റോഡരികിലും കൂള്‍ബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീര്‍ക്കുലകള്‍ക്കിടയിലേക്കും ന്യൂജന്‍മാര്‍ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജന്‍ ആക്കി 'റോയല്‍ കരിക്ക്' എന്ന പേരോടുകൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നൂറാംതോട്ടുകാരായ അബ്ദുല്‍ ഷമീറും സുഹൃത്ത് സദക്കത്തുള്ളയും.
ആറുമാസംമുമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിന് ഡോക്ടര്‍ നാടന്‍ ഇളനീര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് പട്ടണത്തില്‍നിന്ന് ഷമീര്‍ ഇളനീര്‍ വാങ്ങി ബന്ധുവിന് നല്‍കിയപ്പോള്‍ വെയില്‍കൊണ്ട് വാടിയ രുചി. പോരാത്തതിന് വെള്ളത്തിന്റെ അളവും കുറവായിരുന്നു.
പരാതിയുമായി വീണ്ടും ആ കടയിലേക്കുപോയ ഷമീറിനോട് 'വെയില്‍കൊണ്ട് വാടാത്ത ഇളനീര്‍ നിങ്ങള്‍ക്ക് എവിടേയും കിട്ടില്ല' എന്നായിരുന്നു കടക്കാരന്റെ മറുപടി. നാട്ടില്‍ സുലഭമായി കിട്ടുന്ന ഇളനീര്‍ എന്തുകൊണ്ട് രുചിയും ഗുണവും നഷ്ടപ്പെടാതെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ലെന്ന ഷമീറിന്റെ ചിന്തയില്‍നിന്നാണ് 'റോയല്‍ കരിക്ക്' ജന്മമെടുക്കുന്നത്. വൈകാതെ ആശയം സുഹൃത്തായ സദക്കത്തുള്ളയുമായി പങ്കുവെച്ചു. സംഗതികൊള്ളാമെന്ന് തോന്നിയപ്പോള്‍, തന്റെ മൊബൈല്‍ ഷോപ്പ് ബിസിനസ് മതിയാക്കി സദക്കത്തുള്ളയും ഷമീറിനൊപ്പംചേര്‍ന്നു.
നാട്ടില്‍ തെങ്ങുകള്‍ ധാരാളം ഉണ്ടെങ്കിലും കടകളില്‍ എത്തുന്നതില്‍ അധികവും തമിഴ്‌നാട്ടില്‍നിന്നുള്ള ഇളനീര്‍ ആയിരുന്നു. കര്‍ഷകരില്‍നിന്ന് നേരിട്ട് വലിയ നാടന്‍ ഇളനീര്‍ ശേഖരിച്ച് കടകളില്‍ എത്തിച്ചായിരുന്നു 'റോയല്‍ കരിക്കി'ന്റെ ആദ്യഘട്ടം കടന്നുപോയത്. പക്ഷേ, തൊണ്ട് കളയാന്‍ കടക്കാര്‍ക്ക് രണ്ടുരൂപ ചെലവുവരുന്നുവെന്ന അഭിപ്രായം വന്നതോടെ ആദ്യഘട്ടം പരാജയം മണത്തു. എങ്കിലും പദ്ധതിയില്‍നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല.

ഗുണമേന്മയുള്ള നാടന്‍ ഇളനീര്‍ ശീതീകരിച്ച് അതില്‍ വിളവെടുപ്പ് തീയതിമുതല്‍ പരമാവധി ഉപയോഗദിവസംവരെ രേഖപ്പെടുത്തിയ ടാഗോടുകൂടി പുറംതൊണ്ട് ചെത്തി (പീലഡ് ഇളനീര്‍) ഇളനീരിനെ വിപണിയില്‍ എത്തിക്കാനായിരുന്നു അടുത്തശ്രമം. എന്നാല്‍, പുറംതൊണ്ട് ചെത്തിമാറ്റിയാലും കരിക്കിന്റെ 20 മുതല്‍ 30 ശതമാനംവരെ മാത്രമേ വലുപ്പം കുറയുമായിരുന്നുള്ളൂ. ഇത് ചില്ലിട്ട ഫ്രീസറില്‍ വെക്കാനും മറ്റും കടക്കാര്‍ക്ക് ബുദ്ധിമുട്ടായി.
അതുകൊണ്ടും ആശയത്തെ കൈവിടാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. അവസാനം കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ ന്യൂജന്‍ ഇളനീരിന് ഇവര്‍ ജന്മംനല്‍കി. വിളവെടുപ്പ് തീയതി, പരമാവധി ഉപയോഗിക്കാന്‍ പറ്റിയ ദിവസം, ഈസി ഓപ്പണിങ്, കൊണ്ടുനടക്കാന്‍ സൗകര്യം, ഒപ്പം കടക്കാര്‍ക്ക് സൂക്ഷിക്കാനും എളുപ്പമായതോടെ റോയല്‍ കരിക്ക് വിപണിയില്‍ ചലനമുണ്ടാക്കി.
കര്‍ഷകരില്‍നിന്ന് നേരിട്ട് അല്പം കാമ്പുള്ളതും കൂടുതല്‍ വെള്ളമുള്ളതുമായ വലിയ നാടന്‍ ഇളനീര്‍ ആണ് ഇവര്‍ ശേഖരിക്കുന്നത്. തെങ്ങില്‍നിന്ന് സൂഷ്മതയോടെ കെട്ടിയിറക്കി വെയിലേല്‍ക്കാതെയാണ് പരിചരണം. പുറംതൊണ്ട് യന്ത്രസഹായത്തോടെ ചെത്തിമാറ്റി സ്ട്രോ ഇട്ട് കുടിക്കാന്‍വേണ്ടി പ്രത്യേകം നിര്‍മിച്ച ചാലില്‍ മരത്തിന്റെ ക്വാര്‍ക്ക് ഇട്ട് അടയ്ക്കുന്നു. മുകളിലത്തെ മരത്തിന്റെ ക്വാര്‍ക്ക് താഴേക്ക് അമര്‍ത്തിയാല്‍ കരിക്ക് കുടിക്കാന്‍ തയ്യാറായി. വെള്ളം കുടിച്ചതിനുശേഷം തൊട്ടുതാഴെയായി ചുറ്റിലും തയ്യാറാക്കിയ ചാലില്‍ ഒന്നുകൂടെ അമര്‍ത്തിയാല്‍ മൃദുവായ ചിരട്ട അടര്‍ന്നുമാറുന്നു. ഇതോടെ ഉള്‍ക്കാമ്പും യഥേഷ്ടം കഴിക്കാനാകും.
നാളീകേര വികസന ബോര്‍ഡുമായി ബന്ധപ്പെട്ടാണ് ഷമീറും സദക്കത്തുള്ളയും 'റോയല്‍ കരിക്കി'ന് രൂപംനല്‍കിയത്. വൈകാതെതന്നെ വിദേശരാജ്യങ്ങളിലേക്ക് റോയല്‍ കരിക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. പിന്തുണയുമായി കോടഞ്ചേരി കൃഷി ഓഫീസുമുണ്ട്.
Content Highlights: Royal Karikku launched tender coconut packed in coconut shell