ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വര്‍ഷം തോറും സെപ്റ്റംബര്‍ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.

1999ല്‍ ഒന്നാം നാളികേര ദിനം ആചരിക്കുമ്പോള്‍ ഒരു തേങ്ങയ്ക്ക് 4 രൂപയായിരുന്നത് ഇന്ന് 25 രൂപ ആയിട്ടുണ്ട്. അതായത് ശാസ്ത്രീയമായി തെങ്ങുകൃഷി ചെയ്താല്‍ വളരെ ലാഭം കിട്ടുന്ന ഒരു വിളയായി തെങ്ങ് മാറിയിരിക്കുന്നു. ഈയവസരത്തില്‍ നാളികേരം ആരോഗ്യകരവും സമ്പല്‍ സമൃദ്ധവുമായ ജീവിതത്തിന് എന്ന മുഖ്യ വിഷയം തിരഞ്ഞെടുത്തത് എന്തുകൊണ്ടും അര്‍ഥവത്താണ്.

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന പഴമൊഴി നാളികേരത്തെ സംബന്ധിച്ചിടത്തോളം അര്‍ഥവത്താണ്. 

മൊത്ത കൃഷിഭൂമിയുടെ 41 ശതമാനവും തെങ്ങു കൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഏതാണ്ട് 18 കോടി തെങ്ങുകളില്‍ നിന്നും 743 കോടി നാളികേരം ഉത്പാദിപ്പിക്കുന്നു. ഒരു തെങ്ങില്‍ നിന്ന് ഒരു നാളികേരം കൂടുതലായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ തന്നെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഉത്പാദന ക്ഷമതയില്‍ ഇനിയും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകേണ്ടിയിരിക്കുന്നു.

2017 ലെ 19-ാം നാളികേര ദിനം നല്‍കുന്ന മറ്റൊരു സന്ദേശം' നാളികേരം ആരോഗ്യത്തിന്' എന്നതാണ്. നാളികേരോല്‍പ്പന്നങ്ങളുടെ പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും മനസ്സിലാക്കി ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ഇവയ്ക്ക് ആവശ്യക്കാന്‍ ഏറെയാണ്. അതുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാളികേരത്തിന് ഉയര്‍ന്ന വില ലഭിക്കുന്നു. വെളിച്ചെണ്ണയുടെയും കൊപ്രയുടെയുമൊക്കെ അന്താരാഷ്ട്ര വില നമ്മുടെ ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം വരെ ചരിത്രത്തില്‍ ആദ്യമായി ഉണ്ടായി. അതിനാല്‍ കയറ്റുമതി രംഗത്ത് ഒന്നുമല്ലാതിരുന്ന നാം ഈ രംഗത്ത് 4-ാം സ്ഥാനത്തേക്ക് വരികയുണ്ടായി.

ചുരുക്കിപ്പറഞ്ഞാല്‍ 19-ാം നാളികേര ദിനം ആചരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ രാജ്യത്തെ  നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്താനും കര്‍ഷകര്‍ക്കും രാജ്യത്തിനും മെച്ചപ്പെട്ട വരുമാനം അഥവാ സമ്പത്ത് ലഭിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം.

(കടപ്പാട്: ഇന്ത്യന്‍ നാളികേര ജേണല്‍)