തെങ്ങിന്‍തോട്ടത്തിലെ മഴവെള്ളം ഒഴുക്കികളയാതെ പിടിച്ചുനിര്‍ത്താം. വെള്ളം യഥേഷ്ടം കിട്ടിയാല്‍ ഉത്പാദനം ഇരട്ടിയാക്കാന്‍ കഴിയും.

തെങ്ങിനുചുറ്റും രണ്ടുമീറ്റര്‍ വീതിയില്‍ തടം തുറന്ന് തെങ്ങിന്‍തടിയിലൂടെ ഒഴുകിവരുന്ന ആയിരക്കണക്കിന് ലിറ്റര്‍ വെള്ളത്തെ തടത്തില്‍ സംരക്ഷിക്കാന്‍ കഴിയും. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ സ്വീകരിച്ചുവന്നിരുന്ന ഒരു രീതിയായിരുന്നു ഇത്.

മറ്റൊരു ശാസ്ത്രീയമാര്‍ഗമാണ് ചകിരി ട്രഞ്ച്. ചകിരിത്തൊണ്ട് മഴവെള്ളത്തെ ആഗിരണം ചെയ്ത് നിര്‍ത്തും. തെങ്ങിന്റെ ചുവട്ടില്‍നിന്ന് മൂന്നുമീറ്റര്‍ അകലത്തില്‍ വരികള്‍ക്കിടയില്‍ ചാലുകീറിയോ  തെങ്ങിന്‍ ചുവട്ടില്‍നിന്ന് രണ്ടുമീറ്റര്‍ അകലത്തില്‍ വട്ടത്തില്‍ ചാലുകളെടുത്തോ ചകിരിട്രഞ്ചുകള്‍ തയ്യാറാക്കാം.

വരികളില്‍ ഒരു മീറ്റര്‍ ആഴം വീതിയിലുള്ള കുഴികളെടുത്ത് ചകിരി മലര്‍ത്തി അടുക്കാം. ഏറ്റവും മുകള്‍ഭാഗത്ത് ഒരു വരി കമിഴ്ത്തി അടുക്കി മണ്ണുനിരത്തി ജലം ആഴ്ന്നിറങ്ങാന്‍ സൗകര്യമുണ്ടാക്കണം. 

വെള്ളമൊഴുക്ക് ഇതുവഴി തിരിച്ചുവിടണം. തെങ്ങിനുചുറ്റും വട്ടത്തില്‍ കുഴികളെടുക്കുമ്പോള്‍ 50 സെ.മീ. ആഴം, വീതി ക്രമത്തില്‍ തയ്യാര്‍ചെയ്ത കുഴികളിലാണ് മുകളില്‍ സൂചിപ്പിച്ചപ്രകാരം ചകിരി അടുക്കേണ്ടത്. 

ഇങ്ങനെ ചകിരി അടുക്കുകവഴി ഏഴ് വര്‍ഷത്തോളം തെങ്ങിന്‍ചുവട്ടില്‍ ഈര്‍പ്പം സംരക്ഷിക്കാന്‍ സാധിക്കും. ഒരു തെങ്ങിന് 25 കി.ഗ്രാം എന്ന തോതില്‍ ചകിരിച്ചോറ് തടത്തില്‍ ഇട്ടുകൊടുക്കുന്നതും ജലസംരക്ഷണത്തിന് സഹായകരമാണ്.