'കേര'മില്ലാതെ കേരളമില്ല. എന്നാല്‍ വിളവുലഭിക്കാത്ത തെങ്ങിനെ നോക്കി പരിതപിക്കാനാണ് ഇപ്പോള്‍ മലയാളികളുടെ വിധി. പ്രതീക്ഷിക്കുന്നയത്ര നാളികേരം ലഭിക്കാത്തതോടെ തെങ്ങുകൃഷിയില്‍നിന്ന് പിന്‍വലിയുകയാണ് കര്‍ഷകര്‍. ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമമുണ്ടെങ്കിലും വിളവുലഭിക്കുന്നതിലെ ഇടിവാണ് കര്‍ഷകരെ പിന്നോട്ടുവലിക്കുന്നത്. മലപ്പുറം ജില്ലയില്‍ മലയോര, തീരമേഖലയിലാണ് തെങ്ങ് കൂടുതലായി കൃഷിചെയ്യുന്നത്.
എന്തുകൊണ്ട് കുറയുന്നു
കാലാവസ്ഥയിലെ പ്രകടമായ മാറ്റമാണ് തേങ്ങയുണ്ടാകുന്നതിന് തടസ്സമാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നല്ലയിനം തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കാത്തതും കൃഷി മോശമാക്കുന്നു. മുന്‍വര്‍ഷങ്ങളിലെ വരള്‍ച്ചയിലും പിന്നീടുണ്ടായ കനത്തമഴയിലും കാര്യമായ നഷ്ടം സംഭവിച്ചവരാണ് തെങ്ങുകര്‍ഷകരിലേറെയും. വെള്ളം കൂടുതലായി കയറുന്നിടത്ത് തെങ്ങുവെച്ചവര്‍ക്കും പണികിട്ടി. തേങ്ങയ്ക്ക് വിലയില്ലാതായതോടെ പരിചരണം നല്‍കുന്നതിലെ വീഴ്ചയും വിളവ് മോശമാകാന്‍ കാരണമായി.
തേങ്ങയിലെ വൈവിധ്യവും ഉത്പാദനവും
നാളികേരത്തിന്റെ വകഭേദങ്ങളെ കര്‍ഷകര്‍ക്ക് അറിയാമെങ്കിലും പൊതുവെ മലയാളികള്‍ ഇക്കാര്യത്തില്‍ അജ്ഞതയുള്ളവരാണ്. തേങ്ങയിലെ വൈവിധ്യമറിയാനും സര്‍ക്കാര്‍തലത്തില്‍ സംവിധാനമൊരുപാടുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണ്. പരപ്പനങ്ങാടി ചെറമംഗലത്തെ കോക്കനട്ട് നഴ്സറിയില്‍ നാളികേര ഉത്പാദനം ധാരാളമായി നടക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ 62,000 തൈകള്‍ ഉത്പാദിപ്പിച്ചു. വരുംവര്‍ഷത്തില്‍ ഒന്നരലക്ഷം തൈകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഡി ഗുണം ടി, ഡോര്‍ഫ്, വെസ്റ്റ് കോസ്റ്റ് ടോള്‍ (ഡബ്ല്യൂ.സി.ടി.), ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കുള്ളന്‍തെങ്ങ്, കുറ്റ്യാടി തെങ്ങ് എന്നീ അത്യുത്പാദന ശേഷിയുള്ളവയാണ് കോക്കനട്ട് നഴ്സറിയില്‍ ഉത്പാദിപ്പിക്കുന്നത്.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള വടകരയിലെ ഉള്ള്യേരി, തൊട്ടില്‍പ്പാലം എന്നിവിടങ്ങളിലെ വിത്തുതേങ്ങ സംഭരണകേന്ദ്രങ്ങളില്‍നിന്നാണ് തേങ്ങ എത്തിക്കുന്നത്. ചാവക്കാട്ടുനിന്നാണ് ഹൈബ്രീഡ് ഇനം എത്തിക്കുന്നത്. കോക്കനട്ട് കൗണ്‍സില്‍ പദ്ധതിപ്രകാരം കൃഷിഭവനുകള്‍ മുഖേനയാണ് വിതരണം. കൃഷിഭവനുകളിലൂടെ വിതരണംചെയ്യുമ്പോള്‍ അന്‍പതുശതമാനം സബ്സിഡി ലഭിക്കും. ഹൈബ്രീഡിന് 250 രൂപയാണ് വിലയെങ്കിലും സബ്സിഡിയുള്ളതിനാല്‍ 125 രൂപയ്ക്ക് ലഭിക്കും.
വിളവ് ലഭിക്കാന്‍ തെങ്ങിനുവേണം ശ്രദ്ധ
വിളവ് കൂടുതല്‍ ലഭിക്കാന്‍ തെങ്ങിന് ശ്രദ്ധയും കൃത്യമായരീതിയില്‍ ജലസേചനവും വേണം. തെങ്ങുകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ കൃഷിവകുപ്പ് ആവിഷ്‌കരിക്കുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.- എം. അബ്ദുറസാഖ് (സീനിയര്‍ കൃഷി ഓഫീസര്‍, പരപ്പനങ്ങാടി കോക്കനട്ട് നഴ്സറി)
Content Highlights: Climate Change a Mixed Blessing for Coconut Farmers