കോഴിക്കോട് ജില്ലയുടെ മലയോരഗ്രാമമായ കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള തേങ്ങയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന തെങ്ങിന്‍തൈകള്‍ ഏറ്റവും നന്നായി ഫലം തരുന്നതും ഏറ്റവും മികച്ച രോഗപ്രതിരോധ ശേഷി ഉള്ളതുമാണ്. അതുകൊണ്ടാണ് കേരളത്തിന്റെ എല്ലാഭാഗത്തും കുറ്റ്യാടി തെങ്ങിന്‍ തൈക്കുള്ള ഡിമാന്റ് എക്കാലവും ഉയര്‍ന്നുനില്‍ക്കുന്നത്. 

മറ്റു തേങ്ങകളെ അപേക്ഷിച്ച് കുറ്റ്യാടി തേങ്ങയുടെ കൊപ്രയില്‍ നിന്ന് 80ശതമാനം വരെ വെളിച്ചെണ്ണ കിട്ടും. ഒരു ക്വിന്റല്‍ തേങ്ങ ഉണക്കിയാല്‍ 16 കിലോ മുതല്‍ 17 കിലോ വരെ തൂക്കമുള്ള ഉണ്ടകൊപ്ര കിട്ടുമെന്നതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ പോലും കുറ്റ്യാടി തേങ്ങക്കാണ് ഡിമാന്റ് കൂടുതല്‍. നീര, വെര്‍ജിന്‍ വെളിച്ചെണ്ണ, നീരയില്‍ നിന്നുള്ള പഞ്ചസാര, ചോക്ലേറ്റ്, ജാം, വിനാഗിരി, ശര്‍ക്കര തുടങ്ങിയവയുടെ ഉത്പാദനത്തിനും കുറ്റ്യാടി തേങ്ങയാണ് അഭികാമ്യം.

kuttiyadi coconut

വിത്തുതേങ്ങാ സംഭരണം കരുതലോടെ

തെങ്ങില്‍ നിന്നും തേങ്ങ വെട്ടിയിടുന്ന പരമ്പരാഗത രീതി തന്നെയാണ് ഉചിതം. 25 വയസ്സിനുമുകളില്‍ പ്രായമുള്ള തെങ്ങില്‍ നിന്നുമാണ് വിത്തുതേങ്ങ എടുക്കുക. പ്രായം കുറഞ്ഞ തെങ്ങില്‍ നിന്നെടുക്കുന്ന വിത്തുതേങ്ങയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തൈ വളര്‍ന്ന് അഞ്ച് വര്‍ഷം കഴിയുമ്പോളേക്കും ഇല ഒടിഞ്ഞ് ശോഷിച്ച് പോകും എന്നതിനാലാണ് പ്രായമുള്ള തെങ്ങില്‍ നിന്നും തേങ്ങ ശേഖരിക്കുന്നത്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് വിത്തുതേങ്ങ ശേഖരിക്കുക. ഏറ്റവും മൂത്ത തേങ്ങയാണ് വിത്തുതേങ്ങക്കായി തിരഞ്ഞെടുക്കുക. 

വിത്തിനായി തിരഞ്ഞെടുത്ത തേങ്ങകള്‍ നാലുമാസത്തോളം പ്രത്യേകം സൂക്ഷിക്കും 25ശതമാനത്തോളം വെള്ളം വറ്റുന്ന തേങ്ങമാത്രമാണ് തൈ ഉത്പാദിപ്പിക്കാന്‍ എടുക്കുക. ഈ തേങ്ങ ഒന്നരമാസത്തോളം കുതിര്‍ത്ത് വെക്കും. പിന്നീട് തേങ്ങ കമിഴ്ത്തി വെക്കും. മുള കരുത്തോടെ നേരെ വരാനാണ് ഇങ്ങനെ ചെയ്യുന്നത് പിന്നീട് ഈ തേങ്ങ വേരിറങ്ങാനായി മലര്‍ത്തിവെക്കും. 

മുളച്ച ഉടന്‍ വെക്കുന്ന തൈ ഏറ്റവും നന്നായി വളരും

തേങ്ങമുളച്ച് ഇലപിരിഞ്ഞ ശേഷം നടുന്നതിനേക്കാള്‍ മുളവരുന്ന ഘട്ടത്തില്‍ തന്നെ നടുന്നതാണ് നല്ലത്. നടുന്ന കുഴിയിലേക്ക് നേരിട്ട് വേരിറങ്ങുന്നതിനാല്‍ ഏറ്റവും കരുത്തോടെ തൈ വളരും.

kuttiyadi coconut

തെങ്ങിനേക്കാള്‍ ഉയരുന്ന മരങ്ങള്‍ ഇടകലര്‍ത്തി നടരുത്

നാടന്‍ ഇനം നെടിയ തെങ്ങാണ് കുറ്റ്യാടി തെങ്ങ്. ഇത് തെങ്ങിനേക്കാള്‍ ഉയരുന്ന മറ്റുമരങ്ങളുടെ കൂടെ ഇടകലര്‍ത്തി നട്ടാല്‍ വീണ്ടും ഉയരും കൂടും. ചെരിഞ്ഞ സ്ഥലമാണെങ്കില്‍ രണ്ടരമീറ്റര്‍ വീതിയിലും  ഒന്നരമീറ്റര്‍ താഴ്ചയിലും കുഴിയെടുക്കാം. എട്ടുമീറ്റര്‍ അകലത്തിലാണ് കുഴി എടുക്കേണ്ടത്. സമതലപ്രദേശമാണെങ്കില്‍ ഒമ്പത് മീറ്ററെങ്കിലും അകലം വേണം. ഒന്നരമീറ്റര്‍ താഴ്ചയിലും രണ്ട് മീറ്റര്‍ വീതിയും മതിയാകും. പിന്നീട് തെങ്ങിന് വളം ചെയ്യാന്‍ ആവശ്യമായ തടം ഇത്തരത്തില്‍ കുഴിഎടുക്കുന്നതില്‍ നിന്ന് കിട്ടും. 

ഏത് മണ്ണിലും നന്നായി കായ്ക്കും

തെങ്ങിന്‍ തൈ നട്ട് രണ്ട് മൂന്ന് വര്‍ഷം നന്നായി പരിപാലിച്ചാല്‍ ഏത് കുന്നിന്‍മുകളിലും നന്നായി കായ്ക്കും എന്നതാണ് അനുഭവം. മറ്റുതെങ്ങുകളെ അപേക്ഷിച്ച് ദീര്‍ഘകാലം വിളവുതരുന്നതിനാല്‍ കായ്ക്കാനും അല്‍പ്പം വൈകും. തൈ വെച്ച് അഞ്ചുവര്‍ഷം കൊണ്ട് പൂങ്കുല വരും. ഏഴുവര്‍ഷം കൊണ്ട് തെങ്ങുനിറയെ തേങ്ങ വിളയും. നല്ലരീതിയില്‍ ജലസേചനവും വളപ്രയോഗവും നടത്തിയാല്‍ ഒരു തെങ്ങില്‍ നിന്ന് ഒരു വര്‍ഷം 150 തേങ്ങവരെ ലഭിക്കും. തെങ്ങില്‍ നിന്ന്  അരമീറ്റര്‍ വിട്ട് വളപ്രയോഗം നടത്തുന്നതാണ് നല്ലത്. വര്‍ഷത്തിലൊരിക്കല്‍ വളപ്രയോഗം നടത്തുന്നതിനേക്കാള്‍ മൂന്നോ നാലോ മാസത്തെ ഇടവേളകളില്‍ വളമിട്ടാല്‍ ഏറ്റവും മികച്ച കായ്ഫലം കിട്ടും. 

(2017-2018 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരകേസരി അവാര്‍ഡും 2019-2020 വര്‍ഷത്തില്‍ കേന്ദ്ര നാളികേരവികസന ബോര്‍ഡിന്റെ രാജ്യത്തെ ഏറ്റവും മികച്ച ചെറുകിട തെങ്ങുകര്‍ഷകനുള്ള അവാര്‍ഡും നേടിയ കേരകര്‍ഷകനാണ് ലേഖകന്‍. കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ക്ക് മാത്രമായി നഴ്‌സറിയും നടത്തുന്നു. ഫോണ്‍: 9947142849)