ഒപ്പം വലിപ്പമുള്ള തേങ്ങ ഉണ്ടാവുന്നതും.

മധ്യഅമേരിക്കയിലെ സാന്‍ബാര്‍സ് എന്ന തെങ്ങിനം ഏറെ പൊക്കക്കാരനെങ്കിലും ഇതിന് കൊടുങ്കാറ്റുകളെപ്പോലും അതിജീവിക്കാനുള്ള കരുത്തുണ്ടത്രേ. കനം തീരെ കുറഞ്ഞ ചിരട്ട,കാമ്പിനെ അപേക്ഷിച്ച് കൂടിയ വെള്ളത്തിന്റെ അളവ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

സ്ത്രീത്വം കൂടിയ തെങ്ങിനമാണ് സ്‌പൈക്കേറ്റ. ആണ്‍പൂക്കളെക്കാള്‍ കൂടുതല്‍ പെണ്‍പൂക്കള്‍ ഉണ്ടാകുന്ന ഈ തെങ്ങിന്, പൂങ്കുലകള്‍ക്ക് ശാഖകളില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

അന്യദേശങ്ങളില്‍ നിന്നും ഇവിടേക്ക് വിത്തുതേങ്ങയോ തെങ്ങിന്‍തൈയോ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണങ്ങളും ഏറെ കടമ്പകളുമുണ്ട്.. എന്തെന്നല്ലേ, ഇപ്പോള്‍ തന്നെ നിരവധിയായ കീട, രോഗങ്ങള്‍ നമ്മുടെ തെങ്ങുകര്‍ഷകരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.

കേരസമൃദ്ധമായ നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തി പയ്യെപ്പയ്യെ ഇവിടെ അധീശത്വമുറപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അനവധി മാരക പ്രഹരശേഷിയുള്ള വൈദേശിക ജനുസ്സുകളുണ്ടത്രെ. ഇലതീനി വണ്ടായ ബ്രോണ്ടിസ്പ,  മാരകമായ 'ചുവപ്പുവലയ രോഗം' ഉണ്ടാക്കുന്ന ചുവപ്പുവലയ നിമാവിര, കാറ്റുവീഴ്ചയേക്കാള്‍  മാരകമായ മഞ്ഞളിപ്പു രോഗം, കഡാംഗ് കഡാംഗ് എന്ന വൈറസ് രോഗം എന്നിവയാണ് ഇവയില്‍ മുഖ്യം. ഇവയില്‍ ബ്രോണ്ടിസ്പ ഇങ്ങ് മാലിദ്വീപ് വരെ എത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നമുക്ക് ഏറെ കരുതല്‍ വേണം..

ഒന്നുകൂടി... നെടിയ ഇനം തെങ്ങുകളില്‍ ഒരു പൂങ്കുലയിലെ ആണ്‍ പെണ്‍ പൂവുകള്‍ ഒരേ സമയം പാകപ്പെടാത്തതിനാല്‍ പര പരാഗണം വഴിയേ കായുത്പാദനം സാധ്യമാവൂ. കാറ്റും ഷഡ്പദങ്ങളുമാണ് മുഖ്യപരാഗണകാരികള്‍. തേനീച്ചകള്‍ ,ചെറുവണ്ടുകള്‍, നമ്മുടെ ഈച്ച ഉള്‍പ്പെടെയുള്ള ഈച്ച വര്‍ഗ്ഗക്കാര്‍, വേട്ടാള വര്‍ഗ്ഗത്തില്‍പ്പെട്ട പ്രാണികള്‍ എന്നിവയാണ് മുഖ്യമായും തെങ്ങില്‍ പരാഗണം സാധ്യമാക്കുന്നത്. അമിതമായ കീടനാശിനിപ്രയോഗം ഈ പരാഗണകാരികളേയും നശിപ്പിക്കുക വഴി തെങ്ങിന്റെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നത് ഒരു പരോക്ഷ സത്യമത്രെ.

content highlights: world coconut day 2021; some interesting facts about coconut