തേങ്ങയുടെ കാമ്പ് എടുത്തശേഷമുള്ള ചിരട്ട പൊതുവേ ഇന്ധനമായാണല്ലോ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളുണ്ട് ചിരട്ടയ്ക്ക്.മികച്ച വരുമാനം നേടുവാന്‍ കഴിയുന്ന ഒരു മാര്‍ഗംകൂടിയാണ് ചിരട്ടയുടെ സംസ്‌കരണം.

ചിരട്ട സള്‍ഫ്യൂരിക് അമ്‌ളത്തില്‍ ലയിപ്പിച്ച് അച്ചടിമഷി, കീടനാശിനി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. ചിരട്ടത്തൈലം വിവിധ ചര്‍മ്മരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

ചിരട്ട ഉയര്‍ന്ന ഊഷ്മാവില്‍ കരിച്ചെടുത്താല്‍ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ അഥവാ ഉത്തേജിതകരി ലഭിക്കുന്നു. ഒരു ടണ്‍ ചിരട്ടയില്‍ നിന്ന് 300 കി.ഗ്രാം ഉത്തേജിതകരി ലഭിക്കും . ഇതിന് ഉയര്‍ന്ന ശുദ്ധീകരണക്ഷമതയുണ്ട്. പഴച്ചാറുകള്‍, സസ്യ എണ്ണ, ഗ്‌ളിസറിന്‍, ശര്‍ക്കര എന്നിവ ശുദ്ധീകരിക്കാന്‍ ഇതുപയോഗിക്കുന്നു. വെള്ളത്തിലെ മാലിന്യങ്ങളെ അകറ്റി ശുദ്ധീകരിക്കുന്നതിനും ഉത്തമമാണിത്.

കരി, ചിരട്ടപ്പൊടി എന്നിവയുടെ ഉത്പാദനത്തിനും കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിനും ചിരട്ട ഉപയോഗിക്കുന്നു. വളരെയധികം പ്രാധാന്യവും ആവശ്യവുമുള്ള ഒരു വ്യാവസായിക അസംസ്‌കൃത വസ്തുവാണ് ചിരട്ടക്കരി.

ലോഹങ്ങള്‍ വേര്‍തിരിക്കുന്നതിനും സുരക്ഷയ്ക്കുള്ള ആയുധങ്ങളുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കപ്പെടുന്നു.ചിരട്ടക്കരിയുടെ മൂല്യവര്‍ദ്ധിതരൂപമാണ്‌ ഉത്തേജിതകരി. ഇതിന് ഏറെ കയറ്റുമതി സാദ്ധ്യതയുമുണ്ട്.

സധാരണ കരിയേക്കാള്‍ വളരെയധികം സൂക്ഷ്മസുഷിരങ്ങളുടെ സാന്നിദ്ധ്യമുള്ള ഉത്തേജിതകരിക്ക് പ്രതലവിസ്തീര്‍ണ്ണം വളരെ കൂടുതലായതിനാല്‍ ദ്രാവകരൂപത്തിലും വാതകരൂപത്തിലുമുള്ള മാലിന്യങ്ങളെ സൂക്ഷ്മസുഷിരങ്ങളിലേക്ക് വലിച്ചെടുക്കാനാവും.

കുടിവെള്ളം, മലിനജലം, സ്വര്‍ണ്ണം തുടങ്ങിയവയുടെ ശുദ്ധീകരണത്തിലും വിഷഘടകങ്ങള്‍, അനാവശ്യമായ നിറം, ഗന്ധം തുടങ്ങിയവയുടെ നിര്‍മ്മാര്‍ജ്ജനത്തിലും വ്യാവവസായികലോകത്തില്‍ ചിരട്ടക്കരിക്ക് സുപ്രധാനസ്ഥാനമുണ്ട്.