കേരളത്തില്‍ തെങ്ങിന്റെ ഉത്പാദന ക്ഷമത മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവെ കുറവാണ്. തെങ്ങിനെ ബാധിച്ച കാറ്റുവീഴ്ച രോഗം നിലവിലുള്ള തെങ്ങുകളുടെ അശാസ്ത്രീയമായ പരിപാലനം, രോഗം ബാധിച്ചതും ഉത്പാദന ക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ നിലനിറുത്തുന്ന പ്രവണത തുടങ്ങിയവയൊക്കെ ഇതിന്റെ കാരണങ്ങളാണ്.

തെങ്ങിന് ശാസ്ത്രീയമായ വളപ്രയോഗം നല്‍കുക,ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കീടരോഗനിയന്ത്രണമാര്‍ഗങ്ങള്‍ നടപ്പിലാക്കുക,ജലസേചനം ഉറപ്പാക്കുക,രോഗം ബാധിച്ചവയും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ മുറിച്ച് മാറ്റി പകരം രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിന്‍ തെകള്‍ നടുക, ഇടവിളക്കൃഷി നടപ്പിലാക്കുക, നാളികേരത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാവുന്നതും തെങ്ങിന്റെ സമഗ്രസുസ്ഥിര വികസനത്തിലൂടെ നവജീവന്‍ കൈവരിക്കുകയും ചെയ്യാവുന്നതാണ്.

മുകളില്‍ പ്രതിപാദിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ കൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര നാളികേര വര്‍ഷമായ ഈ വര്‍ഷത്തില്‍ പദ്ധതിക്ക് വളരെ പ്രാധാന്യമുണ്ട്. 

പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍

തെങ്ങിന്‍തോട്ടങ്ങളുടെ സമഗ്രമായ പരിപാലനം 250 ഹെക്ടര്‍ കുറയാതെ വിസ്തീര്‍ണമുള്ള ക്ലസ്റ്റര്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്

 •  തെങ്ങിന്റെ തടം തുറക്കല്‍,കളകള്‍ നീക്കം ചെയ്യല്‍,പുതയിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക
 • തെങ്ങിന് ചുറ്റും തൊണ്ട് അടുക്കുന്നത് വഴി മണ്ണിന്റെ ജലാംശം നിലനിറുത്തുക
 • തെങ്ങിന്‍തോട്ടങ്ങളിലെ മണ്ണിന്റെ അമ്ലത്വം പരിഹരിക്കാന്‍ കുമ്മായം,ഡോളമൈറ്റ് തുടങ്ങിയ നല്‍കുക
 • തെങ്ങ്കൃഷിക്ക് ആവശ്യമായ ജൈവവളങ്ങള്‍,രാസവളങ്ങള്‍,മഗ്നീഷ്യം സള്‍ഫേറ്റ് ,ആവശ്യാനുസരണം കീടനാശിനികള്‍ അല്ലെങ്കില്‍ കുമിള്‍നാശിനികള്‍ എന്നിവ ശാസ്ത്രീയാടിസ്ഥാനത്തില്‍ നല്‍കിയാല്‍ ഉത്പാദനം കൂടും
 • ജീവാണുവളങ്ങള്‍ നല്‍കുകയും കീടരോഗങ്ങള്‍ക്കെതിരെ ജൈവിക നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുക
 • രോഗം ബാധിച്ചതും ഉത്പാദനക്ഷമത നല്‍കിയതുമായ തെങ്ങുകള്‍ മുറിച്ച് മാറ്റുകയും പകരം രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കുക
 • ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുക

മുകളില്‍ പ്രതിപാദിച്ച പ്രവര്‍ത്തനങ്ങള്‍ കൂടാതെ ആവശ്യാനുസരണം താഴെ പറയുന്ന ഘടകങ്ങളും പദ്ധതിയിലൂടെ നടപ്പിലാക്കാം. 

 • തെങ്ങിന് ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക
 • തെങ്ങ് കയറ്റ യന്ത്രങ്ങള്‍ വിതരണം ചെയ്യുക
 • ജൈവവള ഉത്പാനനയൂണിറ്റുകള്‍ സ്ഥാപിക്കുക
 • പരിശീലനങ്ങള്‍ നല്‍കുക
 • ഗ്രാമപഞ്ചായത്തുകളില്‍ രൂപീകരിച്ചിട്ടുള്ള കേരസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുക

ഈ പദ്ധതിയിലൂടെ 11000 ഹെക്ടര്‍ തെങ്ങ്കൃഷിക്ക് പ്രയോജനം ലഭിക്കുന്നതാണ്. കേരള സര്‍ക്കാര്‍ 3332.50 ലക്ഷം രൂപ കേരഗ്രാമം പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്.