തൃശൂര്‍: തെങ്ങിന്റെ ജനിതകരഹസ്യം കണ്ടുപിടിക്കാന്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെ ചാവക്കാടന്‍ പച്ചക്കുള്ളന്‍ തെങ്ങിന് വീണ്ടും പെരുമ. കേരളത്തിന്റെ തനതായ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങുകളാണ് ചാവക്കാട് കുള്ളന്‍ തെങ്ങുകള്‍.

ഇവ പ്രധാനമായും പച്ചയും മഞ്ഞയും നിറത്തിലാണ്. ഇതില് പച്ചനിറത്തിലുള്ളതിലാണ് കാസര്‌കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെയും ന്യൂഡല്ഹി ദേശീയ തോട്ടവിള ജനിതക സാങ്കേതികവിദ്യാ ഗവേഷണകേന്ദ്രത്തിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തില് പരീക്ഷണം നടത്തിയത്.

തൃശ്ശൂരിലെ ചാവക്കാട്ടാണ് ഇത്തരം തെങ്ങുകള്‍ കൂടുതലുള്ളത്. അതിനാലാണ് ഇവയ്ക്ക് 'ചാവക്കാട് കുള്ളന്' എന്ന പേര് ലഭിച്ചത്. പൊക്കം കുറഞ്ഞ ഇവയ്ക്ക് ആയുസ്സ് 40-45 വര്‍ഷമാണ്.

നെടിയന് ഇനത്തിലുള്ളവയ്ക്ക് 25 മുതല് 40 വരെ ഓലയുള്ളപ്പോള്‍ ഇവയ്ക്ക് 20-26 ഓലകളേ ഉണ്ടാകാറുള്ളൂ. നാളികേര ഉത്പാദനത്തേക്കാള്‍ സങ്കരയിനങ്ങളായ ഡിxടി, ടിxഡി എന്നിവയുടെ ഉത്പാദനത്തിനുവേണ്ടിയാണ് ചാവക്കാടന്‍ കുള്ളന്‍ കൃഷി ചെയ്യുന്നത്. ഇവയുടെ തേങ്ങയ്ക്ക് വലുപ്പം കുറവായിരിക്കും. കൊപ്രയുടെ തൂക്കവും എണ്ണയുടെ അംശവും കുറവാണ്. എന്നാല്, സങ്കരയിനം തെങ്ങിനങ്ങള് ഉണ്ടാക്കുന്നതില് ഈ കുള്ളന് തെങ്ങുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

സംസ്ഥാന കൃഷിവകുപ്പ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഡിxടി ഇനം സങ്കരയിനം തെങ്ങുകളാണ്.