ഇടവപ്പാതി തുടങ്ങുന്നതോടെ വിത്തുതേങ്ങകള്‍ പാകാം. വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ തറനിരപ്പില്‍ നിന്നുയര്‍ന്ന തവാരണകളുണ്ടാക്കി വിത്തുതേങ്ങകള്‍ പാകുക. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളയിടങ്ങളില്‍ ചാലുകള്‍ കീറി നീര്‍വാര്‍ച്ചയ്ക്ക് സൗകര്യമുണ്ടാക്കണം
മണ്ണിന്റെ പുളിരസം കുറയ്ക്കാന്‍ കുമ്മായം
കേരളത്തിലെ മിക്കവാറും ജില്ലകളിലെ മണ്ണിലും അമ്ലത്വം കൂടുതലായി കാണുന്നുണ്ട്. തെങ്ങുകള്‍ക്ക് കുമ്മായം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു, മൂന്നു കനത്ത മഴ ലഭിച്ചു കഴിഞ്ഞാല്‍ തടം തുറന്ന് ഒരു തെങ്ങിന് 1 കി.ഗ്രാം വീതം കുമ്മായം തടത്തില്‍ വിതറുക. കുമ്മായത്തിന് പകരം ഡോളമൈറ്റായാലും മതി.
തടം തുറന്ന് തെങ്ങുകള്‍ക്ക് വളം ചേര്‍ക്കാം
തെങ്ങിനു ചുറ്റും 2 മീറ്റര്‍ വ്യാസത്തില്‍ തടംതുറന്ന് തടത്തില്‍ വേണം വളം ഇടാന്‍. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞ് ജൈവവളങ്ങളും രാസവളങ്ങളും തെങ്ങിന് ചേര്‍ക്കാന്‍ പറ്റിയ സമയമാണ്. വിവിധതരം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, ചാരം, മീന്‍വളം, ബയോഗ്യാസ് സ്ലറി, മണ്ണിര കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം. കായ്ക്കുന്ന ഒരു തെങ്ങിന് ഒരു വര്‍ഷം 25.50 കി.ഗ്രാം ജൈവവളം ലഭ്യത അനുസരിച്ച് ചേര്‍ത്ത് കൊടുക്കാം. വേണ്ടത്ര ജൈവവളം ചേര്‍ത്തതിനുശേഷം രാസവളം ചേര്‍ക്കുന്നതാണ് നല്ലത്.
തെങ്ങൊന്നിന് 1 കി.ഗ്രാം യൂറിയ, 2 കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കി.ഗ്രാം പൊട്ടാഷ് ഇവയാണ് ഒരു വര്‍ഷം ചേര്‍ത്തുകൊടുക്കേണ്ട രാസവളം. ഇത് രണ്ട് ഗഡുക്കളായി കൊടുക്കുന്നതാണ് നല്ലത്. അതായത് മൊത്തവളത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഈ മഴക്കാലത്തും മൂന്നില്‍ രണ്ടുഭാഗം സെപ്തംബര്‍-ഒക്ടോബര്‍ മാസത്തിലും ചേര്‍ത്ത് കൊടുക്കണം.
കൂടാതെ മഞ്ഞളിപ്പുള്ള തെങ്ങുകള്‍ക്ക് തെങ്ങൊന്നിന് 1/2 കി.ഗ്രാം എന്ന തോതില്‍ മഗ്‌നീഷ്യം സള്‍ഫേറ്റ് എന്ന വളം ചേര്‍ത്തുകൊടുക്കണം. കരപ്രദേശങ്ങളില്‍ നില്‍ക്കുന്ന കായ്ക്കുന്ന തെങ്ങിന് കൂടുതല്‍ വെള്ളയ്ക്ക വീഴാന്‍ മഴക്കാലത്ത് 1 കി.ഗ്രാം എന്ന തോതില്‍ കറിയുപ്പ് ഇട്ടുകൊടുക്കുന്നതും നല്ലതാണ്. മണ്ണില്‍ നല്ല ഈര്‍പ്പമുള്ളപ്പോള്‍ അതായത്, മഴക്കാലത്ത് മാത്രമേ ഉപ്പ് ചേര്‍ക്കാവു.
ചെമ്പന്‍ചെല്ലിയുടെ ഉപദ്രവമുള്ള തെങ്ങുകളില്‍ തടിയില്‍ നിന്നും ചുവന്ന ദ്രാവകം ഒലിയ്ക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേയ്ക്ക് വരുന്നതായും കാണാം. ഏറ്റവും മുകളില്‍ കാണപ്പെടുന്ന സുഷിരമൊഴിതെ മറ്റെല്ലാം കളിമണ്ണോ സിമന്റോ കൊണ്ടടച്ചതിനുശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാര്‍ബാറില്‍ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക. ചെമ്പന്‍ചെല്ലിയെ നിയന്ത്രിക്കുവാന്‍ ഫിറമോണ്‍ കെണികളും ഫലപ്രദമാണ്. പക്ഷേ, ഒരു പ്രദേശത്തെ കര്‍ഷകര്‍ ഒരുമിച്ച് ചേര്‍ന്ന് കെണികള്‍ വയ്ക്കണമെന്നു മാത്രം.
കൂമ്പുചീയല്‍/മണ്ടചീയല്‍ രോഗത്തിനെതിരെ ജാഗ്രത
മഴക്കാലത്ത്, തെങ്ങിനെ ബാധിക്കുന്ന ഒരു മാരകരോഗമാണിത്. ഈ രോഗം ആദ്യം ബാധിക്കുന്നത് കൂമ്പോലയുടെ ഏറ്റവും അടിഭാഗത്താണ്. തുടര്‍ന്ന് കൂമ്പോലകള്‍ ചേരുന്ന മണ്ടയുടെ മുകള്‍ഭാഗത്തുള്ള മാര്‍ദ്ദവമേറിയ ഭാഗങ്ങളും കുമിള്‍ബാധയേറ്റ് അഴുകുന്നു. അതോടെ മണ്ട മറിഞ്ഞും തെങ്ങ് നശിക്കുന്നു.
രോഗം കാണുന്ന ആദ്യഘട്ടത്തില്‍ അഴുകിയ കൂമ്പ് മുറിച്ചുമാറ്റി അഴുകിയ ഭാഗം മുഴുവനും ചെത്തിമാറ്റി കളയണം. അതിനുശേഷം ആ ഭാഗത്ത് ബോര്‍ഡോ കുഴമ്പ് പുരട്ടി ഒരു പോളിത്തീന്‍ ഷീറ്റുകൊണ്ട് പൊതിഞ്ഞു വയ്ക്കുക. കൂടാതെ രോഗം വരാതിരിക്കുവാനായി മഴക്കാല ആരംഭത്തോടെ ഏറ്റവും മുകളിലത്തെ കൂമ്പോലയില്‍ ഇന്‍ഡോഫിന്‍ എം 45 എന്ന കുമിള്‍നാശിനി രണ്ടു ഗ്രാം എടുത്ത് ചെറിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കവറില്‍ നിറച്ച് കെട്ടിയിടുക. മഴ വരുമ്പോള്‍ ഇത് മണ്ടയില്‍ ലയിച്ച് കൂമ്പോലകളുടെ ചുവട്ടില്‍ എത്തുകയും കുമിള്‍ മൂലം അഴുകല്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.
(കടപ്പാട്: ഇന്ത്യന്‍ നാളീകേര ജേണല്‍ )
content highlights: world coconut day 2020