മുളച്ച തേങ്ങയ്ക്കുള്ളില്‍ ഇരിക്കുന്ന വെളുത്ത പഞ്ഞിപ്പന്താണ് പൊങ്ങുകള്‍. പണ്ട് കാലത്ത് സുലഭമായിരുന്ന പല ഭക്ഷ്യ വിഭവങ്ങളും ഇന്ന് അന്യമായതുപോലെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് പൊങ്ങ്. അല്‍പം പഴക്കമുള്ളതും മുളവന്നതുമായ തേങ്ങയില്‍ നിന്നാണ് ഈ പഞ്ഞിക്കേക്ക് നമുക്ക് ലഭിക്കുന്നത്. തേങ്ങ ചീത്തയായി എന്ന് പറഞ്ഞ് പൊങ്ങും തേങ്ങയും കളയുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.
പൊങ്ങിന് കോക്കനട്ട് ആപ്പിള്‍ എന്നും പറയാറുണ്ട്. ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയ വിറ്റാമിനുകളും സെലെനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയര്‍ നമ്മുടെ ശരീരത്തിന് ഗുണകരമാണെന്ന് പറയാറുണ്ട്. എന്നാല്‍ അതിനെക്കാള്‍ ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്.
പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്. ആന്റി ബാക്ടീരിയല്‍ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും.
രാസവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും. പൊങ്ങ് കഴിച്ചാല്‍ ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും പഠനങ്ങള്‍ തളിയിച്ചിട്ടുണ്ട്.
content highlights: World Coconut day 2020: Sprouted coconut health benefits