തെങ്ങ് കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ചില പൊടിക്കൈകള്‍ പറഞ്ഞുതരാന്‍ ഇതാ ഒരു കര്‍ഷകന്‍. വെറും കര്‍ഷകനല്ല. തിരുവമ്പാടിയിലെ ആനക്കാംപൊയില്‍ സ്വദേശിയായ വ്യത്യസ്തനായ കേര കര്‍ഷകന്‍. എല്ലാവരും മൂന്ന് അടി നീളത്തിലും മൂന്ന് അടി വീതിയിലുമുള്ള സമചതുരാകൃതിയിലുള്ള കുഴിയെടുത്ത് തെങ്ങിന്‍തൈകള്‍ നടുമ്പോള്‍ ഡൊമിനിക് ഒരു മീറ്റര്‍ ആഴവും മൂന്ന് മീറ്റര്‍ വീതിയുമുള്ള കുഴിയില്‍ തൈകള്‍ നട്ട് പുതിയൊരു രീതി കര്‍ഷകര്‍ക്ക് കാണിച്ചു കൊടുത്തു. 

എല്ലാ തെങ്ങിന്റെയും തേങ്ങ വിത്തുതേങ്ങയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് എത്ര പേര്‍ക്കറിയാം? അതിനൊക്കെ ചില രീതികളുണ്ട്. അതാണ് ഡൊമിനിക് പറയുന്നത്. 

agriculture

തെങ്ങിനെ അറിയാം

  • ഏതുമാസത്തില്‍ പറിച്ചെടുത്ത തേങ്ങയാണെന്നത് ഏറ്റവും പ്രധാനമാണ്. മേടമാസത്തില്‍ വിളവെടുത്ത തേങ്ങയാണ് വിത്ത് തേങ്ങയാക്കാന്‍ ഏറ്റവും ഉത്തമം. 
  • തൊടിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന, എല്ലാ വര്‍ഷവും കായ്ക്കുന്ന തെങ്ങില്‍ നിന്നുള്ള തേങ്ങയാണ് വിത്തുതേങ്ങയാക്കാന്‍ അനുയോജ്യം.
  • കായ്ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമെങ്കിലും ആയ തെങ്ങ് തിരഞ്ഞെടുക്കണം
  • നല്ല കര്‍ഷകരുടെ കൈയില്‍ നിന്ന് വിത്തുതേങ്ങ ശേഖരിക്കുക

കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാനായി ഡൊമിനിക് പറയുന്ന ചില കാര്യങ്ങള്‍ ഇതാ

  • തെങ്ങിന്റെ ചുവട് തുറന്നിടരുത്. എന്തെങ്കിലും ചപ്പുചവറുകള്‍ പുതയിട്ടു കൊടുക്കണം. അങ്ങനെ ചെയ്യുമ്പോള്‍ എത്ര മഴവെള്ളം വീണാലും മണ്ണിന്റെ അടിയിലേക്ക് താഴ്ന്നുപോകും
  • സൂര്യപ്രകാശം കിട്ടുന്ന തുറന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍
  • തെങ്ങിന്‍തൈകള്‍ നട്ടതിനു ശേഷം അഞ്ചു വര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ഇടവിള കൃഷി ചെയ്യാന്‍ പാടുള്ളു
  • dominic

വളപ്രയോഗത്തിലും ഇത്തിരി ശ്രദ്ധിക്കാമല്ലോ

ജൈവ കൃഷിയാണെന്നും പറഞ്ഞ് എല്ലാ വര്‍ഷവും ചാണകം വളമായി നല്‍കരുതെന്ന് ഡൊമിനിക് പറയുന്നു. ജീവാമൃതം നല്‍കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി ഒരു കിലോ കടലപ്പിണ്ണാക്കില്‍ മൂന്ന്‌ കിലോ പച്ചച്ചാണകം ചേര്‍ക്കുക. പശുവിന്റെ മൂത്രമാണ് ഏറ്റവും നല്ലത്. ആദ്യം കടലപ്പിണ്ണാക്ക് വെള്ളത്തിലിടുക. നന്നായി അഴുകുമ്പോള്‍ മൂന്ന് കിലോ പച്ചച്ചാണകം ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം അല്ലെങ്കില്‍ പശുവിന്റെ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് വന്‍പയര്‍ അല്ലെങ്കില്‍ ചക്കക്കുരു പൊടിച്ചത് ചേര്‍ക്കുക. 300 ഗ്രാം ശര്‍ക്കര ചേര്‍ക്കണം.  ഇത് ഒരു പിടി മണ്ണും ചേര്‍ത്ത് 7 ദിവസം വെക്കണം. ഇളക്കുമ്പോള്‍ ഒരു വശത്തേക്ക് മാത്രം ഇളക്കിക്കൊടുക്കണം. 

തേങ്ങ ചെരിച്ച് നടാം

തെങ്ങിന്‍തൈകള്‍ക്ക് കരുത്തുണ്ടാകാന്‍ തേങ്ങ ചെരിച്ച് നടുന്നതാണ് നല്ലതെന്ന് ഡൊമിനിക് പറയുന്നു. അങ്ങനെ ചെയ്യുമ്പോള്‍ വേര് വന്നതിന് ശേഷമേ മുള പൊന്തുകയുള്ളു. 

2014 ലെ കേരകേസരി അവാര്‍ഡ്, 2015 ലെ കര്‍ഷകോത്തമ അവാര്‍ഡ്‌, 2016 ല്‍ നാളികേര വികസന ബോര്‍ഡിന്റെ മികച്ച കേര കര്‍ഷകനുള്ള ദേശീയ അവാര്‍ഡ് എന്നിവ നേടിയ ഡൊമിനികിന്റെ പാഠങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.