വാഴ കുലയ്ക്കുന്നത് മുതല്‍ കുല പാകമായി വെട്ടുന്നതു വരെ പരിചരണം നല്കാനുള്ള നൂതന ഉപകരണം വൈഗ മേളയില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ പുറത്തിറക്കി. കുല പരിചരണം അതിന്റെ ഗുണമേന്മയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. കീടങ്ങളുടെയും, എലി, വവ്വാല്‍, വിവിധ പക്ഷികള്‍, തുടങ്ങിയവയുടെ ആക്രമണത്തില്‍ നിന്ന് വാഴക്കുലയെ പരിരക്ഷിക്കാനും , സൂര്യതാപവും, അതിവൃഷ്ടിയും പോലെയുള്ള കാലാവസ്ഥാ പ്രശ്നങ്ങളെ അതിജീവിക്കാനുമായി കുല പൊതിഞ്ഞു കെട്ടി സൂക്ഷിക്കുക കര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലുള്ള മാര്‍ഗമാണ്.

മാനുഷിക പ്രയത്നം കൊണ്ട് ഒരു മണിക്കൂറില്‍ പരമാവധി 10 കുലകള്‍ പൊതിഞ്ഞു കെട്ടാനെ കഴിയു. വലിയ തോട്ടങ്ങളില്‍ എല്ലാ കുലകളും പൊതിഞ്ഞു കെട്ടുന്നത് ദുഷ്‌കരമാണ്. ഇതിനൊരു പരിഹാരമായാണ് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച് വൈഗയില്‍ പുറത്തിറക്കിയ ഉപകരണം.

കേളപ്പജി കോളേജിലെ കാര്‍ഷിക യന്ത്രോപകരണ ഗവേഷണ പദ്ധതിയിലെ ഡോ ഷാജി ജെയിംസ്, ശിവജി, യൂനുസ് എ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച തോട്ടി പോലെയുള്ള ഈ ഉപകരണം ഉപയോഗിച്ചു ഏണിയുടെയും മറ്റും സഹായമില്ലാതെ മണിക്കൂറില്‍ 20 മുതല്‍ 30 വരെ കുലകള്‍ പൊതിഞ്ഞു കെട്ടാന്‍ കഴിയും.

ആര്‍ക്കും കൈ കൊണ്ട് ഉപയോഗിക്കാവുന്ന ഈ ഉപകരണം വാഴയുടെ ഉയരമനുസരിച്ച് ക്രമീകരിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ 1000 രൂപയ്ക്കു ഇത് തയ്യാറാക്കാം. ഇതിന്റെ സാങ്കേതിക വിദ്യ സര്‍വകലാശാല വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന് കൈമാറി. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ആര്‍ ചന്ദ്രബാബു, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ പി ജയശ്രീ ഐ എ എസ് തുടങ്ങിയവര്‍ സന്നിഹിതരായി.

 

 

Content highlights: Agriculture, Organic farming, Vaiga 2018