എഴുപത്തഞ്ച് സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ശരാശരി നീളം. ഒരു പയറില്‍ 21 ഓളം വിത്തുകള്‍. ഇതാണ് വയനാട്ടിലെ കേളു പയര്‍.

kelu yardlong beanവയനാട്ടിലെ നീര്‍വാരത്തിനടുത്ത്  കൂടല്‍ കൊല്ലി കേളുവാണ് എട്ടു വര്‍ഷത്തെ നിരന്തര ശ്രമത്തിന്റെ ഭാഗമായി ഈ പയര്‍ വികസിപ്പിച്ചത്. കേളു പയറായി അറിയപ്പെട്ട കാര്‍കൂന്തലിനോളം വലിപ്പമുള്ള ഈ പയറിനെ കര്‍ഷകര്‍ കാര്‍ കൂന്തല്‍ പയര്‍ എന്ന് പേരിട്ടു. ഓരോ ജില്ലയിലും പ്രത്യേകമായുള്ള നാടന്‍ പച്ചക്കറിയിനങ്ങള്‍ പ്രോത്സാഹിപ്പിപ്പിക്കണമെന്ന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്  പ്രമോഷന്‍ കൗണ്‍സില്‍ കാര്‍കൂന്തല്‍ പയറും വയനാട്ടിലെ തന്നെ മറ്റൊരു നാടന്‍ പയറിനമായ കുളനാടന്‍ പയറും കര്‍ഷകരിലെത്തിക്കാന്‍ ശ്രമം തുടങ്ങി.

പലതരം പയറിനങ്ങള്‍ ഒരുമിച്ച് കൃഷിയിറക്കി പരാഗണത്തിലൂടെ ലഭിച്ച വൈവിധ്യവും ഗുണവുമാര്‍ന്ന പയറിനങ്ങള്‍ തിരഞ്ഞെടുത്ത്, ഇതില്‍ നിന്നും ഏറ്റവും മുന്തിയ പയറിനം മാത്രമെടുത്ത് കൃഷി ചെയ്ത് വികസിപ്പിച്ചതാണ് ഇപ്പോള്‍ കാര്‍കൂന്തല്‍ പയറായി അറിയപ്പെടുന്ന കേളു പയര്‍.

ഏത് കാലാവസ്ഥയിലും  വളരുന്ന ഒരു ചെടിയാണ് വന്‍പയര്‍(Cowpea). മാമ്പയര്‍, അച്ചിങ്ങപ്പയര്‍, വള്ളിപ്പയര്‍, പച്ചക്കറിപയര്‍ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്രനാമം : Vigna unguiculata. പ്രോട്ടീനില്‍ നിന്ന് ലഭ്യമാകുന്ന കലോറികളുടെ  കലവറയുള്ള  സസ്യാഹാരമാണ് വന്‍പയര്‍.. വൈവിധ്യമാര്‍ന്ന നാടന്‍ പയറിനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അംഗീകരിക്കുന്നത് കര്‍ഷകശാസ്ത്രജ്ഞനായ കേളുവിനെപ്പോലുള്ളവരെയാണ്. 

കാര്‍കൂന്തല്‍ പയര്‍ വിത്തുകള്‍ ഇപ്പോള്‍ വയനാട്ടിലെ വി.എഫ്.സി.കെ. നീര്‍വാരം വിപണിയിലും കുളനാടന്‍ പയര്‍ തവിഞ്ഞാല്‍ വിപണിയിലും ലഭ്യമാകുമെന്ന് വി.എഫ്.പി.സി.കെ. ജില്ലാ മാനേജര്‍ എ.വിശ്വനാഥന്‍ പറഞ്ഞു. വൈകാതെ ഈ വിത്തുകള്‍ വി.എഫ്.പി.സി.കെ.യുടെ മറ്റ് വിപണികളിലും ലഭ്യമാകും.
ഫോണ്‍: 9447988655

തയ്യാറാക്കിയത്: സി.ഡി സുനീഷ്‌

Content highlights: Vaiga 2018, Agriculture, Organic farming , VFPCK